Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി തൊഴില്‍ പരിഷ്‌കാരം നടപടികള്‍ തുടങ്ങി, സേവനങ്ങള്‍ ഉടന്‍

റിയാദ്- വര്‍ഷങ്ങളായി സ്വകാര്യ മേഖല സ്വീകരിച്ചുവരുന്ന സൗദി തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌കാര നടപടികള്‍ക്ക് മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ എന്നിവയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ മാത്രമേ പൊതുജനങ്ങള്‍ക്ക് പരിഷ്‌കാര സേവനങ്ങള്‍ ലഭ്യമാവുകയുള്ളൂ.
'കരാര്‍ ബന്ധം മെച്ചപ്പെടുത്തുക'യെന്ന പേരില്‍ മന്ത്രാലയം ആരംഭിച്ച പരിഷ്‌കാരങ്ങള്‍ സ്‌പോണ്‍സര്‍ഷിപ് മാറ്റം, റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് എന്നീ മൂന്നു കാര്യങ്ങളില്‍ ബന്ധിതമാണെങ്കിലും സമ്പൂര്‍ണ തൊഴില്‍ നിയമ പരിഷ്‌കാരം ഇതോടെ നടപ്പാകും. തൊഴില്‍ മേഖലയിലെ സ്‌പോണ്‍സര്‍മാരുടെ ആധിപത്യം അവസാനിപ്പിച്ച് സര്‍ക്കാറിന് നേരിട്ട് ഇടപെടാവുന്ന നിലയിലാണ് പരിഷ്‌കാരം നടപ്പിലാവുന്നത്. തൊഴില്‍ മേഖലയില്‍ വിദേശികളുടെ ആധിപത്യം അവസാനിപ്പിച്ച് സ്വദേശികള്‍ക്ക് അവസരം നല്‍കാനും ഇത് സഹായകമാവുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ജോബ് ഓഫറുകള്‍ ഖിവ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു മാത്രമേ വിദേശികളെ നിയമിക്കാനാവൂ എന്നതടക്കമുള്ള സമ്പൂര്‍ണ തൊഴില്‍ മേഖല നിയന്ത്രണം ഈ പരിഷ്‌കാരം വഴി നടപ്പാക്കാനൊരുങ്ങുകയാണ് സൗദി സര്‍ക്കാര്‍.
ഇഖാമ പുതുക്കാതിരിക്കല്‍, ഒളിച്ചോടിയതായി (ഹുറൂബ്) രേഖപ്പെടുത്തല്‍, ശമ്പളം നല്‍കാതിരിക്കല്‍ തുടങ്ങി നിലവില്‍ സ്‌പോണ്‍സര്‍മാര്‍ വഴി തൊഴിലാളികള്‍ക്ക് വരുന്ന ആഘാതങ്ങളൊന്നും ഭാവിയില്‍ ഉണ്ടാവാനിടയില്ല. വിദഗ്ധരായ തൊഴിലാളികള്‍ക്ക് അവസരങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുമ്പോള്‍ അവിദഗ്ധര്‍ക്ക് തൊഴില്‍ നഷ്ടവും സംഭവിക്കും. അതോടൊപ്പം സ്ഥാപനങ്ങള്‍ സൗദിവത്കരണം, ശമ്പളം ബാങ്കുവഴിയാക്കല്‍, സ്വയം വിലയിരുത്തല്‍ തുടങ്ങിയ നടപടികളും കൃത്യമായി പാലിക്കേണ്ടി വരും.

