Sorry, you need to enable JavaScript to visit this website.

സനിതയുടെ സർഗപഥത്തിൽ നന്മയുടെ നറുമലരുകൾ

ഭാവുകത്വത്തിന്റെ വേറിട്ട വഴിയിലൂടെയാണ് സനിത പാറാട്ടിന്റെ സർഗസഞ്ചാരം. അതിന്റെ നേരടയാളമാണ് അവരുടെ ആദ്യ പുസ്തകമായ രണ്ടാം രാവ്. 
രചനാസൗഷ്ഠവം തെളിനീര് പോലെ പ്രകടമായ, കാമ്പുള്ള മുപ്പതോളം കഥകളുടെ ഈ സമാഹാരത്തിലെ രചനകളിലത്രയും സാമൂഹിക തിന്മകളോടുള്ള അമർഷവും പ്രതിഷേധവും ഒപ്പം നന്മയും സന്തോഷവും സമാധാനവും സാമൂഹിക നീതിയും പൂത്ത് മലർന്ന ഒരു പുതിയ ലോകത്തെ കുറിച്ചുള്ള സ്വപ്‌നവും പ്രകാശിച്ചു നിൽക്കുന്നു. വേറിട്ട കഥകൾ കൊണ്ട് മറ്റൊരു ലോകം തുറന്നുവെച്ചിരിക്കുന്ന ഈ പുസ്തകം തീർച്ചയായും പുതിയൊരു അനുഭവം തന്നെയാകും എന്ന് മലയാളത്തിന്റെ പ്രിയകഥാകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അവതാരികയിൽ അടിവരയിടുന്നു. 


 ഏറെ ചിന്തനീയവും അതിലുപരി രസകരവും വൈവിധ്യവുമായ സാമൂഹിക ചുറ്റുപാടിൽ പലയിടങ്ങളിലായി നമ്മൾ കണ്ടുമുട്ടുന്നവരുടെ വ്യഥകളും ആകുലതകളും മർമ്മരങ്ങളും അറിയാതെ ആവാഹിച്ചെടുത്ത  കഥകളുടെ സമന്വയം തന്നെയാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രകൾ ഇഷ്ടപ്പെടുന്ന ഈ കഥാകാരി ഇതിനകം നിരവധി സ്ഥലങ്ങളിൽ വ്യത്യസ്തമായ ആളുകളുമായി സംവദിച്ചിട്ടുണ്ട്. പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടും സല്ലപിക്കുന്നതിനു സമയം കണ്ടെത്തിയിരുന്ന സനിതക്ക് സ്വാനുഭവത്തിന്റെ വെളിച്ചത്തിലല്ലാതെ ഇത്രയും മനോഹരമായി ഒരു രചന നിർവ്വഹിക്കാൻ കഴിയില്ല. 


ജീവിതത്തിന്റെ മഹാ വിഹായസ്സിലേക്ക് സനിത തന്റെ കഥകളിലൂടെ നമ്മെ നയിക്കുമ്പോൾ കല്ലും മുള്ളും നിറഞ്ഞ ഒരു ലോകത്തെക്കാണെന്നു നമുക്ക് കാണാൻ കഴിയില്ല. ഭാവനകൾക്കും  സ്വപ്‌നങ്ങൾക്കുമപ്പുറം തീഷ്ണമായ ജീവിതാനുഭവങ്ങളുടെ ഒരു മായാ പ്രപഞ്ചത്തിലെ നേരനുഭവങ്ങൾ നമുക്ക് കാണാനാവും. തന്റെ രചനയുടെ അന്തർഭാഷാകണ്ണികൾ അതിന്റെ വികാരത്തോടെ വായനക്കാരിൽ പ്രകടിപ്പിക്കാൻ സാധിക്കുന്നതിലൂടെ മാത്രമേ ഒരു എഴുത്തുകാരിക്ക് വായനക്കാരുടെ മനസ്സിൽ ഇടം ലഭിക്കൂ എന്ന സനിതയുടെ കാഴ്ചപ്പാട് തന്നെയാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. കറൻസി നോട്ടും , മൃതദേഹവും ,വാടകമുറിയും ,പ്രളയവും, ഓട്ടോറിക്ഷയും ,ദൈവവും, നേർച്ച കോഴിയും, കാക്കയും ,പല്ലിയും ,സോക്‌സും ,നിക്കറുമൊക്കെ കഥാപാത്രങ്ങളായി വിരാജിക്കുന്ന സന്ദർഭങ്ങളിൽത്തന്നെ കുടുംബ ബന്ധങ്ങളും , പട്ടിണിയും , പ്രാരബ്ധവുമൊക്കെ വായനക്കാരെ വിസ്മയിപ്പിക്കുന്ന സാമൂഹിക പ്രതിബദ്ധയിലൂന്നിയ രചനാരീതി ഏറെ വ്യത്യസ്തമാക്കുന്നു. 
മനുഷ്യൻ മാത്രമല്ല, പക്ഷികളും മൃഗങ്ങളും, വ്യത്യസ്തമായ വസ്തുക്കളും, ജീവനില്ലാത്ത മൃതദേഹങ്ങളും കഥാപാത്രങ്ങളാവുന്ന ഈ സമാഹാരത്തിൽ സാമൂഹിക സാഹചര്യങ്ങളിലെ അനിവാര്യമായ കലാപങ്ങളും ഏറ്റുമുട്ടലുകളും നമുക്ക് കാണാൻ കഴിയും. കാപട്യത്തിന്റെ കണ്ണ് നീർ കൊണ്ട് മൃതദേഹത്തെ പൊതിയുന്ന സരളമായ ആഖ്യാന ശൈലിക്കൊപ്പം പരേതന്റെ ശബ്ദം എന്ന കഥ നിരവധി ചോദ്യങ്ങൾ സമൂഹത്തോട് ചോദിക്കുന്നുണ്ട്. അമ്പല മുറ്റത്ത് നടയിരുത്തി കടന്നു പോയ മകനെ കാത്തിരിക്കുന്ന ഒരമ്മയുടെ മൗന നൊമ്പരമാണ് മകൻ എന്ന കഥയിലൂടെ കഥാകാരി വരച്ചു കാട്ടുന്നത്. 


