ദമാം/ജിദ്ദ/റിയാദ്- തൊഴിൽ മന്ത്രാലയം ജ്വല്ലറികളിൽ നടപ്പാക്കിയ സ്വദേശിവത്കരണം സൗദിയിൽ പൂർണം. ഇന്നലെ എല്ലാ ജ്വല്ലറികളിലും സ്വദേശികളാണ് സെയിൽസ്മാൻമാരായി ഉണ്ടായിരുന്നത്. ആവശ്യത്തിന് സൗദികൾ ജോലിക്കാരായി ഇല്ലാതിരുന്ന ജ്വല്ലറികൾ തുറന്നു പ്രവർത്തിച്ചില്ല. ചില ജ്വല്ലറികൾ ഉച്ചക്ക് ശേഷം മാത്രമാണ് പ്രവർത്തിച്ചത്. റിയാദ് ബത്ഹയിലെ ഗോൾഡ് സൂഖിലെ കടകളിലും സ്വദേശികളായ സെയിൽസ്മാൻമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വ്യവസ്ഥ പാലിച്ചിട്ടുണ്ടോ എന്നുറപ്പു വരുത്താൻ തൊഴിൽമന്ത്രാലയ ഉദ്യോഗസ്ഥർ രാജ്യത്തുടനീളമുള്ള ജ്വല്ലറികളിൽ പരിശോധന നടത്തി. പരിശോധന വരും ദിവസങ്ങളിലും തുടരും.
ജ്വല്ലറി മേഖലയിൽ സമ്പൂർണ്ണ സൗദിവൽക്കരണം നടപ്പിലാക്കിയതോടെ ഈ മേഖലയിൽ ജോലി ചെയ്തിരുന്ന വിദേശികൾ ആശങ്കയിലാണ്. ജ്വല്ലറി മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ കൂടുതലും ഇന്ത്യക്കാരാണ്. സ്വർണ്ണാഭരണ നിർമ്മാണ മേഖലയിലും കൗണ്ടർ വിൽപനയിലും നൈപുണ്യമുള്ള ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സൗദിവൽക്കരണ തീരുമാനം വൻ തിരിച്ചടിയാണ്. പ്രഖ്യാപനം വന്നത് മുതൽ തന്നെ ഇവർ തിരിച്ചുപോക്കിന് തയ്യാറായിരുന്നു. ദമാമിലെ ഒരു പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനത്തിലെ മുഴുവൻ വിദേശികളെയും എക്‌സിറ്റ്്് അടിച്ചതായി മാനേജ്‌മെന്റ് അധികൃതർ മലയാളം ന്യൂസിനോട് പറഞ്ഞു. ഇതിനു സമാനമായി തന്നെ മറ്റു സ്ഥാപനങ്ങളിലെ വിദേശികൾക്ക് രണ്ടു മാസങ്ങൾക്ക് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ ജോലി കണ്ടുപിടിക്കുന്നവർക്ക് റിലീസ് നൽകാമെന്നും അല്ലാത്തവർ തിരിച്ചു പോക്കിന് തയ്യാറാകണമെന്നും മാനേജ്‌മെന്റുകൾ നിർദ്ദേശിച്ചിരുന്നു. ദമാമിലെ ഗോൾഡ് സൂഖിലെ ആറ് ജ്വല്ലറികൾ അടച്ചു. ഈ ജ്വല്ലറികളിൽ വിദേശികൾ മാത്രമാണ് ജോലിക്കുണ്ടായിരുന്നത്.
ജിദ്ദയിലെ ജ്വല്ലറികളിലും അധികൃതർ പരിശോധന നടത്തി. ആവശ്യത്തിന് സ്വദേശികൾ ഇല്ലാത്ത ജ്വല്ലറികൾ ഇന്നലെ പ്രവർത്തിച്ചില്ല. മുന്നൂറിലേറെ ജ്വല്ലറികളാണ് ജിദ്ദയിൽ പ്രവർത്തിക്കുന്നത്. ഇതിൽ ബഹുഭൂരിഭാഗം കടകളും രാവിലെ അടഞ്ഞുകിടക്കുകയായിരുന്നു. ചില കടകൾ വൈകുന്നേരം തുറന്നു. ആവശ്യത്തിന് സ്വദേശി ജീവനക്കാർ ഉള്ള കടകൾ മാത്രമാണ് പ്രവർത്തിച്ചത്. സ്വർണം വാങ്ങാൻ എത്തിയവർ കുറവായിരുന്നു. കടകൾ ഒട്ടുമിക്കതും പ്രവർത്തിക്കുന്നില്ലെന്ന് അറിഞ്ഞതിനാൽ ഇടപാടുകാർ വിപണിയിലിറങ്ങിയില്ല.
പല കടകളും വിദേശി ജീവനക്കാരോട് തൽക്കാലം മാറി നിൽക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ആദ്യദിനങ്ങളിലെ കർശന പരിശോധന കഴിഞ്ഞാൽ പിന്നീട് ഇളവുണ്ടാകുമെന്നും അപ്പോൾ പഴയനില തുടരാനാകുമെന്നുമാണ് കടയുടമകളുടെ കണക്കുകൂട്ടൽ. എന്നാൽ പരിശോധന കർശനമായിരിക്കുമെന്നും ഒരു കാരണവശാലും നിയമത്തിൽ ഇളവ് അനുവദിക്കില്ലെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നുമാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. സൗദിവൽക്കരണ തീരുമാനം ലംഘിച്ച് വിദേശികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങൾക്ക് വിദേശികളിൽ ഒരാൾക്ക് 20,000 റിയാൽ തോതിൽ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
സ്വർണക്കടകളിൽ ജോലി ചെയ്യുന്ന വിദേശികളിൽ ഒട്ടേറെ പേർ മലയാളികളാണ്. ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക ഇവർക്കുണ്ട്. പലരുടേയും മക്കൾ ഇവിടെ പഠിക്കുന്നതിനാൽ അധ്യയന വർഷം കഴിയുന്നതുവരെയെങ്കിലും പിടിച്ചുനിൽക്കേണ്ടതുണ്ട്. എന്നാൽ അതിനു സാധ്യമാകുമോയെന്ന ആശങ്കയിലാണ് തൊഴിലാളികൾ. മറ്റു രാജ്യങ്ങളിൽ ശാഖകളുള്ള കടകൾ അവരുടെ വിദേശ തൊഴിലാളികളിൽ ചിലരെ അങ്ങോട്ടു സ്ഥലംമാറ്റി താൽക്കാലിക പരിഹാരം കണ്ടെത്തി.