തിരുവനന്തപുരം- ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ലോക കേരള സഭ സ്ഥിരം സംവിധാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ എം.പിമാരും എം.എല്‍.എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ 351 പേര്‍ സഭയിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനുവരി 12, 13 തീയതികളില്‍ നടക്കുന്ന ലോക കേരള സഭക്കു മുന്നോടിയായി വിളിച്ചു ചേര്‍ത്ത പത്രാധിപന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ ലക്ഷ്യങ്ങള്‍.
ഇന്ത്യന്‍ പൗരന്മാരും കേരളീയ പ്രവാസികളുമായ 177 പേരെ സര്‍ക്കാര്‍ ലോക കേരള സഭയിലേക്ക് നാമനിര്‍ദേശം ചെയ്യും. രണ്ടു വര്‍ഷത്തിലൊരിക്കലെങ്കിലും സഭ യോഗം ചേരും. ആദ്യം നാമനിര്‍ദേശം ചെയ്തവരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യും. പ്രവാസി മലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തും. നിയമസഭയുടെ താഴത്തെ ഹാളിലായിരിക്കും ലോക കേരള സഭ ചേരുക. മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഒരംഗം, യൂറോപ്പില്‍നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം. സഭയിലുരുത്തിരിയുന്ന നിര്‍ദേശങ്ങളെ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.