റിയാദ് - റിയാദ് പ്രവിശ്യയില്‍ പെട്ട അഫ്‌ലാജില്‍ തെരുവു നായയുടെ ആക്രമണത്തില്‍ ബാലന് ഗുരുതരമായി പരിക്കേറ്റു. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ബാലനെ തെരുവുനായ ആക്രമിച്ചത്. ബാലന്റെ തലയില്‍ ശിരസ്സില്‍ ആഴത്തിലുള്ള മുറിവേറ്റു. ഉടന്‍ തന്നെ അഫ്‌ലാജ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബാലന് ചികിത്സ നല്‍കി.
റിയാദില്‍ തെരുവു നായ്ക്കളുടെ ആക്രണത്തില്‍ പിഞ്ചു ബാലിക മരണപ്പെട്ടതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് ഇതേ പ്രവിശ്യയില്‍ പെട്ട അഫ്‌ലാജില്‍ തെരുവുനായ ബാലനെ കടിച്ചുപരിക്കേല്‍പിച്ചത്.
അതിനിടെ, തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ നാലു വയസുകാരി ശുഹദ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പിതൃസഹോദരന്‍ അബ്ദുല്ല അല്‍അബ്ദുസ്സലാം വെളിപ്പെടുത്തി. വെള്ളിയാഴ്ച തങ്ങള്‍ അല്‍വാശില ഏരിയയിലെ ഇസ്തിറാഹയിലേക്ക് പോവുകയായിരുന്നു. അസര്‍ നമസ്‌കാരം പൂര്‍ത്തിയായി പത്തു മിനിറ്റ് കഴിഞ്ഞ ശേഷമാണ് ശുഹദിനെ കാണാനില്ല എന്ന കാര്യം മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെട്ടത്. ഇസ്തിറാഹയുടെ ഗെയറ്റ് വഴി പുറത്തുകടന്ന ബാലികയെ ഗെയ്റ്റിനു സമീപമുണ്ടായിരുന്ന തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. ഇരുനൂറു മീറ്റര്‍ ദൂരേക്ക് ശുഹദിനെ തെരുവുനായ്ക്കള്‍ കടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി.
പ്രദേശത്തുള്ള തെരുവുനായ്ക്കള്‍ പേപ്പട്ടികളാണെന്നാണ് കരുതുന്നത്. ഇവ ആടുകളെ ഇടക്കിടക്ക് ആക്രമിക്കുന്നത് പതിവാണ്. ശുഹദിനെ കാണാതായത് ശ്രദ്ധയില്‍ പെട്ട് മൂന്നു മിനിറ്റിനകം ഇസ്തിറാഹക്ക് പുറത്തു നിന്ന് നായ്ക്കളുടെ കുരച്ചിലുകള്‍ കേട്ട് ഓടിപുറത്തിറങ്ങിയ മാതാപിതാക്കള്‍ക്ക് പിഞ്ചു മകളെ നായ്ക്കള്‍ കടിച്ചുപറിക്കുന്നതാണ് കാണാനായത്. തന്റെ സഹോദരന്‍ ഫാരിസ് കല്ലെടുത്തെറിഞ്ഞ് നായ്ക്കളെ ആട്ടിയോടിച്ചു. തുടര്‍ന്ന് തങ്ങളെല്ലാവരും ചേര്‍ന്ന് ശുഹദിനെ ഉടന്‍ തന്നെ പ്രിന്‍സ് അബ്ദുറഹ്മാന്‍ അല്‍ഫൈസല്‍ ആശുപത്രിയിലെത്തിച്ചു.
വൈകീട്ട് 5.30 ഓടെയാണ് ശുഹദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ ശുഹദിന് ആവശ്യമായ ചികിത്സകള്‍ നല്‍കി. പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് മെഡിക്കല്‍ സംഘം തങ്ങളെ ആശ്വസിപ്പിച്ചു. എന്നാല്‍ ശുഹദ് മരണപ്പെട്ടെന്ന് ഇശാ നമസ്‌കാരത്തിനു ശേഷം അവര്‍ തങ്ങളെ അറിയിക്കുകയായിരുന്നു. മാതാപിതാക്കളുടെ കണ്‍മുന്നിലാണ് തെരുവു നായ്ക്കള്‍ ശുഹദിന്റെ കുഞ്ഞുദേഹം കടിച്ചുപറിച്ചത്. പ്രദേശത്ത് തെരുവുനായ ശല്യം ഏറെ കൂടുതലാണെന്നും അബ്ദുല്ല അല്‍അബ്ദുസ്സലാം പറഞ്ഞു.
തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ബാലിക മരണപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് റിയാദ് മേയര്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് രാജകുമാരന്‍ അടിയന്തിര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 72 മണിക്കൂറിനകം തനിക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മേയര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിയാദില്‍ തെരുവുനായ ശല്യമുള്ള പ്രദേശങ്ങള്‍ പ്രത്യേകം നിര്‍ണയിക്കാനും പ്രശ്‌നത്തിന് പരിഹാരം കാണാനും മേയര്‍ ഉത്തരവിട്ടു.