Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിസിറ്റ് വിസ പുതുക്കുന്നത് ഒരു മാസമായി ചുരുക്കി

ജിദ്ദ- സൗദി അറേബ്യയില്‍ ഫാമിലി വിസിറ്റ് വിസ പുതുക്കുന്നത് ഒരു മാസമായി ചുരുക്കിയതായി സൂചന. വിസ പുതുക്കാന്‍ ശ്രമിക്കുന്ന എല്ലാവർക്കും ഇപ്പോള്‍ മൂന്നു മാസം ലഭിക്കുന്നില്ല. കഴിഞ്ഞയാഴ്ച ശ്രമിച്ച പലർക്കും ഒരു മാസം മാത്രമാണ് ലഭിച്ചത്.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മെയ് 17 നു മാത്രമേ പൂര്‍ണമായും പുനരാരംഭിക്കുകയുളളൂവെന്ന് സൗദി സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിസിറ്റ് വിസ പുതുക്കുന്ന കാലാവധി ചുരുക്കിയത് വീണ്ടും പ്രവാസികളില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

മെയ് 17 നുമുമ്പ് തന്നെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാനുളള സാധ്യതയാണ് അവര്‍ കാണുന്നത്. അതേസമയം റമദാന്‍ കൂടി വരുന്നതിനാല്‍ മെയ് 17 തന്നെ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിനു പിന്നാലെ ഫാമിലി വിസിറ്റ് വിസകള്‍ യാതൊരു തടസ്സവുമില്ലാതെ വെബ് സൈറ്റ് വഴി മൂന്ന് മാസത്തേക്ക് പുതുക്കി കൊണ്ടിരുന്നതാണ് ഇപ്പോള്‍ ഒരു മാസമാക്കിയിരിക്കുന്നത്.

ഭാര്യമാരേയും മാതാപിതാക്കളേയും കൊണ്ടുവന്ന പ്രവാസികള്‍ക്ക് അപ്രതീക്ഷിത അനുഗ്രഹമായിരുന്നു കാലാവധി നോക്കാതെയുളള വിസ പുതുക്കല്‍. നേരത്തെ ഒരു വര്‍ഷത്തേക്ക് വിസ അടിക്കുമെങ്കിലും ആറുമാസമാകുമ്പോള്‍ രാജ്യത്തിനു പുറത്തുപോയി വരേണ്ടിയിരുന്നു. ഇതാണ് ആ നിബന്ധനയില്ലാതെ പുതുക്കി കൊണ്ടിരുന്നത്.

ഇപ്പോള്‍ വെബ് സൈറ്റ് വഴി പുതുക്കാന്‍ കഴിയാത്തവര്‍ക്ക് ജവാസാത്ത് ഓഫീസില്‍ പോയാല്‍ ഒരു മാസത്തേക്കാണ് നീട്ടി നല്‍കുന്നത്. വെബ് സൈറ്റ് വഴിയും ഒരു മാസം തന്നെയാണ് ലഭിക്കുന്നത്. വെബ് സൈറ്റില്‍ തടസ്സം നേരിടുന്നവരോട് വിസയുടെ കാലാവധി പൂര്‍ത്തിയായി അടുത്ത ദിവസമെത്താന്‍ ജവാസാത്ത് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു. കാലാവധി അവസാനിക്കാത്ത വിസകള്‍ പുതുക്കി നല്‍കുന്നില്ല.
വിസിറ്റ് വിസയില്‍ വന്നവര്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ വിമാന സര്‍വീസുകളുണ്ടെങ്കിലും അത് കണക്കിലെടുക്കാതെയാണ് വിമാന സര്‍വീസ് നിര്‍ത്തി വെച്ച പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കിയിരുന്നത്.
അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നും എയര്‍പോര്‍ട്ടുകള്‍ പൂര്‍ണമായും തുറക്കുന്നതും മെയ് 17 ന് പുലര്‍ച്ചെ ഒരു മണിക്കായിരിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

 

Latest News