കോഴിക്കോട്- നബിദിന ഘോഷയയാത്രക്കിടെ താനൂർ ഉണ്യാൽ കടപ്പുറത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ്‌സമസ്ത നേതാക്കൾ തുറന്ന പോരിലേക്ക്. യൂത്ത് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ ബഷീർ ഫൈസി ദേശമംഗലവുമാണ് പരസ്യപ്പോരുമായി രംഗത്തെത്തിയത്. താനൂരിലെ സംഘർഷം ഇരുവിഭാഗം സുന്നികൾ തമ്മിലുണ്ടായ സംഘർഷമാണെന്ന നജീബ് കാന്തപുരത്തിന്റെ അഭിപ്രായത്തിനെതിരെ ബഷീർ ഫൈസി രംഗത്തെത്തിയത് പരസ്യപ്പോരിലേക്ക് വഴി തുറന്നു.
നബിദിനറാലിക്കിടെ ഉണ്ണ്യാലിൽ ഉണ്ടായ അക്രമത്തിൽ ആറുപേർക്ക് കുത്തേറ്റ വാർത്ത ഏറെ ആശങ്കാജനകമാണ്. പ്രവാചകന്റെ പേരിൽ നടക്കുന്ന ഒരു ചടങ്ങിൽ പോലും സഹിഷ്ണുത കാണിക്കാനാവില്ലെങ്കിൽ ഇതെന്ത് ഇസ്ലാമാണ് നാം പ്രദർശ്ശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും മതം പഠിപ്പിക്കുന്ന സ്‌നേഹത്തിന്റെയും സമഭാവനയുടെയും പാഠം പഠിക്കാതെ സ്വലാത്ത് ജാഥകൾ കൊണ്ട് റോഡ് നിറച്ചിട്ട് ആർക്കെന്ത് ഗുണമാണ് ലഭിക്കുക എന്നുമുള്ള നജീബ് കാന്തപുരത്തിന്റെ പോസ്റ്റിനെതിരെ കടുത്ത വിമർശനവുമായി ബഷീർ ഫൈസി രംഗത്തെത്തി.
സി.പി.എമ്മും ലീഗും രാഷ്ട്രീയത്തിന്റെ പേരിൽ വെട്ടുംകുത്തും നടത്തി എ.പിഇ.കെ സംഘട്ടനം എന്ന പേരിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ബഷീർ ഫൈസിയുടെ മറുപടി.
തീരദേശമേഖലകളിൽ കാലങ്ങളായി തുടരുന്ന ദാരിദ്ര്യം മുതലെടുത്ത് തുടർന്നുവരുന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ തുടർച്ചയാണ് ഉണ്ണ്യാലിൽ ഉണ്ടായത്. രാഷ്ട്രീയ സംഘർഷം 'നബിദിന റാലിയിൽ പോലും..' എന്ന പേരിലാക്കി സോഷ്യൽ മീഡിയയിൽ രോഷം കൊണ്ടിട്ട് കാര്യമില്ലെന്നും ആ പരിപ്പ് ഇറക്കിവെക്കാനും നജീബ് കാന്തപുരത്തിനോട് ബഷീർ ഫൈസി ആവശ്യപ്പെട്ടു.
എന്നാൽ, ഇതിനെതിരെ രൂക്ഷമായ മറുപടിയുമായി നജീബ് വീണ്ടും രംഗത്തെത്തി. ഞാൻ കാന്തപുരത്ത് പോരാടി വളർന്ന മുസ്ലിം ലീഗ് പ്രവർത്തകനാണെന്നും ലീഗും സമസ്തയുമൊക്കെ ഒന്നിച്ച് തന്നെ പോവണമെന്നാഗ്രഹിക്കുന്ന അടിയുറച്ച സുന്നിയാണെന്ന് ഓർമ്മിപ്പിച്ച നജീബ്, കടുത്ത ലീഗ് വിരുദ്ധനായ ബഷീർ ഫൈസി ദേശമംഗലത്തെ പോലുള്ള നാലാം കിടക്കാർ സമസ്തയുടെ ലേബലിൽ വിരട്ടാൻ വന്നാൽ അത് അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും വ്യക്തമാക്കി. ഉണ്യാലിൽ നടന്നത് സി.പി.എമ്മിന്റെ കടുത്ത ആക്രമണമാണെന്ന് നല്ല ബോധ്യമുണ്ട്. മത ചടങ്ങുകളെ പോലും മുസ്ലിം നാമധാരികളായ സഖാക്കളെ വിട്ട് ആക്രമിക്കുന്ന സി.പി.എമ്മിന്റെ നിലപാടിനെ തന്നെയാണ് ഞാൻ വിമർശിച്ചത്. അത് മനസിലാക്കാനുള്ള ആൾതാമസം തലയിലില്ലാത്തവർ എന്നെ വിരട്ടാൻ വരേണ്ടെന്നും വഴിയിൽ പോകുന്നവർക്കൊക്കെ കൊട്ടാനുള്ള ചെണ്ടയല്ല യൂത്ത് ലീഗ് നേതാക്കളെന്നും നജീബ് പറഞ്ഞു.
