കൊല്ലം- ബിന്ദു കൃഷ്ണയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡി.സി.സി ഓഫീസില്‍ വൈകാരിക രംഗങ്ങള്‍. പ്രവർത്തകർക്കുമുമ്പില്‍ അവർ വിതുമ്പി. ബിന്ദു കൃഷ്ണയ്ക്ക് സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ രണ്ടു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചു.
ബിന്ദു കൃഷ്ണയ്ക്ക് പിന്തുണയറിയിച്ച് സ്ത്രീകള്‍ ഡി.സി.സി ഒാഫിസിലെത്തി മുദ്യാവാക്യം വിളിക്കുകയായിരുന്നു. പ്രവര്‍ത്തകരുടെ വികാരപ്രകടനത്തിനടിയിൽ ബിന്ദു കൃഷ്ണയും വിതുമ്പി.
നാലുവര്‍ഷമായി കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് കൊല്ലത്ത് മല്‍സരിക്കാമെന്ന് നേതൃത്വത്തെ അറിയിച്ചത്. കൊല്ലത്തിന് പകരമായി കുണ്ടറയിൽ മത്സരിക്കാമോ എന്ന് നേതാക്കൾ ചോദിച്ചുവെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
ബിന്ദു കൃഷ്ണക്ക് വേണ്ടി കൊല്ലത്ത് ഇതിനകം ചുവരെഴുത്ത് വരെ തുടങ്ങിയിരുന്നു. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയാക്കരുത്. ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചാല്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളെയും ഇത് ബാധിക്കുമെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.
ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും ഓഫീസിലെത്തിയ പ്രവര്‍ത്തകര്‍ പറഞ്ഞു.