വടകര- കോഴിക്കോട് ജില്ലയിലെ വടകര നിയമസഭാ മണ്ഡലം ഇക്കുറി യു.ഡി.എഫിന് വിജയിക്കാനാവുമെന്ന പ്രതീക്ഷയുയര്‍ന്ന സീറ്റാണ്. കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. രണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടികളും എല്‍ഡിഎഫില്‍ ആണ് എന്നത് മാത്രമല്ല പ്രത്യേകത. ആരായിരിക്കും അവിടെ എതിര്‍ സ്ഥാനാര്‍ത്ഥി എന്നത് കൂടിയാണ്. ടിപി ചന്ദ്രശേഖരന്റെ വിധവയും ആര്‍എംപി നേതാവും ആയ കെകെ രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാം എന്ന വാഗ്ദാനം ആണ് യുഡിഎഫും കോണ്‍ഗ്രസും നല്‍കിയിട്ടുള്ളത്. എന്നാല്‍ അവസാന നിമിഷം, കെകെ രമ തീരുമാനം മാറ്റി എന്നാണ് സൂചന. വടകരയില്‍ സംസ്ഥാന സെക്രട്ടറി എന്‍ വേണു ആയിരിക്കും തങ്ങളുടെ സ്ഥാനാര്‍ത്ഥി എന്ന് ആര്‍എംപി ആദ്യം മുതലേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും തയ്യാറായിരുന്നില്ല. കെകെ രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാം എന്നതായിരുന്നു നിലപാട്. സുവര്‍ണാവസരം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് യു.ഡി.എഫ്. കുറ്റിയാടിയിലെ സാഹചര്യം വെച്ചു നോക്കുമ്പോള്‍ വടകര, നാദാപുരം, കുറ്റിയാടി സീറ്റുകള്‍ ഇക്കുറി യു.ഡി.എഫിന് ലഭിക്കാന്‍ സാധ്യതയുള്ളതാണ്.