തലശ്ശേരി- തിരുവനന്തപുരം പാലോട് അറസ്റ്റിലായ പത്താം ക്ലാസുകാരി വ്യാജ ഡോക്ടർ പെരിങ്ങമല ഹിസാന മൻസിലിൽ സോഫിമോൾക്കെതിരെ (43) നേരത്തേ പരാതി ഉയർന്നിട്ടും പോലീസ് അന്വേഷിച്ചില്ലെന്ന് പരാതി.
തലശ്ശേരി കീർത്തി ഹോസ്പിറ്റലിൽ വെച്ച് ചികിത്സ നല്കിയപ്പോള് ഇവരുടെ യോഗ്യതയിൽ സംശയം തോന്നി സേവനം അവസാനിപ്പിച്ചുവെന്നും പോലീസിൽ പരാതി നൽകിയെന്നും ആശുപത്രി അധികൃതർ പറയുന്നു.
തലശ്ശേരി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഒരു വർഷത്തിലേറെയായി ഇവരുടെ ചികിത്സക്ക് വിധേയരായ നൂറുകണക്കിന് രോഗികൾ യുവതി അറസ്റ്റിലായെന്ന വാർത്തയറിഞ്ഞതോടെ ആശങ്കയിലാണ്.
സോഫിയ റാവുത്തർ എന്ന പേരിലും വൈദ്യ ഫിയ റാവുത്തർ എന്ന ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയുമാണ് ഇവർ ചികിത്സക്കായി ആളുകളെ സംഘടിപ്പിച്ചിരുന്നത്. മലപ്പുറത്ത് ചികിത്സ ആരംഭിക്കുന്ന കാര്യം വെളിപ്പെടുത്തുന്ന ഇവരുടെ വിഡിയോ സന്ദേശവും കഴിഞ്ഞ ദിവസം സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു.