തിരുവനന്തപുരം- ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം കേരളത്തില്‍ 15 ആയി. മത്സ്യബന്ധനത്തിന് കടലില്‍ പോയ 120 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. നടുക്കടലില്‍ കുടുങ്ങിയ ഇവര്‍ക്കായുള്ള മത്സ്യത്തൊഴിലാളികളുടെ കാത്തിരിപ്പ് അഞ്ചാം ദിവസത്തിലേക്ക് കടന്നു. തീരരക്ഷാ സേനയും നാവിക സേനയും തിരച്ചില്‍ തുടരുന്നുണ്ട്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അലംഭാവത്തിനെതിരെ പ്രതിഷേധം തുടരുകയാണ്.
ഇനിയും 120 പേരെ കണ്ടെത്താനുെണ്ടന്ന ഔദ്യോഗിക കണക്ക് തീരങ്ങളുടെ നിലവിളിയായി മാറുകയാണ്. നൂറിലധികം പേര്‍ ലക്ഷദ്വീപിലെത്തിയിട്ടുണ്ടെന്ന വാര്‍ത്തകളിലാണ് പ്രതീക്ഷ. അവിടെയും ഓഖി ആഞ്ഞടിക്കുന്നത് ആധി കൂട്ടുകയാണ്. കാണാതായവരില്‍ 120 പേരും തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് കടലില്‍ പോയവരാണ്. ആലപ്പുഴയിലെ അഞ്ചുപേരെയും കാസര്‍കോട്ട് നിന്നുള്ള ഒരാളെയും കണ്ടെത്താനുണ്ടെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ഇതുവരെ 430 പേരെ രക്ഷിച്ചു. തിരുവനന്തപുരം 169, കോഴിക്കോട് 66, കൊല്ലം 55, തൃശൂര്‍ 40, കന്യാകുമാരി 100 എന്നിങ്ങനെയാണ് രക്ഷപ്പെടുത്തിയവരുടെ കണക്ക്. ഇതിനു പുറമെ ലക്ഷദ്വീപിലെ കല്‍പേനിയില്‍ 12 ബോട്ടുകളിലായി 138 പേര്‍ എത്തിയിട്ടുണ്ട്. അന്ത്രോത്തില്‍ ഒരു ബോട്ടും കിത്താനില്‍ രണ്ട് ബോട്ടുകളുമാണ് എത്തിയിട്ടുള്ളത്.
ലക്ഷദ്വീപില്‍ ഉഗ്രശക്തിയോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി. കേരളത്തിനും ലക്ഷദ്വീപിനുമിടയില്‍ കടല്‍ ഇപ്പോഴും പ്രക്ഷുബ്ധമാണ്. ചരക്കുമായി പോയ ഒരു ഉരു കടലില്‍ മുങ്ങിയതായി അധികൃതര്‍ക്ക് വിവരം ലഭിച്ചു. ലക്ഷദ്വീപിലെ മിനിക്കോയ്, കല്‍പേനി അടക്കമുള്ള ദ്വീപുകളിലെ ജനങ്ങള്‍ ദുരിതത്തിലാണ്. ഭക്ഷണവും ശുദ്ധജലവുമടക്കം കിട്ടാനില്ല. നേവിയുടെ ദുരിതാശ്വാസ കപ്പല്‍ ഇതുവരെ ദ്വീപിലെത്തിയിട്ടില്ല. കല്‍പേനി, കവരത്തി, മിനിക്കോയ് തുടങ്ങിയ ദ്വീപുകളിലാണ് പ്രതിസന്ധി രൂക്ഷം.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് മത്സ്യബന്ധനത്തിന് പോയവരാണ് ആഴക്കടലില്‍ പെട്ടുപോയതില്‍ ഭൂരിഭാഗവും. തിരുവനന്തപുരത്ത് തീരപ്രദേശത്തിന് 20 നോട്ടിക്കല്‍ മൈല്‍ അകലെ നാലു ദിവസമായി കടലില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ അവശതയിലായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ഉള്‍ക്കടലില്‍ മുപ്പതോളം വള്ളങ്ങള്‍ ഒരുമിച്ചു കെട്ടിയിട്ട നിലയില്‍ തിരച്ചില്‍ സംഘം കെണ്ടത്തിയിരുന്നു. എന്നാല്‍ ഇതില്‍നിന്നു ഒരു മത്സ്യത്തൊഴിലാളി പോലും വള്ളങ്ങള്‍ ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കരയിലേക്കു വരാന്‍ തയാറായില്ല. തുടര്‍ന്ന് വള്ളങ്ങളിലേക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, ഇന്ധനം എന്നിവ എത്തിച്ചു.
ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരും ഒഴിഞ്ഞുപോകേണ്ടിവന്നവരുമടക്കം 529 കുടുംബങ്ങള്‍ 30 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്. ചുഴലിക്കാറ്റില്‍ ഇതുവരെ 61 വീടുകള്‍ പൂര്‍ണമായും 930 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ കഴക്കൂട്ടത്തും കൊല്ലത്തും റോഡ് ഉപരോധിച്ചു. കടലില്‍ പോയവരെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങള്‍ തീരദേശത്ത് അലയടിക്കുകയാണ്. തേങ്ങലും കൂട്ടനിലവിളിയുമാണെവിടെയും. ഇന്ന് കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ കാണാതായവരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്ത് അടുത്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ട്വീറ്റ് ചെയ്തു. കേരളത്തില്‍നിന്നുള്ള 66 ബോട്ടുകളും തമിഴ്‌നാട്ടില്‍നിന്നുള്ള രണ്ടു ബോട്ടുകളുമടക്കം 68 ബോട്ടുകളാണ് മഹാരാഷ്ട്രയില്‍ അടുത്തിട്ടുള്ളത്. ഇതിലുള്ള 952 മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍നിന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളാണ് മഹാരാഷ്ട്രയില്‍ അടുത്തിട്ടുള്ളതെന്നാണ് വിവരം. ഇതിലുള്ള തൊഴിലാളികള്‍ ഭൂരിഭാഗവും തമിഴ്‌നാട്ടുകാരാണ്.
1