തിരുവനന്തപുരം- അടിസ്ഥാന സൗകര്യ വികസനത്തിലടക്കം കേരളം ത്രിപുരക്ക് പിന്നിലാണെന്ന ആരോപണവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍. ത്രിപുരയിലെ ജനങ്ങള്‍ കിട്ടിയ അവസരത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികള്‍ ഗള്‍ഫില്‍ ജോലി തേടി പോകാന്‍ കാരണക്കാരായത് കാലങ്ങളായി ഇവിടം ഭരിച്ച എല്‍.ഡി.എഫും യു.ഡി.എഫുമാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയില്‍ താന്‍ വന്നപ്പോള്‍ മണിക് സര്‍ക്കാരിനെതിരെ ഈ ചെറിയ പയ്യന്‍ എന്തു ചെയ്യുമെന്ന് ചോദിച്ചവരുണ്ട്. ഒരു കൗണ്‍സിലര്‍ പോലും ഇല്ലാത്ത ത്രിപുരയിലാണ് ബി.ജെ.പി ഭരണം പിടിച്ചത്. അതുപോലെ കേരളത്തിലും ഭരണം പിടിക്കും. ഇടതുവിരുദ്ധ വികാരം കേരളത്തില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഉണ്ടെന്നും ബിപ്ലവ് കുമാര്‍ പറഞ്ഞു.
ബി.ജെ.പി വന്നാല്‍ മുസ്്‌ലിംകളെ ബംഗ്ലദേശിലേക്ക് നാടുകടത്തുമെന്ന് പലരും പറഞ്ഞു. ത്രിപുരയില്‍ ഒരു മുസ്്‌ലിം സഹോദരന് എതിരെ പോലും പ്രശ്നമുണ്ടായില്ല. ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധരാണെന്നത് കമ്മ്യൂണിസ്റ്റുകളുടെ പ്രചാരണമാണ്. ജാതി മത സമവാക്യത്തിലുളള രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. വികസന രാഷ്ട്രീയത്തിന്റെ കാലമാണിതെന്നും ബിപ്ലവ് കുമാര്‍ ചൂണ്ടിക്കാട്ടി.