കണ്ണൂര്‍ - അഭ്യൂഹങ്ങള്‍ക്ക് വിരാമമായി, അഴീക്കോട് കെ.എം.ഷാജി തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥി. വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്ന വേളയിലാണ് ഷാജി മൂന്നാമങ്കത്തിനായി അഴീക്കോട് എത്തുന്നത്. കേന്ദ്ര- സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ പിന്തുടരുന്ന ഷാജി, തന്റെ നിരപരാധിത്വം അഴീക്കോട് വെച്ചു തന്നെ തെളിയിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്.
അഴീക്കോട് ഗവ. സ്‌കൂളില്‍ പ്ലസ് ടു സീറ്റ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ സംസ്ഥാന വിജിലന്‍സും അനധികൃത സമ്പാദ്യത്തിന്റെ പേരില്‍ കേന്ദ്ര ഏജന്‍സിയായ ഇ.ഡിയും അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ ഇത്തവണ മത്സര രംഗത്ത് ഉണ്ടാവില്ലെന്ന സൂചനയാണ് ഷാജി ആദ്യം നല്‍കിയിരുന്നത്. പിന്നീട് കാസര്‍കോട്, പെരിന്തല്‍മണ്ണ, കളമശ്ശേരി എന്നീ മണ്ഡലങ്ങളിലും ഷാജിയുടെ പേര് ഉയര്‍ന്നു കേട്ടു. ഇവിടെയെല്ലാം എതിര്‍ശബ്ദങ്ങളുമുണ്ടായി. എന്നാല്‍ മത്സരിക്കുന്നുവെങ്കില്‍ അത് അഴീക്കോട് തന്നെയാവുമെന്ന നിലപാടാണ് താന്‍ ആദ്യം മുതല്‍ കൈക്കൊണ്ടതെന്ന് ഷാജി പറയുന്നു.
2011 ലെ നിയമസഭാ തെരഞ്ഞെടുപിലാണ് സി.പി.എം കോട്ടയായ അഴിക്കോട്, വയനാടു നിന്നെത്തിയ ഷാജി, സി.പി.എമ്മിലെ എം. പ്രകാശന്‍ മാസ്റ്ററെ അട്ടിമറിച്ച് അത്ഭുത വിജയം നേടിയത്. നാനൂറില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു ഈ വിജയം. 2016 ലെ തെരഞ്ഞെടുപ്പില്‍ മാധ്യമ പ്രവര്‍ത്തകനായ എം.വി. നികേഷ് കുമാറിനെ പരാജയപ്പെടുത്തി ഷാജി രണ്ടാമതും വിജയിച്ചു. രണ്ടായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഈ വിജയം. നിയമസഭക്കകത്തും പുറത്തും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ മായി പ്രതികരിച്ച ഷാജിക്കെതിരെ വിജിലന്‍സിന്റെ കോഴക്കേസ് ഉയര്‍ന്നു വന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയ സ്വഭാവമുള്ള നോട്ടീസുകള്‍ ഉപയോഗിച്ചുവെന്ന പരാതിയില്‍ കേരള ഹൈക്കോടതി ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കാന്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ സുപ്രീം കോടതി ഈ ഉത്തരവ് മരവിപ്പിച്ചു. ഈ പ്രതിസന്ധിക്കും വിവാദങ്ങള്‍ക്കുമിടയിലാണ് ഷാജി, ഹാട്രിക് വിജയത്തിനായി അഴീക്കോട് എത്തുന്നത്. എന്നാല്‍ ഷാജിയെ എതിരിടാന്‍ സി.പി.എമ്മിലെ ജനകീയ മുഖമായ കെ.വി. സുമേഷാണുള്ളത്. കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കെ.വി. സുമേഷ് ഇതിനകം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.