റിയാദ്- വ്യോമയാന മേഖലയില്‍ സൗദിവല്‍ക്കരണത്തിനൊരുങ്ങി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.എ.സി.എ). 28 സ്‌പെഷ്യലൈസ്ഡ് പ്രൊഫഷനുകളില്‍ അടുത്ത രണ്ടു വര്‍ഷത്തിനകം പതിനായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജി.എ.സി.എ ട്വിറ്ററില്‍ അറിയിച്ചു.
സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് ജി.എ.സി.എയുടെ പുതിയ നീക്കം. പൈലറ്റ്, സഹപൈലറ്റ്, റണ്‍വെ,ഗ്രൗണ്ട് കോഓര്‍ഡിനേറ്റര്‍മാര്‍, വിമാന ഡയരക്ടര്‍മാര്‍, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്‌സ്, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, സൂപ്പര്‍വൈസര്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്‍സ്, എയര്‍ക്രാഫ്ര്റ്റ് കാറ്ററിംഗ്, പാസഞ്ചര്‍ ഹാന്‍ഡ്‌ലേര്‍സ്, കാര്‍ഗോ തുടങ്ങിയ ജോലികളിലാണ് സ്വദേശികളെ നിയമിക്കുന്നത്.
തൊഴിലില്ലായ്മ ഏഴു ശതമാനത്തിലെക്കുകയെന്ന വിഷന്‍ 2030 ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് വ്യോമയാന മേഖലയും സൗദിവല്‍ക്കരണത്തില്‍ പങ്കാളിത്തം വഹിക്കുന്നത്.
ഇതിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ എല്ലാ വിമാന കമ്പനികള്‍ക്കും മെയിന്റനന്‍സ് ഓപ്പറേഷന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കും എല്ലാ എയര്‍പോര്‍ട്ടുകളിലേയും സേവനദാതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓരോ മാസവും സൗദിവല്‍ക്കരണം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും ജി.എ.സി.എ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അമേരിക്കയിലെ സ്പാര്‍ടന്‍ കോളേജ് ഓഫ് എയറോനോട്ടിക്‌സ് ആന്റ് ടെക്‌നോളജിയുമായി സൗദിയ എയറോസ്‌പേസ് എന്‍ജിനീയറിംഗ് ഇന്‍ഡസ്ട്രീസും പ്രിന്‍സ് സുല്‍ത്താന്‍ ഏവിയേഷന്‍ അക്കാദമിയും പരിശീലനത്തിനായി കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത.