Sorry, you need to enable JavaScript to visit this website.

വിമതന്മാരുടെ പോക്കുവരവുകൾ 

വിമത ശല്യത്തിന് കേരള രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പ് ചരിത്രത്തോളം പഴക്കമുണ്ട്. ലോക്‌സഭ മുതൽ പഞ്ചായത്ത് വരെയുള്ള തെരഞ്ഞെടുപ്പുകളിൽ എല്ലാ കാലത്തും വിമതൻമാരുണ്ടായിട്ടുണ്ട്. പാർട്ടികളിൽ സ്ഥാനാർഥി നിർണയം പുരോഗമിക്കുമ്പോൾ തഴയപ്പെടുന്നവരാണ് വിമതശല്യം ഉയർത്തുന്നത്. മുമ്പൊക്കെ അവരുടെ ശബ്ദങ്ങൾ ആരും കേൾക്കാതെ പോകുകയാണ് പതിവ്. സ്വന്തം പാർട്ടി ഗൗനിക്കില്ല. വാശി കയറി വിമതനായി മൽസരിച്ചാലോ വോട്ടർമാരും ഗൗനിക്കില്ല. 


എന്നാൽ പുതിയ കാലത്ത് കാര്യങ്ങൾ മാറിയിരിക്കുന്നു. ജനസ്വാധീനമുള്ള നേതാക്കൾക്ക് വിമതരാകുന്നതാണ് കൂടുതൽ രാഷ്ട്രീയ ലാഭം. സ്വന്തം പാർട്ടി തഴയുന്നതോടെ എതിർപാർട്ടിക്കാർ സീറ്റ് നൽകാൻ കാത്തിരിക്കുന്നതാണ് സ്ഥിതി. വിമതരെ ഉപയോഗിച്ച് സീറ്റ് പിടിക്കാമെന്നത് മാത്രമല്ല, പാർട്ടികളുടെ ലക്ഷ്യം. വിമതൻ പ്രവർത്തിച്ചിരുന്ന പാർട്ടിയെ പ്രാദേശികമായെങ്കിലും ദുർബലപ്പെടുത്താനുമാകും.
മലബാർ രാഷ്ട്രീയം വിമത ശബ്ദങ്ങൾക്ക് ഗൗരവത്തോടെ ചെവി കൊടുക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇടതുപക്ഷമാണ് ഇത്തരമൊരു ട്രെൻഡിന് തുടക്കം കുറിച്ചത്. യു.ഡി.എഫിന് ശക്തിയുള്ള മേഖലകളിൽ അവരിൽ നിന്നു തന്നെ വിമതരെ കണ്ടെത്തി മൽസരിപ്പിക്കുകയെന്നതാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രം. ഇന്ന് ഇടതുപക്ഷ സ്വതന്ത്രരായി നിയമസഭയിലെത്തി മന്ത്രിമാർ വരെയായ ചിലരെങ്കിലും വിമതരായി ഇടതുമുന്നണിക്കൊപ്പം വന്നവരാണ്.


നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂട് പരക്കുമ്പോൾ യു.ഡി.എഫിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നതിനും പ്രധാന കാരണം വിമത ഭീഷണിയാണ്. ഓരോ തെരഞ്ഞെടുപ്പുകളിലും സ്ഥാനാർഥി നിർണയത്തിന്റെ മാനദണ്ഡങ്ങൾ വ്യത്യസ്തമായി വരികയാണ്. പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ഉറച്ച പാർട്ടി പ്രവർത്തകർക്ക് സീറ്റ് ലഭിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പെത്തുമ്പോൾ പാർട്ടി പാരമ്പര്യമോ പ്രവർത്തന മികവോ പ്രധാന മാനദണ്ഡമാകുന്നില്ല. കൂടുതൽ വോട്ടു നേടുന്നതിനുള്ള സ്വാധീനമാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം. പാർട്ടികൾക്ക് രാഷ്ട്രീയ അടിത്തറയില്ലാത്ത മണ്ഡലങ്ങളിൽ ഈ സ്വാധീനത്തിന്റെ അർഥം കേവലം രാഷ്ട്രീയത്തിൽ ഒതുങ്ങണണെന്നില്ല. അത് സാമ്പത്തികമാകാം, മറ്റു ഘടകങ്ങളാകാം.
മലപ്പുറം ജില്ലയിൽ ഒന്നര പതിറ്റാണ്ട് മുമ്പ് മുസ്‌ലിം ലീഗിൽ നിന്ന് പുറത്തുവന്ന കെ.ടി.ജലീലിനെ ഇടതു സ്ഥാനാർഥിയാക്കി മൽസരിപ്പിച്ച ഇടതു തന്ത്രം ഇപ്പോഴും തുടരുകയാണ്. ഏറ്റവുമൊടുവിൽ അത് പെരിന്തൽമണ്ണയിൽ എത്തി നിൽക്കുന്നു. തിരൂരങ്ങാടിയിൽ അത്തരമൊരു നീക്കത്തിന് ശ്രമം നടക്കുന്നു. വർഷങ്ങളോളം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പാർട്ടിക്ക് അടിത്തറയുണ്ടാക്കി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനേക്കാൾ ഏളുപ്പം ഇത്തരത്തിലുള്ള രാഷ്ട്രീയ തന്ത്രങ്ങളാണെന്ന് വിജയരാഘവ കാലത്തെ ഇടതുമുന്നണി രാഷ്ട്രീയം നിരീക്ഷിച്ചാൽ മനസ്സിലാകും.


മലബാറിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പു കാലത്ത് മുസ്‌ലിം ലീഗ് നേരിട്ട വിമത ശല്യത്തിന്റെ പരിക്കുകൾ ഇപ്പോഴും മാറിയിട്ടില്ല. നഗരസഭകൾ ഉൾെപ്പടെയുള്ള പല പ്രധാന തദ്ദേശ സ്ഥാപനങ്ങളിലും പാർട്ടി സീറ്റ് നിഷേധിച്ചവർ ഇടതു പിന്തുണയോടെ മൽസരിക്കുകയും വിജയിക്കുകയും ചെയ്തു. സംഘടനാ അച്ചടക്കത്തിന്റെ മൂർച്ച കുറഞ്ഞുവരുന്ന യു.ഡി.എഫിൽ അതെല്ലാം സംഭവിക്കുമ്പോൾ ഇടതുപക്ഷം വിമത ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്നത് അച്ചടക്കത്തിന്റെ വാൾതല വീശിയാണ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊന്നാനിയിലും കുറ്റിയാടിയിലും കണ്ട വിമത ശബ്ദങ്ങളെ വളരാൻ അനുവദിച്ചില്ല. പൊന്നാനിയിൽ സി.പി.എം തീരുമാനത്തിൽ ഉറച്ചു നിന്നപ്പോൾ കുറ്റിയാടിയിൽ പരാതികളെ ദുർബലപ്പെടുത്തുന്ന വിധത്തിൽ സ്ഥാനാർഥി നിർണയം നടത്തി പ്രശ്‌നങ്ങളെ അതിജീവിച്ചു.


മലപ്പുറം ജില്ലയിൽ ഇത്തവണത്തെ ഇടതുമുന്നണിയുടെ സ്ഥാനാർഥി പട്ടിക പരിശോധിച്ചാൽ പുതിയ കാലത്ത് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം എത്രമേൽ പ്രധാനമല്ലെന്ന് മനസ്സിലാകും. മൽസരിക്കുന്നവരിൽ ഏറെ പേരും മുൻകാലങ്ങളിൽ യു.ഡി.എഫുമായി ബന്ധപ്പെട്ടവരാണ്. തവനൂരിൽ മൽസരിക്കുന്ന കെ.ടി.ജലീൽ മുസ്‌ലിം ലീഗിന്റെ പഴയ നേതാവാണ്. താനൂരിലെ വി. അബ്ദുറഹ്മാനും നിലമ്പൂരിലെ പി.വി. അൻവറും കോൺഗ്രസ് പശ്ചാത്തലമുള്ളവർ. പെരിന്തൽമണ്ണയിൽ കെ.പി. മുഹമ്മദ് മുസ്തഫ മുസ്‌ലിം ലീഗിൽ നിന്ന് രാജിവെച്ചത് അടുത്ത നാളുകളിലാണ്. 
സി.പി.എമ്മിന്റെ പാത പിന്തുണടർന്ന് ബി.ജെ.പിയും ലീഗ് നേതാക്കളെ റാഞ്ചി സ്വന്തം സ്ഥാനാർഥികളാക്കുന്ന ശൈലി തുടങ്ങിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ സ്ഥാനാർഥി ഡോ.അബ്ദുൾ സലാം കാലിക്കറ്റ് വാഴ്‌സിറ്റി വൈസ് ചാൻസലറായിരുന്നത് മുസ്‌ലിം ലീഗിന്റെ പിന്തുണയോടെയാണ്. തിരൂരങ്ങാടിയിൽ മൽസരിക്കുന്ന കള്ളിയത്ത് സത്താർ ഹാജി നേരത്തെ പ്രവാസി ലീഗിന്റെ നേതാവായിരുന്നു.

 

യു.ഡി.എഫിൽ നിന്ന് ഒട്ടേറെ നേതാക്കളെ ഇടതുമുന്നണി വളച്ചെടുത്തപ്പോൾ യു.ഡി.എഫിന് റാഞ്ചിയെടുക്കാനായത് ഒരാളെ മാത്രമാണ്. മഞ്ഞളാംകുഴി അലിയെ. 2001 ലും 2006 ലും മങ്കടയിൽ ഇടത് എം.എൽ.എ ആയിരുന്ന അലിയെ പിന്നീട് 2011 ൽ പെരിന്തൽമണ്ണയിൽ കണ്ടത് യു.ഡി.എഫ് എം.എൽ.എ ആയാണ്. ഇരുപത് വർഷം മുമ്പ് മങ്കടയിൽ ഇടതു സ്ഥാനാർഥിയായി വന്ന അലി ഇപ്പോൾ മങ്കടയിൽ വീണ്ടുമെത്തുന്നത് യു.ഡി.എഫ് സ്ഥാനാർഥിയായാണ്. ഒരു കാലത്തെ വിമതൻന്മാരും ഇത്തരത്തിൽ രാഷ്ട്രീയ പാളയങ്ങൾ മാറിയെന്നു വരാം. തെരഞ്ഞെടുപ്പിൽ നേതാക്കൾക്ക് പ്രധാനം സീറ്റ് ഉറപ്പിക്കലും വിജയിക്കലുമാണ്. പാർട്ടികളും മുന്നണികളും അവിടെ അപ്രസക്തമാണ്.
 

Latest News