താനൂരിൽ നടന്നത് രാഷ്ട്രീയ സംഘർഷമാണെന്ന നിലപാടിൽ ഉറച്ചുനിന്നാണ് ഇതിന് ബഷീർ ഫൈസി മറുപടി നൽകിയത്. രാഷ്ട്രീയ കാരണങ്ങളാൽ അരങ്ങേറിയ അനിഷ്ട സംഭവത്തെ സുന്നികൾക്കിടയിലെ തമ്മിൽതല്ലു എന്ന വിധത്തിൽ പരാമർശിച്ചതിനെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിമർശനത്തോടെ താൻ ലീഗ് വിരുദ്ധനും നാലാം കിടക്കാരനും തലയിൽ ആൾതാമസമില്ലാത്തവനുമായി. ലീഗിനെയോ മുനവ്വറലി തങ്ങളെയോ ഞാൻ വിമർശിച്ചതായി തെളിയിച്ചാൽ എസ്.കെ.എസ്.എസ്.എഫ് ട്രഷറർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും ബഷീർ ഫൈസി പറഞ്ഞു. സമസ്തയുടെ ആശയപരമായ നക്ഷത്രക്കുതിപ്പുകളെ പഴഞ്ചൻ മുദ്ര കുത്തി മാറ്റി നിർത്താൻ ശ്രമിച്ചാൽ ചെറുക്കും ബഷീർ ഫൈസി പറഞ്ഞു.
ഇതിനെതിരെ, ബഷീർ ഫൈസി അടുപ്പിലെ ന്യായവുമായി വരരുതെന്ന് പറഞ്ഞ് നജീബ് കാന്തപുരം വീണ്ടും രംഗത്തെത്തി. ബഷീർ ഫൈസിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ വിമർശിക്കാം. ലീഗിനെയും ചന്ദ്രികയെയും വിമർശിക്കാം. യൂത്ത് ലീഗിനെ പഠിപ്പിക്കാം. യാതൊരു ഔചിത്യവുമില്ലാതെ എഫ്.ബിയിൽ പരസ്യമായി പരിഹസിക്കാം. എന്നാൽ തിരിച്ചു പറഞ്ഞാൽ പൊള്ളും. അത് അടുപ്പത്തെ ന്യായമാണ്. ഇങ്ങോട്ട് പരസ്യമായി പറഞ്ഞാൽ അങ്ങോട്ടും പരസ്യമായി പറയും. അതിന് പൊങ്കാല കൊണ്ട് മൂടിയാലും അവസാന ശബ്ദം നിലക്കും വരെയും പറയും. പിന്നെ രാഷ്ട്രീയ ഭാവി മാത്രമല്ല, നാളെ നമ്മളൊക്കെ ജീവിച്ചിരിക്കുമോ എന്ന് നിശ്ചയിക്കുന്നത് അല്ലാഹു മാത്രമാണ്. ആ വിധിയിൽ വിശ്വസിക്കുന്ന ഒരു മുസ്ലിമെന്ന നിലയിൽ എന്റെ ഭാവിയിൽ ആരും ഉൽക്കണ്ഠപ്പെടേണ്ട. നിങ്ങൾക്കൊക്കെ വിമർശിക്കാൻ അവകാശമുണ്ടെങ്കിൽ അതിന് മറുപടി പറയാനുള്ള അവകാശം ഞങ്ങൾക്കുമുണ്ടെന്ന് നജീബ് കാന്തപുരം പറഞ്ഞു.
