Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതരായി ജീവിക്കാന്‍ കഴിയണം, പോലീസിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം; വേറെ രാഷ്ട്രീയമില്ലെന്ന് വാളയാർ പെണ്‍കുട്ടികളുടെ അമ്മ

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് വാര്‍ത്താസമ്മേളനത്തില്‍.

കല്‍പറ്റ-നീതിയാത്ര സ്‌പോണ്‍സേഡ് സമരമല്ലെന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.  ഭര്‍ത്താവിനും വാളയാര്‍ നീതി സമരസമിതി  പ്രവര്‍ത്തകരായ കെ.വാസുദേവന്‍, ഡോ.പി.ജി.ഹരി എന്നിവര്‍ക്കുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നീതിയാത്ര തെരഞ്ഞെടുപ്പു പശ്ചാത്തലത്തില്‍ രാഷ്ട്രീയ താത്പര്യത്തോടെ സംഘടിപ്പിച്ച സമരമാണെന്ന ആരോപണം അവര്‍ തള്ളിയത്. മക്കളുടെ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ അട്ടിമറിച്ചതിനു പിന്നാലെ  2019 നവംബറില്‍ ആരംഭിച്ച സമരത്തിന്റെ തുടര്‍ച്ചയാണ് നീതിയാത്ര. പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണവും കേസ് അട്ടിമറിച്ച പോലീസ് അധികാരികള്‍ക്കെതിരെ ക്രിമിനല്‍ നടപടിയും തേടിയാണ് നീതിയാത്ര.

കേരളത്തിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും സുരക്ഷിതരായി ജീവിക്കാന്‍ കഴിയണം. പോലീസിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. ഇതാണ് നീതിയാത്രയിലെ രാഷ്ട്രീയം. വികല ബുദ്ധികളാണ് യാത്രാലക്ഷ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും സ്‌പോണ്‍സേഡ് സമരമായി ചിത്രീകരിക്കുന്നതും. ഇനി അധികാരത്തില്‍ വരുന്നതു യു.ഡി.എഫ് സര്‍ക്കാരാണെങ്കിലും നീതി ലഭിക്കുന്നതുവരെ സമരം തുടരും. തന്റെ മക്കള്‍ക്കുണ്ടായ ദുര്‍ഗതി കേരളത്തില്‍ ഇനി മറ്റൊരു മക്കള്‍ക്കും ഉണ്ടാകരുത്. ക്രൂരകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അട്ടിമറിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു ഭരണകൂടം സ്ഥാനക്കയറ്റം നല്‍കുന്ന സ്ഥിതി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
വാളയാര്‍ സംഭവത്തില്‍ തുടരന്വേഷണമല്ല, പുനരന്വേഷണമാണ് വേണ്ടതെന്നു സമരസമിതി പ്രവര്‍ത്തകരായ കെ.വാസുദേവനും ഡോ.പി.ജി.ഹരിയും പറഞ്ഞു. 13ഉം ഒമ്പതും വയസുള്ള പെണ്‍കുട്ടികള്‍ ക്രൂരമായി പീഡപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസ് അട്ടിമറിച്ചതിനു പിന്നില്‍ ഭരണത്തില്‍ സ്വാധീനമുള്ള അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസിലെ പ്രതികള്‍ പ്രാദേശികമായി മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കൂലിപ്പണിക്കാരാണ്. ഇവരെ സംരക്ഷിക്കുന്നതിനായി പോലീസ് കേസ് ദുര്‍ബലപ്പെടുത്തിയെന്നു കരുതാനാകില്ല. പെണ്‍കുട്ടികളുടെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു സംശയിക്കുന്ന അദൃശ്യകരങ്ങളെ സംരക്ഷിക്കുന്നതിനാണ് കേസ് അട്ടിമറിച്ചത്. ഈ അദൃശ്യകരങ്ങള്‍ ആരുടേതാണന്നു വ്യക്തമാകുന്നതിനു കേസില്‍ പുനരന്വേഷണമാണ് ആവശ്യം.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുക വഴി സര്‍ക്കാര്‍ കേരള സമൂഹത്തെ പരിഹസിക്കുകയാണ്. കേസ് ആസൂത്രിതമായി ദുര്‍ബലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ്. എന്നാല്‍ അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പിക്കു സ്ഥാനക്കയറ്റം നല്‍കുയാണ് ചെയ്തത്. നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി വാക്കുനല്‍കിയ മറ്റൊരു ഉദ്യോഗസ്ഥന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദവിയില്‍ പോലീസില്‍ തുടരുകയാണ്.
കേസ് സി.ബി.ഐക്കു വിടുന്നതിനു സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മൂത്ത കുട്ടിയുടെ മരണം മാത്രം അന്വേഷിക്കുന്നതിനാണ് വിജ്ഞാപനം ഇറക്കിയത്. ഇതിലെ അപാകം തിരിച്ചറിഞ്ഞ പെണ്‍കുട്ടികളുടെ അമ്മയും സമരസമിതിയും ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നു രണ്ടു കുട്ടികളുടെയും മരണം അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായി. പക്ഷേ, തുടരന്വേഷണത്തിനാണ് വിജ്ഞാപനം ഇറക്കിയത്. സി.ബി.ഐ ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പട്ടിരിയാണ്. കേസ് അട്ടിമറിച്ചവരെ പുനരന്വേഷണം ഒഴിവാക്കി സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നതെന്നും സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
നീതിയാത്രയ്ക്കു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ മാനന്തവാടി, ബത്തേരി, കല്‍പറ്റ, വൈത്തിരി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. മാനന്തവാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി പി.കെ.ജയലയക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. സി.ആര്‍.നീലകണ്ഠന്‍, പി.ടി.ജോണ്‍, ഫാ.ബേബി ചാലില്‍, അജി കൊളോണിയ, അഡ്വ.ജവഹര്‍, പടയന്‍ അമ്മത്, സിസിലി, സെയ്ത്, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, വാളയാര്‍ കുട്ടികളുടെ അമ്മ എന്നിവര്‍ പ്രസംഗിച്ചു.  
 

Latest News