എടപ്പാൾ-പേരുകൾ മാറി മറഞ്ഞു വന്നിട്ടും സ്ഥാനാർത്ഥി പ്രഖ്യാപനം നീളുന്നത് തവനൂരിലെ യു.ഡി.എഫിൽ മ്ലാനത പരത്തി. അതേസമയം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി.ജലീൽ പ്രചാരണത്തിൽ മുന്നേറുകയാണ്. യൂത്ത് കോൺഗ്രസിന് പ്രാതിനിധ്യം വേണമെന്ന ഉറച്ച ആവശ്യത്തിനു മുന്നിൽ നേതൃത്വം ഉലയാതെ നിൽക്കുന്നതാണ് തവനൂരിലെ പ്രഖ്യാപനം നീളാൻ കാരണമാക്കിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളിയെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് ജില്ലാ കമ്മറ്റിയുടെ പിടിവാശി. അതേസമയം സാമൂഹ്യ പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലിനെ ഇറക്കി ഇത്തവണ മണ്ഡലം പിടിച്ചെടുക്കണമെന്ന വാശിയാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.
റിയാസ് മുക്കോളി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഫിറോസ് മാത്രമാണ് പരിഗണനയിലുള്ളത്. എന്നാൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കാലതാമസം നേരിടുന്നതിൽ പ്രവർത്തകർക്കിടയിൽ മുറുമുറുപ്പ് പ്രകടമായിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയപ്പോൾ തവനൂർ ഒഴിച്ചിട്ടത് എന്തിനെന്ന ചോദ്യത്തിന് തവനൂരിലെ നേതൃത്വവും കൈമലർത്തുകയാണ്. ഫിറോസിനെ സ്ഥാനാർത്ഥിയാക്കണമെന്ന ഉറച്ച നിലപാടാണ് മണ്ഡലത്തിലെ ലീഗിനുള്ളത്. എന്നാൽ കോൺഗ്രസ് മണ്ഡലമായതിനാൽ കൂടുതൽ ഇടപെടലിനില്ലെന്നതാണ് നേതാക്കളുടെ പക്ഷം.
സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ ഇന്ന് എടപ്പാളിൽ യു.ഡി.എഫ് കൺവെൻഷൻ നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ കൺവെൻഷൻ മാറ്റിവച്ചതായി നേതാക്കൾ അറിയിച്ചു. ഫിറോസിനെ പ്രഖ്യാപിച്ചാൽ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ മണ്ഡലത്തിലെ അണികൾ തയ്യാറെടുത്തിട്ടുണ്ട്. നിഷ്പക്ഷമായ ഒട്ടേറെ വിഭാഗങ്ങളുടെ വോട്ടുകൾ ഫിറോസ് നേടുന്നതിലൂടെ കെ.ടി.ജലീലിനെ പരാജയപ്പെടുത്താനാകുമെന്നാണ് അണികളുടെ വിശ്വാസം. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ഉടൻ തന്നെ പ്രചാരണത്തിനിറങ്ങി എൽ.ഡി.എഫിനൊപ്പം എത്താനാകുമെന്നും അവർ പറയുന്നു.ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ബന്ധപ്പെട്ട് തവനൂരിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിറോസ് കുന്നുംപറമ്പിൽ പറയുന്നു.