സാമൂഹിക ജീവിതത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ഒരു വിഭാഗമാണ് പ്രവാസികളുടെ ഭാര്യമാർ. പുറമേക്ക് മോഡി പിടിപ്പിച്ചു മേനി നടിച്ചു നാടകീയമായ ജീവിത സാഹചര്യങ്ങളിൽ രണ്ടറ്റം കൂട്ടി മുട്ടിക്കുന്നതിനു പെടാപാട് പെടുന്ന പ്രവാസിയുടെ ഭാര്യ എന്നകഥയും ഏറെ ശ്രദ്ധേയമാണ്. ബാലാൽക്കാരത്തിലൂടെ ക്രൂരമായ കൊലപാതകത്തിന് ഇരയാകുന്ന ഒരു സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടം  ചെയ്യുന്ന മുറിയിൽ സംസാരിക്കുന്നതാണ് ഇരകൾ എന്ന കഥയിലെ സാരാംശം. സാമൂഹിക ജീവിതത്തിന്റെ വേദനകൾ നിറഞ്ഞു നിൽക്കുന്ന കഥകൾക്കൊപ്പം എഴുത്തിന്റെ ശക്തിയും സൗന്ദര്യവും പോരാട്ടവും ജ്വലിപ്പിക്കുന്ന കഥകളിൽ പെൺ ശക്തിയുടെ  രണ്ടാം വരവിന്റെ അഗ്നിനാളങ്ങളുണ്ട്. സ്‌കൂൾ കാലഘട്ടങ്ങളിൽ, കൂട്ടുകാരുമൊത്തുള്ള നടത്തത്തിനിടയിലാണ് സനിത കഥകൾ മെനഞ്ഞു തുടങ്ങിയത്. പിന്നീടെപ്പോഴോ ആണ് കഥകൾ സനിതക്ക് എഴുത്ത് രൂപത്തിൽ വന്നു ചേർന്നത്. കോളേജ് കാലഘട്ടത്തിൽ നിന്നുപോയ വായനാശീലം പിന്നെ തുടങ്ങിയത് കവിതയുടെ രൂപത്തിലാണ്. കവിതകളാണ് മറ്റൊരു ലോകം കാണിച്ചുതന്നതെന്നു ഇവർ വിശ്വസിക്കുന്നു. പല കവിതകളും തന്നോട് ചേർത്ത് സ്വയം സങ്കൽപ്പിച്ചു. പലതിലേയും നായിക തനായി മാറുകയും കവിതയിലൂടെ കഥകളും കണ്ടെത്തി ആ കഥകളോട് അഗാധമായ പ്രണയം തോന്നി തുടങ്ങിയതായി സനിത പാറാട്ട് വിശ്വസിക്കുന്നു. 


ചിരിയും ചിന്തയും കണ്ണീരും പടർത്തുന്ന വശ്യസുന്ദരമായ മായ എഴുത്ത് മനോഹാരിതക്കപ്പുറം ചുറ്റിലും കാണുന്ന ഓരോ ജീവജാലങ്ങളിലും ചിന്തയും ജീവനുമുണ്ടെന്ന് നമ്മെ തിരുത്തപ്പെടുത്തുന്നു.
ഭാവനയുടെ വെയിൽ നാളങ്ങളായി മാറുന്നത് ജീവിതത്തിന്റെ നിറവും മണവുമുള്ള മികവുറ്റ കഥകളാണ്. ജീവിതത്തിന്റെ നിഴലും പ്രകാശവുമാണ്. സാമൂഹിക വിഷയങ്ങളും പ്രണയവും സൗന്ദര്യവും നിറഞ്ഞു തുളുമ്പുന്ന കഥാ സമാഹാരവും കവിതാ സമാഹാരവും വീണ്ടും പ്രസിദ്ധീകരിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് സനിത പാറാട്ട് പ്രസാധകരായ ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ടാം രാവിന്റെ രണ്ടാം പതിപ്പ് സംവിധായകൻ സത്യൻ അന്തിക്കാട് കഴിഞ്ഞ ദിവസം തൃശൂരിൽ പ്രകാശനം ചെയ്തിരുന്നു.

 


 

Latest News