സ്വതന്ത്രമായി വിദേശികള്‍ക്ക് ജോലികള്‍ മാറാമെന്നതാണ് പരിഷ്‌കാരത്തിന്റെ ആദ്യപടി. ഇതിന് തൊഴിലാളിയും സ്ഥാപനങ്ങളും എല്ലാ തൊഴില്‍ നിയമങ്ങളും പാലിക്കേണ്ടതുണ്ട്.
ഉപയോക്താവായ സ്ഥാപനം പാലിക്കേണ്ട വ്യവസ്ഥകള്‍.
1. മാനവശേഷി മന്ത്രാലയ സേവനങ്ങള്‍ക്കുള്ള ഏകീകൃത നമ്പര്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധിയുള്ളതായിരിക്കണം.
2. സ്ഥാപനം നിതാഖാത്തില്‍ മധ്യപച്ചയോ അതിന് മുകളിലോ ആകണം.
3. അവസാനത്തെ മൂന്നു മാസം 80 ശതമാനത്തിലധികം വേതനസുരക്ഷ പദ്ധതി നടപ്പാക്കിയിരിക്കണം.
4. തൊഴില്‍കരാറുകള്‍ നൂറു ശതമാനവും ഔദ്യോഗിക പോര്‍ട്ടലുകള്‍ വഴി അംഗീകാരം നേടിയിരിക്കണം.
5. മന്ത്രാലയം നടപ്പാക്കിയ സ്വയം വിലയിരുത്തല്‍ പദ്ധതിയിലെ പ്രതിബദ്ധത 80 ശതമാനത്തില്‍ കുറവാകരുത്.
6. സ്ഥാപനത്തില്‍ ആന്തരിക അംഗീകൃത തൊഴില്‍ വ്യവസ്ഥയുണ്ടായിരിക്കണം.

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ വിദേശതൊഴിലാളി പാലിക്കേണ്ട വ്യവസ്ഥകള്‍
1. തൊഴില്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമായ പ്രൊഫഷനുള്ള വ്യക്തിയായിരിക്കണം. വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
2. സൗദിയിലെത്തിയതു മുതല്‍ തൊഴിലുടമയുടെ കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കണം.
3. ഹുറൂബോ കേസുകളോ ഇല്ലാതെ തൊഴില്‍ മേഖലയിലുള്ള വ്യക്തിയായിരിക്കണം. (അലാ റാസുല്‍ അമല്‍ എന്ന സ്റ്റാറ്റസ് വേണം)
4. സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിന് ഒന്നിലധികം സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷയുണ്ടാകരുത്.
5. അംഗീകൃത തൊഴില്‍കരാറിന്റെ കാലാവധിയില്‍ തൊഴില്‍ മാറ്റത്തെ കുറിച്ച് നിലവിലെ തൊഴിലുടമയെ അറിയിക്കല്‍.

ഈ സേവനം ലഭിക്കാത്ത അവസ്ഥകള്‍

1. അംഗീകൃത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ കരാര്‍ ഇല്ലാതിരിക്കല്‍
2. തുടര്‍ച്ചയായി മൂന്നു മാസം ശമ്പളം നല്‍കാതിരിക്കല്‍
3. സൗദിയിലെത്തി മൂന്നു മാസമായിട്ടും ഇഖാമ നല്‍കാതിരിക്കല്‍
4. ഇഖാമ കാലാവധി അവസാനിക്കല്‍
5. തൊഴില്‍ മാറാന്‍ നിലവിലെ സ്ഥാപനം അനുമതി നല്‍കല്‍.
ഈ അവസ്ഥകളില്‍ മുകളില്‍ പറഞ്ഞ വ്യവസ്ഥകള്‍ ബാധകമാകില്ല.

അവശ്യഘടകങ്ങള്‍
1. തൊഴിലാളിക്കും അവരെ ഏറ്റെടുക്കാനിരിക്കുന്ന സ്ഥാപനത്തിനും മന്ത്രാലയത്തിന്റെ ഖിവ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കല്‍.
2. ഖിവ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ജോബ് ഓഫര്‍ വേണം.

എങ്ങനെയാണ് തൊഴില്‍ മാറ്റം നടക്കുക

1. തൊഴില്‍ മാറ്റ സേവനം ആവശ്യപ്പെട്ട് പുതിയ സ്ഥാപനം ഖിവ പോര്‍ട്ടലില്‍ ജോബ് ഓഫര്‍ നല്‍കണം.
2. തൊഴിലാളിക്ക് ഖിവ പോര്‍ട്ടല്‍ വഴി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.
3. മാറ്റം സംബന്ധിച്ച് നിലവിലെ സ്ഥാപനത്തെ അറിയിക്കല്‍.
4. നോട്ടീസ് കാലയളവ് കണക്കാക്കല്‍ ആരംഭിക്കുന്നു.