ഉണ്യാലിൽ മുസ്ലിം ലീഗിന്റെ ഒരു പ്രകടനത്തിനിടയിലല്ല ആക്രമണമുണ്ടായത്. നബിദിന ഘോഷയാത്രക്കിടയിലാണ്. വെട്ട് കൊണ്ട മുസ്ലിം ലീഗ് പ്രവർത്തകർ ആ ജാഥയിൽ അണിനിരന്നത് ലീഗുകാരായിട്ടല്ല. സമസ്തയുടെ പ്രവർത്തകരെന്ന നിലയിലാണ്. അവരെ ആക്രമിച്ച സി.പി.എം പ്രവർത്തകരുടെ മത സംഘടന ഏതാണ്. പ്രവാചകനെ സ്‌നേഹിക്കുന്നവരെന്നും മുസ്ലിം സംരക്ഷകരെന്നും പറയുന്നവരുടെ ഇസ്ലാമിനോടുള്ള കാഴ്ചപ്പാടിനെ തന്നെയാണ് വിമർശിച്ചത്. എന്താണ് ഫൈസി ഇതിനു പറഞ്ഞ മറുപടി. മുസ്ലിം ലീഗ് സി.പി.എം സംഘട്ടനത്തെ നൈസായി ഇ.കെ സമസ്തയുടെ തലയിൽ കെട്ടിവെക്കേണ്ടെന്ന്. അപ്പോൾ നബിദിന റാലിയിൽ ആക്രമിക്കപ്പെട്ട ഈ സഹോദരങ്ങൾ സമസ്ത പ്രവർത്തകരും കൂടെയല്ലേ.. എ.പി ഇ.കെ സംഘട്ടനങ്ങൾ നടന്ന കാലത്തെന്നെങ്കിലും ലീഗ് കുറ്റങ്ങൾ സമസ്തയുടെ തലയിൽ കെട്ടി വെച്ച് തടിയൂരിയിരുന്നോ.. സമസ്തക്ക് എന്നും ലീഗും ലീഗിനെന്നും സമസ്തയുമാണ് കൂടെയുണ്ടായിരുന്നത്. പിന്നെയിയാൾ പറയുന്നതെന്താണ്?
തീരദേശ മേഖലയിലെ ദാരിദ്ര്യം മുതലെടുത്ത് ലീഗും സി.പി.എമ്മും കാലങ്ങളായി നടത്തുന്ന കലാപമാണിതെന്ന്. താനൂരിലെ കോസ്റ്റൽ ബെൽട്ടിൽ ദാരിദ്ര്യം മുതലെടുത്ത് അക്രമികളെ വളർത്തുന്ന പാർട്ടിയാണ് ലീഗെന്ന് പച്ചക്ക് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ലീഗുകാരെനെന്ന നിലയിൽ മറുപടി പറയേണ്ടതുണ്ട്. മാത്രമല്ല ഇപ്പോൾ ഇ.കെ യും എ.പിയും ഭായി ഭായി ആണെന്നും ലീഗ് കുളം കലക്കുകയാണെന്നുമുള്ള ഒരു ദ്വയാർത്ഥ പ്രയോഗവും അംഗീകരിക്കാനാകില്ലെന്നും പക്ഷെ വന്ന വഴി ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്റെ സമസ്തയുടെ സർട്ടിഫിക്കറ്റ് ആരും വലിച്ചു കീറാൻ വരേണ്ടെന്നും എസ്.കെ.എസ്.എസ് .എഫിന്റെ രൂപീകരണ കാലം തൊട്ടേ കൂടെ നിൽക്കുകയും പലരും കൂടെ നിൽക്കാൻ മടിച്ചപ്പോഴും രണ്ട് കൈകൊണ്ടുമെഴുതി സത്യധാര നടത്തിക്കൊണ്ട് പോകുകയും ചെയ്ത കാലത്തൊന്നും ബഷീർ ഫൈസി ആളായിട്ടില്ല. ലീഗിനെ ബഷീർ ഫൈസി തോണ്ടാൻ തുടങ്ങിയിട്ട് കുറച്ചായി. ഇങ്ങോട്ട് തോണ്ടാമെങ്കിൽ അങ്ങോട്ട് തോണ്ടുമ്പോ വല്ലാതെ ചൊറിയരുതെന്നും നജീബ് കാന്തപുരം പറഞ്ഞു.
നേരത്തെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസും എസ്.കെ.എസ്.എസ്.എഫ് നേതാക്കളും തമ്മിലുണ്ടായിരുന്ന വാക്‌പോര് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. അതിന് ശേഷമാണ് വീണ്ടും ഇരു സംഘടന നേതാക്കളും തമ്മിൽ വാക്‌പോരുണ്ടാകുന്നത്.