കണ്ണൂർ- മുസ്‌ലിം ലീഗിന്റെ വനിതാ സ്ഥാനാർഥിയെ പരിഹസിച്ചു കൊണ്ടുള്ള സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ഭാരവാഹിയും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി ടീച്ചറുടെ ഫേസ്ബുക് പോസ്റ്റ് വിവാദമാകുന്നു. വനിതാ സ്ഥാനാർഥിത്വത്തെ തന്നെ പരിഹസിച്ച വനിതാ നേതാവിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
മുൻ വനിതാ കമ്മീഷൻ അംഗവും വനിതാ ലീഗ് ഭാരവാഹിയുമായ അഡ്വ. നൂർബിന റഷീദിനെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥിയാക്കിയതിനെ പരിഹസിച്ചാണ് ശ്രീമതി ടീച്ചർ, 'കാക്ക മലർന്നു പറക്കുമോ' എന്ന് ഫെയ്‌സ് ബുക് പോസ്റ്റ് ഇട്ടത്. 1957 മുതൽ 21 വരെ മുസ്‌ലിം ലീഗിന് വനിതാ എം.എൽ.എ ഇല്ല. കാക്ക മലർന്നു പറക്കുമോ, മുസ്‌ലിം ലീഗിന് വനിതാ സ്ഥാനാർഥി! എന്നായിരുന്നു ടീച്ചറുടെ ഫേസ്ബുക് പോസ്റ്റ്. സ്ത്രീ ശക്തീകരണത്തിനും നവോഥാനത്തിനും വേണ്ടി ശബ്ദമുയർത്തുന്നു വെന്ന് അവകാശപ്പെടുന്ന ഒരു സംഘടനയുടെ ദേശീയ നേതാവും പല തവണ ജനപ്രതിനിധിയും ആയിരുന്ന ഒരാൾ ഇത്തരത്തിൽ സങ്കുചിത മനോഭാവത്തോടെ പോസ്റ്റിട്ടതിനെതിരെയാണ് പ്രതിഷേധം.
പുരുഷ നേതൃത്വ കേന്ദ്രീകൃതമായ മുസ്‌ലിം ലീഗിൽ, സമസ്ത ഉൾപ്പെടെയുള്ള മത സംഘടനകളുടെ പരസ്യ എതിർപ്പ് മറികടന്നാണ് കാൽ നൂറ്റാണ്ടിന് ശേഷം ലീഗ് വനിതാ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. ഈ നീക്കത്തെ പുരോഗമനപരമായ നിലപാടായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ നിലപാടിനെ സ്വാഗതം ചെയ്തില്ലെങ്കിലും പരിഹസിക്കുന്നത് പുരോഗമന പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സി.പി.എം നേതൃത്വത്തിന് ചേർന്നതല്ലെന്നതാണ് വിലയിരുത്തുന്നത്. ശ്രീമതി ടീച്ചറുടെ പോസ്റ്റ്, ലീഗ് സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വാക്കുകൾ വർഗീയ പരമായ ആക്ഷേപമായി പോലും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. തുടർ ഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന ഇടതുപക്ഷത്തിന് ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണെന്നിരിക്കെ, ഇത്തരത്തിലുള്ള അപക്വമായ അഭിപ്രായപ്രകടനങ്ങൾ എതിർ ഫലങ്ങളാണുണ്ടാക്കുകയെന്നും വിലയിരുത്തപ്പെടുന്നു.
നേരത്തെ ശബരിമല വിവാദവും നവോഥാന മതിൽ ഉൾപ്പെടെയുള്ള പരിപാടികളും നടന്നപ്പോൾ ഹൈന്ദവ സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നത് ശരീരം പ്രദർശിപ്പിക്കാനാണെന്ന് പ്രസംഗിച്ച ടീച്ചറുടെ വാക്കുകൾ, ഈ തെരഞ്ഞെടുപ്പിലും സംഘ്പരിവാർ ഗ്രൂപ്പുകൾ വ്യാപകമായി പ്രചാരണായുധമാക്കുന്നുണ്ട്. ഇതിനെ രാഷ്ട്രീയ നീക്കമെന്ന് പറഞ്ഞ് തള്ളിക്കളയാമെങ്കിലും നിഷ്പക്ഷ വോട്ടർമാരിൽ ഉണ്ടാക്കുന്ന വികാരം വലുതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുസ്‌ലിം ലീഗ് എന്ന രാഷ്ടീയ പാർട്ടി വളരെ സങ്കുചിതമായി ചിന്തിക്കുന്ന പാർട്ടിയാണെന്നും, ഇതിൽ വനിതകൾക്ക് യാതൊരു പ്രാധാന്യവും പ്രാതിനിധ്യവും ഇല്ലെന്നാണ് സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ ആക്ഷേപിക്കാറുള്ളത്. ഇതിന്റെ മുനയൊടിക്കുന്നതാണ് ലീഗ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ തീരുമാനം. മറ്റ് രാഷ്ട്രീയ പാർട്ടികളെ പോലെ ഏതെങ്കിലുമൊരു സീറ്റ് നൽകുകയല്ല, നല്ല സ്വാധീനമുള്ള സിറ്റിംഗ് സീറ്റാണ് വനിതാ സ്ഥാനാർഥിക്ക് ലീഗ് നൽകിയത്. ഇതിനെ പരിഹസിച്ച ശ്രീമതി ടീച്ചറുടെ നിലപാടിനെതിരെ വരും നാളുകളിലും പ്രതിഷേധം കനക്കുമെന്നാണ് സൂചന.