റീ എന്‍ട്രി
1. തൊഴില്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമായ പ്രൊഫഷനുള്ള വ്യക്തിയായിരിക്കണം.
2. അംഗീകൃത, കാലാവധിയുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കല്‍
3. റീ എന്‍ട്രി അടിക്കാന്‍ ഇഖാമയില്‍ കാലാവധിയുണ്ടാകല്‍
4. പാസ്‌പോര്‍ട്ടിന് മൂന്നു മാസ കാലാവധിയുണ്ടാകല്‍
5. റീ എന്‍ട്രിക്ക് അപേക്ഷിക്കുന്ന സമയത്ത് സൗദിയില്‍ ഉണ്ടായിരിക്കല്‍
6. ട്രാഫിക് പിഴ ഇല്ലാതിരിക്കല്‍
7. അബ്ശിര്‍ എകൗണ്ട് ഉണ്ടായിരിക്കണം
8. റീ എന്‍ട്രിക്കുള്ള പണമടക്കല്‍
9. റീ എന്‍ട്രി കാന്‍സല്‍ ചെയ്യാനുള്ള അധികാരമുണ്ടായിരിക്കും.
10. നിശ്ചിത അംഗീകൃത കറാര്‍ നിലനില്‍ക്കേ റീ എന്‍ട്രിയില്‍ പോയി തിരിച്ചുവന്നില്ലെങ്കില്‍ സൗദിയില്‍ പിന്നീട് തൊഴില്‍വിസയില്‍ മടങ്ങി വരാന്‍ സാധിക്കില്ല.
അബ്ശിര്‍ തുറന്ന് ജവാസാത്ത് സേവനങ്ങള്‍ എന്നത് സെലക്ട് ചെയ്താണ് റീ എന്‍ട്രി അടിക്കേണ്ടത്.

ഫൈനല്‍ എക്‌സിറ്റ്

1. തൊഴില്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമായ പ്രൊഫഷനുള്ള വ്യക്തിയായിരിക്കണം.
2. അംഗീകൃത, കാലാവധിയുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കല്‍
3. ഇഖാമയില്‍ കാലാവധിയുണ്ടാകണം.
4. പാസ്‌പോര്‍ട്ടിന് 60 ദിവസ കാലാവധിയുണ്ടാകല്‍
5. അപേക്ഷിക്കുന്ന സമയത്ത് സൗദിയില്‍ ഉണ്ടായിരിക്കല്‍
6. അടക്കാത്ത ട്രാഫിക് പിഴ ഇല്ലാതിരിക്കല്‍
7. ്‌വാഹനത്തിന്റെ ഉടമസ്ഥാവകാശം ഇല്ലാതിരിക്കല്‍
8. അബ്ശിര്‍ എകൗണ്ട് ഉണ്ടായിരിക്കണം
9. റീ എന്‍ട്രി കാന്‍സല്‍ ചെയ്യാനുള്ള അധികാരമുണ്ടായിരിക്കും.
10. നിശ്ചിത അംഗീകൃത കരാര്‍ നിലനില്‍ക്കേ ഫൈനല്‍ എക്‌സിറ്റടിച്ചു രാജ്യം വിട്ടാല്‍ സൗദിയിലേക്ക് പിന്നീട് തൊഴില്‍വിസയില്‍ മടങ്ങി വരാന്‍ സാധിക്കില്ല.
അബ്ശിര്‍ തുറന്ന് ജവാസാത്ത് സേവനങ്ങള്‍ എന്നത് സെലക്ട് ചെയ്താണ് ഫൈനല്‍ എക്‌സിറ്റ് അടിക്കേണ്ടത്.

Latest News