ആലപ്പുഴ- കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നിട്ടില്ലെങ്കിലും സിറ്റിംഗ് എം.എല്‍.എ അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ സീറ്റ് ഉറപ്പിച്ച് പ്രചാരണം തുടങ്ങിയതോടെ ജില്ലയില്‍ മുന്നുമുന്നണി സ്ഥാനാര്‍ഥികളും എത്തിയ ആദ്യ മണ്ഡലമായി അരൂര്‍. അരൂരിലെ എംഎല്‍.എ ആയിരുന്ന അഡ്വ. എ.എം ആരിഫ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആരിഫിനെതിരേ മല്‍സരിച്ച ഷാനിമോള്‍ ഉപതെരഞ്ഞെടുപ്പിലൂടെ അരൂരിന്റെ എം.എല്‍.എയായി. മണ്ഡലത്തിലെ മുക്കുമൂലകള്‍ കയറിയിറങ്ങിയുള്ള പ്രചാരണം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന അന്ന് മുതല്‍ തന്നെ ഷാനിമോള്‍ ആരംഭിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി എഫിന്റെ കുത്തക തകര്‍ത്ത അരൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ യു.ഡി.എഫിലെയോ കോണ്‍ഗ്രസിലെയോ ആര്‍ക്കും സംശയമില്ലായിരുന്നു. ഇതിനും പുറമെ, ഐശ്വര്യ കേരളയാത്ര സ്വീകരണ വേളയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ ഷാനിമോള്‍ ഉസ്മാന്റെ സ്ഥാനാര്‍ഥിത്വം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. അരൂര്‍ സീറ്റിനായി കോണ്‍ഗ്രസില്‍ മറ്റാരും അവകാശവാദമുന്നയിക്കുകയും ചെയ്തിട്ടില്ല. ഇതെല്ലാം കൊണ്ട് തന്നെ ജില്ലയില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടയാളായി ഷാനിമോള്‍ മാറുകയായിരുന്നു.
കുറഞ്ഞകാലംകൊണ്ട് അരൂരിന്റെ മനമറിഞ്ഞുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഷാനിമോളുടെ ജനപ്രീതി കണക്കിലെടുത്താണ് ശക്തയായ എതിരാളിയെ ഇടതുമുന്നണി രംഗത്തിറക്കിയത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റെന്ന നിലയില്‍ തുടര്‍ച്ചയായി രണ്ട് തവണ അരൂരിന്റെ മനസ്സ് കീഴടക്കിയ ദലീമാ ജോജോയാണ് ഷാനിമോള്‍ക്കെതിരെ രംഗത്തുള്ളത്. അരൂര്‍ മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ദലീമയുടെ വിപുലമായ കുടുംബ ബന്ധങ്ങള്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്ന പോലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും ഏറെ ആത്മവിശ്വാസം പകരുന്നതാണ്. ജില്ലയിലെ ഉന്നതരായ സി.പി.എം നേതാക്കളുടെ പേര് പറഞ്ഞുകേട്ടെങ്കിലും വിജയസാധ്യത മാത്രം മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി ദലീമയെ പോരിനിറക്കിയത്. ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന അരൂര്‍ ഷാനിമോളില്‍നിന്ന് പിടിച്ചെടുക്കാന്‍ ദലീമക്കാകുമെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നത് മുതല്‍ തന്നെ ദലീമ മണ്ഡലത്തില്‍ സജീവമാണ്.
ഏതാനും മാസം മുമ്പ് നിരന്തരം വോട്ടഭ്യര്‍ഥനയുമായി കടന്നുചെന്ന വീടുകളില്‍ പരിചയം പുതുക്കാന്‍ ഒരിക്കല്‍ കൂടിയെത്തുകയെന്ന വിഷമം മാത്രമേ ദലീമയെ അലട്ടുന്നുള്ളൂ.
അതിനുള്ള ഓട്ടപ്പാച്ചിലിലാണ് ദലീമയിപ്പോള്‍. മണ്ഡലത്തിന്റെ മനം കവര്‍ന്നവര്‍ എതിരാളികളായി വന്നതിലുള്ള ആശയക്കുഴപ്പം വോട്ടര്‍മാരെ അലട്ടുമെങ്കിലും രാഷ്ട്രീയ നിലപാടുകളുള്ള അരൂരുകാരെ ഇതൊന്നും കാര്യമായി ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് ഷാനിമോളും ദലീമയും.
എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിലെ അനിയപ്പന്‍ അരൂരില്‍ രണ്ടാം പോരാട്ടത്തിനിറങ്ങിയത് തങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഇടത്, വലത് മുന്നണി സ്ഥാനാര്‍ഥികള്‍ക്കുണ്ട്.
