തൃശൂർ - വിവാദ സാത്താൻ സന്തതി പരാമർശം ആവർത്തിച്ച് സി.പി.എം നേതാവ് ബേബി ജോൺ. അസൂയാലുവായ ഒരു സാത്താന്റെ സന്തതി പാർപ്പിട നിർമ്മാണം തടസപ്പെടുത്തിയെന്നും പ്രേതകുടീരം പോലെ അതവിടെ കിടക്കുന്നുവെന്നും പറഞ്ഞ ബേബി ജോൺ അഞ്ച് വർഷം മുൻപ് വടക്കാഞ്ചേരിക്ക് സംഭവിച്ച തെറ്റ് തിരുത്തണമെന്നും പറഞ്ഞു. വടക്കാഞ്ചേരി എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനത്തിലാണ് ബേബി ജോൺ വിവാദ പരാമർശം ആവർത്തിച്ചത്. നേരത്തെ, ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തെ തുടർന്ന് വടക്കാഞ്ചേരിയിൽ ഇടതുമുന്നണി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പരാമർശം നടത്തിയത്. അനിൽ അക്കരയെ സാത്താൻറെ സന്തതിയെന്ന് വിളിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. അനിൽ അക്കരയുടെ അമ്മ സമൂഹമാധ്യമത്തിൽ പ്രതികരണം നടത്തുകയും ചെയ്തത് ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദം സജീവ ചർച്ചയാക്കുമെന്ന വ്യക്തമായ സൂചനയാണ് ബേബി ജോൺ പ്രസംഗത്തിലൂടെ നൽകിയതെന്നാണ് നേതാക്കൾ പറയുന്നത്. ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന കൺെവൻഷനിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി, സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ, എൻ.സി.പി സംസ്ഥാന നിർവ്വാഹക സമിതി അംഗം എ.വി. വല്ലഭൻ, ജനതാദൾ ജില്ലാ സെക്രട്ടറി അഡ്വ. ജോഫി, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. ജോഷി കുര്യാക്കോസ്, കോൺഗ്രസ് (എസ് ) ജില്ലാ സെക്രട്ടറി സി. ഡി. ജോസ്, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.കെ. കണ്ണൻ, ഡോ. പി. കെ.ബിജു, ജില്ലാ കമ്മിറ്റിയംഗം മേരി തോമസ്, എ. പത്മനാഭൻ എന്നിവർ സംസാരിച്ചു. പി. എൻ. സുരേന്ദ്രൻ സ്വാഗതവും എ.എസ്. കുട്ടി നന്ദിയും പറഞ്ഞു.