കോട്ടക്കൽ- മലപ്പുറം ജില്ലയിൽ യു.ഡി.എഫിനെതിരായ പോരാട്ടം ഈ തെരഞ്ഞെടുപ്പിലും നയിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കൂടിയായ കെ.ടി ജലീൽ. മുസ്ലിം ലീഗിൽനിന്നും കോൺഗ്രസിൽനിന്നും വിമതരെയും പൊതു സ്വതന്ത്രരെയും തെരഞ്ഞെടുപ്പിൽ അണി നിരത്താനുള്ള ശ്രമങ്ങളെ മുന്നിൽനിന്ന് നയിക്കുന്നത് കെ.ടി ജലീലാണ്. ഒരു കാലത്ത് മുസ്്‌ലിം യൂത്ത് ലീഗിന്റെ നേതാവായിരുന്ന കെ.ടി ജലീൽ പിന്നീട് കുഞ്ഞാലിക്കുട്ടിക്കെതിരെ പടനയിച്ച് പാർട്ടിയിൽനിന്ന് പുറത്തുവരികയും ഇടതുസ്വതന്ത്രനായി കുറ്റിപ്പുറത്ത്‌നിന്ന് വിജയിച്ച് ഇടതുരാഷ്ട്രീയത്തിന്റെ മുഖ്യവക്താവുകയുമായിരുന്നു. കുറ്റിപ്പുറത്ത് നിന്ന് വിജയിച്ച ശേഷം പിണറായി വിജയനുമായി അടുത്ത ബന്ധം നിലനിർത്തിയ ജലീൽ പിന്നീട് മലപ്പുറം രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തി.
കുറ്റിപ്പുറത്തുനിന്ന് 2006-ൽ കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ച് നിയമസഭയിലേക്ക് എത്തിയതുമുതൽ ജലീൽ മലപ്പുറം ജില്ലയിലെ ഇടതുരാഷ്ട്രീയത്തിന്റെ നെടുംതൂണായി. 2009-ൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഡോ. ഹുസൈൻ രണ്ടത്താണിയെ അവതരിപ്പിച്ചത് ജലീലിന്റെ കാർമികത്വത്തിലായിരുന്നു. പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ പിന്തുണ കൂടി ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉറപ്പാക്കാനും ജലീലിന് സാധിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഹുസൈൻ രണ്ടത്താണിക്ക് വിജയിക്കാനായില്ലെങ്കിലും ജലീൽ മുന്നോട്ടുവെച്ച രാഷ്ട്രീയ നീക്കങ്ങൾ വീണ്ടും തുടർന്നു. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജലീൽ പുതിയ മണ്ഡലമായ തവനൂരിൽനിന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പഴയ കുറ്റിപ്പുറം മണ്ഡലം പുനർനിർണയിച്ചാണ് തവനൂർ മണ്ഡലമാത്. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിലും ജലീലിന്റെ നേതൃത്വത്തിൽ ചില മണ്ഡലങ്ങളിൽ പരീക്ഷണം നടന്നെങ്കിലും വിജയിച്ചില്ല. ആ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ജലീൽ അടക്കം രണ്ടു ഇടതു എം.എൽ.എമാർ മാത്രമാണ് വിജയിച്ചത്. എന്നാൽ 2016-ലെ തെരഞ്ഞെടുപ്പിൽ ജലീലിന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിൽ താനൂർ, നിലമ്പൂർ മണ്ഡലങ്ങൾ കൂടി യു.ഡി.എഫിന് നഷ്ടമായി. താനൂർ കോൺഗ്രസ് നേതാവായിരുന്ന വി.അബ്ദുറഹ്്മാനെ രംഗത്തിറക്കിയതിന് പിന്നിൽ ജലീലായിരുന്നു. ഇതേ തെരഞ്ഞെടുപ്പിലാണ് നിലമ്പൂരിൽ പി.വി അൻവർ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ തറപ്പറ്റിച്ചത്. തിരൂരിൽ ഗഫൂർ പി ലില്ലീസ്, തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് എന്നിവരെ രംഗത്തിറക്കുന്നതിലും ജലീൽ വിജയിച്ചു.
2021-ൽ എത്തിയതോടെ ജലീൽ കൂടൂതൽ പേരെ മത്സരിക്കാൻ രംഗത്തിറക്കി. കൊണ്ടോട്ടിയിൽ കെ.പി സുലൈമാൻ ഹാജിയെയും പെരിന്തൽമണ്ണയിൽ കെ.പി മുഹമ്മദ് മുസ്തഫയെയും സ്വതന്ത്രരായി രംഗത്തിറക്കി ജലീൽ മുസ്‌ലിം ലീഗിന് പ്രഹരമേൽപ്പിക്കാനുള്ള നീക്കം നടത്തുന്നു.
തിരൂരങ്ങാടിയിൽ കെ.പി.എ മജീദിനെതിരെ ലീഗ് പ്രവർത്തകരിൽ തന്നെയുണ്ടായ പ്രതിഷേധത്തെ അനുകൂലമാക്കാനുള്ള നീക്കമാണ് ജലീൽ പുതുതായി നടത്തുന്നത്. ഇതിന്റെ ഭാഗമായി സി.പി.ഐ നേരത്തെ പ്രഖ്യാപിച്ച അജിത് കൊളാടിക്ക് പകരം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച നിയാസ് പുളിക്കലകത്തിനെ രംഗത്തിറക്കാനുള്ള നീക്കമാണ് ജലീൽ നടത്തുന്നത്. ഇക്കാര്യത്തിൽ ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകും. ഈ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കരുതിയിരുന്ന പി.എം.എ സലാമിനെ ഇടതുസ്വതന്ത്രനായി രംഗത്തിറക്കാനും ജലീൽ നീക്കം നടത്തിയിരുന്നു.
രണ്ടായിരത്തിന്റെ ആദ്യപാദത്തിൽ ലീഗിൽനിന്ന് കലാപമുണ്ടാക്കി പുറത്തിറങ്ങിയതുമുതൽ ജലീൽ നടത്തുന്ന പ്രയത്‌നം ഈ തെരഞ്ഞെടുപ്പിലും എങ്ങിനെ മലപ്പുറം രാഷ്ട്രീയത്തിൽ ഓളമുണ്ടാക്കുന്നുണ്ടോ എന്നറിയാൻ ഫലമറിയുന്നതു വരെ കാത്തിരിക്കണം.