Sorry, you need to enable JavaScript to visit this website.

തിരൂരങ്ങാടിയിൽ മജീദിനെതിരെ സലാം?, റിബൽ ഭീഷണിയിൽ ലീഗ്

കോട്ടക്കൽ- തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന മുസ്്‌ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെതിരെ ലീഗ് നേതാവ് പി.എം.എ സലാമിനെ മത്സരിപ്പിക്കാൻ ഇടതുനീക്കം. കെ.പി.എ മജീദിന് എതിരെ ലീഗ് പ്രവർത്തകരുടെ ഒരു വിഭാഗത്തിൽനിന്ന് ഉയർന്ന പ്രതിഷേധം മുതലാക്കാനാണ് ഇടതുശ്രമം. പി.എം.എ സലാമുമായി ഇടതുകേന്ദ്രങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ അദ്ദേഹം തീരുമാനം ഇതേവരെ അറിയിച്ചിട്ടില്ല. തിരൂരങ്ങാടിയിൽ സി.പി.ഐയിലെ അജിത് കൊളാടിയാണ് ഇടതുസ്ഥാനാർത്ഥി. പുതിയ പശ്ചാതലത്തിൽ മത്സരത്തിൽനിന്ന് പിൻവാങ്ങാനുള്ള സന്നദ്ധത അജിത് കൊളാടി നേതൃത്വത്തെ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ, പി.വി അൻവർ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ് എന്നിവർ സലാമുമായി ബന്ധപ്പെട്ടു. അതിനിടെ, ഇന്ന് വൈകിട്ട് ഇ.ടി മുഹമ്മദ് ബഷീർ എം.പിയും സലാമുമായി ചർച്ച നടത്തും. വ്യാഴാഴ്ച വരെ സലാമായിരിക്കും തിരൂരങ്ങാടിയിൽ മത്സരിക്കുക എന്ന് അദ്ദേഹത്തെ പാർട്ടി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് വേണ്ടി ഒരുങ്ങാനും അദ്ദേഹത്തോട് പറഞ്ഞിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെയാണ് മജീദാണ് മത്സരിക്കുക എന്ന് വ്യക്തമായത്. സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലാത്ത കാര്യം പ്രഖ്യാപനത്തിന് മുമ്പോ അതിന് ശേഷമോ സലാമിനെ ലീഗ് നേതൃത്വത്തിൽനിന്ന് ആരും അറിയിച്ചിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായാണ് കെ.പി.എ മജീദ് തിരൂരങ്ങാടിയിൽ മത്സരിക്കാനെത്തുന്നത്. 
മലപ്പുറം മണ്ഡലത്തിൽ കെ.പി.എ മജീദിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിലും മണ്ഡലം കമ്മിറ്റി എതിർപ്പുമായി രംഗത്തെത്തി. മജീദിന് പകരം നിലവിലുള്ള എം.എൽ.എ പി. ഉബൈദുല്ല തന്നെ മതിയെന്ന് മണ്ഡലം കമ്മിറ്റി പാണക്കാട്ട് നേരിട്ടെത്തി പറഞ്ഞു. ഇതോടെ, പി.ഉബൈദുല്ലക്ക് തന്നെ മലപ്പുറത്ത് സീറ്റ് ലഭിച്ചു. പി.വി അബ്ദുൽ വഹാബിനെയും തുടക്കത്തിൽ മലപ്പുറത്ത് പരിഗണിച്ചിരുന്നു. 
തിരൂരങ്ങാടിയിൽ പി.എം.എ സലാം റിബൽ സ്ഥാനാർത്ഥിയായി രംഗത്തെത്തിയാൽ അത് മുസ്്‌ലിം ലീഗിന്റെ സാധ്യതയെ കാര്യമായി ബാധിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറായിരത്തോളം വോട്ടിനായിരുന്നു പി.കെ അബ്ദുറബ്ബ് വിജയിച്ചത്. നിയാസ് പുളിക്കലകത്തായിരുന്നു യു.ഡി.എഫിന്റെ എതിരാളി. 
കെ.പി.എ മജീദിനെ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ലീഗ് പ്രവർത്തകർ ഇന്ന് രാവിലെ പാണക്കാട്ട് നേരിട്ടെത്തി ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനോട് ലീഗ് നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിക്കാനാകില്ല എന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്.
 

Latest News