ന്യൂദല്‍ഹി- രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.
രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും നേരത്തെ ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് പി.ജെ ജോസഫും, പി.സി കുര്യാക്കോസും സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
450 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 255 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ജോസഫിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. ഇവരുടെ പിന്തുണ സംബന്ധിച്ച സത്യവാങ്മൂലം ഉള്‍പ്പടെയുള്ള രേഖകള്‍ കൃത്യമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ. മാണിക്ക് അനുകൂലമായ ഉത്തരവ് ഇറക്കിയതെന്നും ദിവാന്‍ ചൂണ്ടിക്കാട്ടി.