Sorry, you need to enable JavaScript to visit this website.

നേമത്ത് മുരളിയെ കാത്തിരിക്കുന്ന വെല്ലുവിളി എന്തൊക്കെ?

തിരുവനന്തപുരം- അവന്‍ വരുന്നു എന്ന ബാനറുമായി നേമത്തെ കരുത്തനെ കാത്തിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കിയത് കെ. മുരളീധരനെ. പക്ഷെ  നേമത്ത് അദ്ദേഹത്തെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ചില്ലറയല്ല.

അനുഭവവും ജനസമ്മതിയും കൈമുതലായുള്ള നേതാവിനെ നേമത്ത് മത്സരിക്കാന്‍ ഇറക്കുമ്പോള്‍ കോണ്‍ഗ്രസ് ലക്ഷ്യം പലതാണ്. നാലു തവണ തവണ ഇടതും വലതും മാറിമാറി ജയിച്ച മണ്ഡലത്തില്‍ പത്തുവര്‍ഷമായി കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര അനുകൂലമല്ല. കഴിഞ്ഞ തവണ വലിയ ആഘാതമുണ്ടാകുകയും ചെയ്തു. 2011 ല്‍ സി.പി.എമ്മിന്റെ ശിവന്‍കുട്ടി ജയിച്ചപ്പോള്‍ രണ്ടാമത് എത്തിയത് ബി.ജെ.പിയുടെ ഒ. രാജഗോപാലായിരുന്നു. ഒ. രാജഗോപാല്‍ വിജയിച്ചപ്പോള്‍ രണ്ടാമത് എത്തിയതാകട്ടെ  ശിവന്‍കുട്ടിയും. കഴിഞ്ഞ രണ്ടു തവണത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ വന്‍ വിള്ളലുകളും വന്നു കഴിഞ്ഞു.

പത്തു വര്‍ഷമായി കോണ്‍ഗ്രസ് പിന്നോക്കം പോയിരക്കുന്ന നേമത്തെ തിരിച്ചു കൊണ്ടുവരികയാണ് പ്രധാന ദൗത്യം. ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറന്നതിന് ഏറ്റവും പഴി കേള്‍ക്കേണ്ടി വന്നത് കോണ്‍ഗ്രസിനാണ്. നേമത്ത് ഒ. രാജഗോപാല്‍ വിജയിക്കാന്‍ കാരണമായത് കോണ്‍ഗ്രസ് ബി.ജെ.പിക്ക് വോട്ടു മറിച്ചതിനാലാണ് എന്നായിരുന്നു സി.പി.എം ആക്ഷേപം. ഇത് സാധൂകരിക്കാന്‍ അവര്‍ കണക്കും നിരത്തുന്നു. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിന് പോരാടാനാകില്ലെന്ന നിരന്തര പരാതികള്‍ക്കെല്ലാം പരിഹാരവും വേണം.

2011 മുതല്‍ കോണ്‍ഗ്രസ് നേമത്ത് ഏറെ പിന്നിലാണ്. അന്ന് മത്സരിച്ചപ്പോള്‍ 43,661 വോട്ടുകള്‍ നേടി യു.ഡി.എഫ് ഘടകകക്ഷികളെ ബഹുദൂരം പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് ബി.ജെ.പി ഉയര്‍ന്നു. 2016 ല്‍ 67,813 വോട്ടുകളുമായി ഒ. രാജഗോപാല്‍ വിജയം നേടിയപ്പോള്‍ 15,000 വോട്ടുകളാണ് അഞ്ചു വര്‍ഷം കൊണ്ട് ബി.ജെ.പി കൂട്ടിയെടുത്തത്. 2011 ല്‍ യു.ഡി.എഫിനായി നേമത്ത് കളത്തിലിറങ്ങിയത് സോഷ്യലിസ്റ്റ് ജനതാദള്‍ ആയിരുന്നു. ചാരുപാറ രവിക്ക് കിട്ടിയത് 20,248 വോട്ടുകളാണ്. 2016 ല്‍ ജനതാദള്‍ യുണൈറ്റഡിന്റെ വി. സുരേന്ദ്രന്‍ പിള്ള മത്സരിച്ചപ്പോള്‍ അത് 13,860 വോട്ടുകളായി. 7000 വോട്ടുകളാണ് കോണ്‍ഗ്രസിന് കുറഞ്ഞത്.

2011 ല്‍ വി ശിവന്‍കുട്ടി 6000 വോട്ടുകള്‍ക്ക് ജയിച്ചപ്പോള്‍ സി.പി.എമ്മിന് 50,076 വോട്ടുകളാണ് കിട്ടിയത്്. തൊട്ടടുത്ത തവണ 2016 ല്‍ തോറ്റെങ്കിലും വോട്ടുകള്‍ 59,142 ആയി കൂടി. ബി.ജെ.പിയും സി.പി.എമ്മും വോട്ടുകള്‍ കൂട്ടിയപ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കുറഞ്ഞു. ഇതാണ് സി.പി.എമ്മിന്റെ വോട്ടു മറിക്കല്‍ ആരോപണത്തിന് പിന്നില്‍. അതേസമയം ഇത് ഘടകകക്ഷികള്‍ മത്സരിച്ചപ്പോഴത്തെ സ്ഥിതിയാണെന്നും കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ കളി മാറും എന്ന നിലയിലാണ് കോണ്‍ഗ്രസ് എടുക്കുന്നത്. എന്നിരുന്നാലും കഴിഞ്ഞ തവണ കിട്ടിയ 13,000 ല്‍നിന്നും 60,000 ലേക്ക് വോട്ടുകള്‍ ഉയര്‍ത്തുക എന്ന പ്രയത്നമാണ് കെ. മുരളീധരനെ കാത്തിരിക്കുന്നത്. ഇതിനൊപ്പം പിതാവ് കെ. കരുണാകരനും എന്‍. ശക്തനും അടക്കമുള്ള നേതാക്കള്‍ വന്‍ വിജയം നേടിയ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് രണ്ടാമത്തെ കാര്യം.

 

 

Latest News