Sorry, you need to enable JavaScript to visit this website.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ.സി വേണുഗോപാലിനെ കുറ്റപ്പെടുത്തി സുധാകരന്‍

കണ്ണൂര്‍- എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍. കണ്ണൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് സുധാകരനെ ചൊടിപ്പിച്ചത്.
വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി ലിസ്റ്റില്‍ വേണുഗോപാലിന്റെ നിക്ഷിപ്ത താല്‍പര്യം കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ കാര്യങ്ങളില്‍പോലും തന്നോട് ആലോചിക്കുന്നില്ല. സ്ഥാനാര്‍ഥി പട്ടിക നിര്‍ണയിക്കുന്ന കാര്യത്തിലും വേണ്ടത്ര കൂടിയാലോചന ഉണ്ടായില്ല. ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് സുധാകരന് ഏറെ അതൃപ്തി. തെരഞ്ഞെടുപ്പ് വേളയായതിനാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

 മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയാകാനില്ലെന്നും  കെ സുധാകരന്‍ പറഞ്ഞു. ധര്‍മ്മടത്ത് മത്സരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. താനും ആരോടും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഒരു ചര്‍ച്ച ഇപ്പോഴില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വേണ്ടി ധര്‍മ്മടം ചലഞ്ച് ഏറ്റെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുധാകരന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. നമുക്ക് ഇപ്പോള്‍ ഇവിടെ നിരവധി പേരുണ്ട്. അപ്പോള്‍ ഞാന്‍ വേഷം കെട്ടേണ്ടല്ലോ. ഞാന്‍ ഇപ്പോള്‍ എം.പിയാണ്. ധര്‍മ്മടത്ത് യോഗ്യനായ സ്ഥാനാര്‍ത്ഥിയുണ്ടാകും.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ പോരായ്മയുണ്ട്. അക്കാര്യം തുറന്നു പറയുന്നതില്‍ ഭയപ്പാടുമില്ല, മടിയുമില്ല. ആരുടെ മുന്നിലും തുറന്നുപറയും, പറഞ്ഞിട്ടുമുണ്ട്. പോരായ്മകളുണ്ടെങ്കിലും ഈ പട്ടിക വച്ച് മുന്നോട്ടുപോകാനേ നിവൃത്തിയുളളൂ. പ്രശ്നങ്ങളും പരാതികളും നേതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയാണ് പാര്‍ട്ടിയുടെ ശൈലിയെന്നും സുധാകരന്‍ പറഞ്ഞു.

വിജയപ്രതീക്ഷയുണ്ട്, പ്രതീക്ഷക്ക് കാരണം ഇപ്പോഴത്തെ രാഷ്ട്രീയസ്ഥിതിയാണ്. സ്ഥാനാര്‍ഥി പട്ടിക രണ്ടാമത്തെ കാര്യം മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

ഇരിക്കൂര്‍ സീറ്റിനെ കുറിച്ചുളള പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എപ്പോഴും താന്‍ ശുഭാപ്തി വിശ്വാസിയാണ്- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest News