Sorry, you need to enable JavaScript to visit this website.

നിയമസഭാ തെരഞ്ഞെടുപ്പ് ആർ.എസ്.എസ്  അജണ്ടക്കെതിരെയുള്ള വിധിയെഴുത്ത് -കോടിയേരി

ജിദ്ദ നവോദയ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു.

ജിദ്ദ- രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ആർ.എസ്.എസ് അജണ്ടക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന് മുൻ ആഭ്യന്തരമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജിദ്ദ നവോദയ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യ പ്രക്രിയയുടെ പരമപ്രധാനമായ ഒരു തെരഞ്ഞെടുപ്പിലൂടെയാണ് കേരളം കടന്നുപോകുന്നത്. ജീവന്റെ വിലയുള്ള ജാഗ്രതയിലൂടെയാണ് കോവിഡ് 19നെ നാം പ്രതിരോധിച്ചു കൊണ്ടിരിക്കുന്നത്. അതേ ജാഗ്രത തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.


മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമില്ലാത്ത ഇന്ത്യയാണ് ആർ.എസ്.എസ് വിഭാവനം ചെയ്യുന്നത്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കലാണ് അവരുടെ ഉദ്ദേശ്യം. ഹിന്ദു വികാരങ്ങൾ ഉയർത്തി രാജ്യം പൂർണമായും കോർപറേറ്റുകൾക്ക് അനുകൂലമാക്കുന്നു. മതേതരത്വം പറഞ്ഞു മുതലാളിത്തം നടപ്പിലാക്കലാക്കുകയായിരുന്നു കോൺഗ്രസ് ചെയ്തിരുന്നത്. എന്നാൽ മതത്തെ ഉപയോഗപ്പെടുത്തി രാജ്യത്തെ മുഴുവനായും കോർപറേറ്റുകൾക്ക് വിൽക്കുകയാണ് ബി.ജെ.പി. ഇത് രണ്ടും രാജ്യത്ത് വലിയ വിപത്താണ് വരുത്തുന്നത് എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 
മൃദു ഹിന്ദുത്വമാണ് ആർ.എസ്.എസിന്റെ തീവ്രതക്ക് പകരം എന്നതാണ് കോൺഗ്രസ് ധരിച്ചു വശായിരിക്കുന്നത്. അതുകൊണ്ട് ബി.ജെ.പിയെ ശരിയായ രീതിയിൽ എതിർക്കാൻ അവർക്കാകുന്നില്ല. ജനങ്ങൾ വിജയിപ്പിച്ചു വിട്ട കോൺഗ്രസുകാരിൽ പലരും സംഘ്പരിവാറിലേക്ക് ചേക്കേറുന്നു. ഡസൻ കണക്കിന് കോൺഗ്രസ് സർക്കാരിനെയാണ് ബി.ജെ.പി എളുപ്പത്തിൽ അട്ടിമറിച്ചത്. കോൺഗ്രസിനു നൽകുന്ന വോട്ടുകൾ തത്വത്തിൽ ബി.ജെ.പിയെ വളർത്താൻ ഉപകാരമാകുന്നു. ഇതിനു പരിഹാരം ഇടതുപക്ഷമാണെന്ന് ഇന്ത്യക്ക് ആകമാനം ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉജ്വല വിജയം കൈവരിക്കും എന്നും അദ്ദേഹം പറഞ്ഞു. 

ബി.ജെ.പിക്കെതിരെയുള്ള പ്രക്ഷോഭത്തിന് രാജ്യത്താകെ നേതൃത്വം നൽകുന്നത്   സി.പി.എം ആണ്. അതുകൊണ്ടാണ് കോൺഗ്രസുകാർ കൂടി ഇടതു മതേതരത്വ മുന്നണിയിൽ ചേരുന്നത്. വാജ്‌പേയി സർക്കാരിനെ താഴെ ഇറക്കുവാൻ മുഴുവൻ ജനാധിപത്യ കക്ഷികളെയും ഒരുമിച്ചു കൂട്ടാൻ ഒരിക്കൽ ഇടതുപക്ഷത്തിനായി. അതിന്റെ പ്രതിഫലനമായിരുന്നു ഇരുപതിൽ പതിനെട്ട് എന്ന മാന്ത്രിക വിജയം നേടാനായത്. ഇടതുപക്ഷ അംഗങ്ങൾ പാർലമെന്റിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കും എന്നും ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കും എന്നും ജനങ്ങൾക്ക് ബോധ്യമുണ്ടാമായിരുന്നു. കാർഷിക വിഭവ സമ്പത്തടക്കമുള്ള രാജ്യത്തിന്റെ സമസ്ത നേട്ടങ്ങളും അംബാനിമാർക്കും അദാനിമാർക്കും ബഹുരാഷ്ട്ര കുത്തകകൾക്കും തീറെഴുതി നൽകുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ദശലക്ഷക്കണക്കായ ഗ്രാമീണ കർഷകരുടെ സംഘശക്തി ഇപ്പോൾ രാജ്യ തലസ്ഥാനം വളഞ്ഞു വെച്ചിരിക്കുകയാണ്. ചരിത്ര സമര മുന്നേറ്റങ്ങളുടെ ഈ കുതിപ്പിന്റെ കാലത്താണ് കേരളം നമ്മുടെ ജനാധിപത്യ ഉദ്ബുദ്ധതയും വികേന്ദ്രീകരണത്തിന്റെ ശക്തിയും പരീക്ഷിക്കുന്നത് എന്ന് മറക്കരുത്. ബി.ജെ.പിയുടെ ജനവിരുദ്ധ നിയമങ്ങളെ എല്ലാ വിധേനയും എതിർത്തത് കേരള സർക്കാർ മാത്രമായിരുന്നു. നോട്ടു നിരോധനം, ജി.എസ്.ടി, പൗരത്വ ഭേദഗതി നിയമം എന്നിങ്ങനെ ജനവിരുദ്ധ നിയമങ്ങളെ ഒക്കെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് എതിർക്കാൻ പിണറായി സർക്കാരിനായി. അത് ജനങ്ങൾക്ക് വലിയ തോതിൽ ആശ്വാസം പകർന്നു. സമാനതകളില്ലാത്ത വികസനമാണ് സർക്കാർ നടപ്പിലാക്കിയതെന്നും കോടിയേരി പറഞ്ഞു.


 

Latest News