അനിയപ്പന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാര്യമായി വോട്ട് വാരിക്കൂട്ടിയിരുന്നു. പുറമെ മണ്ഡലത്തിന്റെ ഭാഗമായ കോടംതുരുത്തില്‍ എന്‍.ഡി.എ അധികാരത്തില്‍ വരികയും ചെയ്തത് ബി.ഡി.ജെ എസിന് ആശ്വാസം പകരുന്നുണ്ട്. ഫലം എന്തായാലും ജില്ലയില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ഏറ്റവുമാദ്യം സജീവമായത് അരൂരിലാണെന്ന കാര്യത്തില്‍ ഇവിടുത്തുകാര്‍ക്ക് അഭിമാനിക്കാം.
പ്രധാന സ്ഥാനാര്‍ഥികളെല്ലാം നേരത്തേ തന്നെ കളം നിറഞ്ഞതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമാണ് അരൂരില്‍.
എറണാകുളവുമായി അതിര്‍ത്തി പങ്കിടുന്ന അരൂര്‍ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ യു.ഡി.എഫിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്‍പതുതവണ അരൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ച കെ.ആര്‍ ഗൗരിയമ്മ രണ്ടുതവണ യു.ഡി.എഫിനൊപ്പം നിന്നതിനുപുറമെ 1957, 60, 1977 എന്നീ വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലുമാണ് അരൂര്‍ വലത്തേക്ക് ചാഞ്ഞത്. പിന്നീട് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഏഴ് തവണ അരൂരില്‍ പടവെട്ടിയ ഗൗരിയമ്മയെ മണ്ഡലത്തില്‍നിന്ന് ഓടിച്ചത് സി.പി.എമ്മിലെ യുവതുര്‍ക്കി ആരിഫാണ്. ആരിഫ് രണ്ടുതവണ വിജയിച്ചപ്പോള്‍ ആകെ ഒന്‍പതുതവണ മണ്ഡലം ഇടതുപാളയത്തിലായി. ഏഴു തവണ ഇടതുപക്ഷത്തും രണ്ടുതവണ ജെ.എസ്.എസിനെ പ്രതിനിധീകരിച്ചും ഗൗരിയമ്മ അരൂരില്‍ വെന്നിക്കൊടി പാറിച്ചു. 2006ല്‍ സി.പി.എമ്മിന്റെ പുതുമുഖമായി രംഗത്തുവന്ന ആരിഫിന്റെ അട്ടിമറി വിജയം ഗൗരിയമ്മ മണ്ഡലം തന്നെ ഉപേക്ഷിക്കുന്നതിന് കാരണമായി. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മ ചേര്‍ത്തലയിലേക്ക് മാറുകയായിരുന്നു. അരൂര്‍, അരൂക്കുറ്റി, എഴുപുന്ന, കോടംതുരുത്ത്, പെരുമ്പളം, ചേന്നംപള്ളിപ്പുറം, പാണാവള്ളി, തൈക്കാട്ടുശേരി, തുറവൂര്‍, കുത്തിയതോട് എന്നീ പഞ്ചായത്ത് പ്രദേശങ്ങളാണ് അരൂരിലുള്ളത്. ഈഴവ-ലത്തീന്‍ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണ് അരൂര്‍. അറബിക്കടലും വേമ്പനാട് കായലും അതിരിടുന്ന അരൂരില്‍ മല്‍സ്യമേഖലയിലെ തളര്‍ച്ചയാണ് ജനകീയപ്രശ്‌നം. കടലിനെയും കായലിനെയും ആശ്രയിച്ചു ജീവിക്കുന്ന സാധാരണ ജനങ്ങളാണ് ഇവിടെയുള്ളത്. കൂടാതെ കയര്‍ മേഖലയില്‍ പണിയെടുക്കുന്നവരും.
ഉപതെരഞ്ഞെടുപ്പിലെ വോട്ടുനില
അഡ്വ ഷാനിമോള്‍ ഉസ്മാന്‍(കോണ്‍.) 69356
അഡ്വ മനു സി പുളിക്കല്‍(സി പി എം) 67277
അഡ്വ പ്രകാശ് ബാബു(ബി ജെ പി) 16289
ഗീതാ അശോകന്‍(സ്വത.) 352
ആലപ്പി സുഗുണന്‍(സ്വത.) 142
അഡ്വ കെ ബി സുനില്‍കുമാര്‍(സ്വത.) 278
നോട്ട 840
ഷാനിമോള്‍ ഭൂരിപക്ഷം 2079