Sorry, you need to enable JavaScript to visit this website.

ഇതുപോലൊരു  ചുഴലിക്കാറ്റ്  77 കൊല്ലം മുമ്പ്  ; കേരളത്തിൽ ദുരന്തനിവാരണ സംവിധാനം ആടിയുലഞ്ഞു

തിരുവനന്തപുരം- ഓഖി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ  കേരളത്തിലെ ദുരന്ത നിവാരണ സംവിധാനം ആടിയുലഞ്ഞു. ആർക്കും ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥയിലാണ് ആദ്യ മണിക്കൂറുകൾ  കടന്നു പോയത്.  മനപ്പൂർവമെന്ന് പറയാൻ പറ്റാത്ത ഈ അവസ്ഥ കാരണം അടുത്ത ദിവസം  മന്ത്രിമാർക്ക് തീരദേശത്തേക്ക് ധൈര്യപൂർവ്വം പോകാൻ പറ്റാത്ത അവസ്ഥ പോലുമുണ്ടായി.   മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യക്തിപരമായി കടലോര നിവാസികളുടെ ബന്ധത്തിന്റെ ആത്മബലത്തിൽ  നേരിട്ട് തീരത്തെത്തി അവരുടെ പ്രശ്‌നങ്ങൾ കേട്ടു.   മന്ത്രി കടകം പള്ളി സുരേന്ദ്രന് രക്ഷയായത് നേവിയുടെ ഹെലി കോപ്ടറാണ്.  ഹെലികോപ്ടറിൽ കടലിൽ ആകാശ നിരീക്ഷണം  നടത്താൻ  സാധിക്കുക വഴി അദ്ദേഹത്തിനും വെള്ളിയാഴ്ച സാന്നിധ്യമറിയിക്കാനായി. ചില മന്ത്രിമാർ ആശുപത്രി സന്ദർശനം നടത്തി ജനവികാരത്തിനൊപ്പം നിന്നു.  മുകേഷ് എം.എൽ.എ കൊല്ലത്ത് നേരിട്ടെത്തി 'ജനവികാരം' അറിഞ്ഞു.

പ്രതിപക്ഷത്തെ കോൺഗ്രസ് നേതാക്കളാകട്ടെ തീര ദേശത്ത് നിന്ന് മാറിയില്ല. രമേശ് ചെന്നിത്തലയും, എം.എം ഹസനുമൊക്കെ മഴ  നനഞ്ഞും അല്ലാതെയും തീരങ്ങളിൽ നിറയുകയും ചെയ്തു. 
ചുഴലിക്കാറ്റ് കേരളത്തിന് പുതുമയായതും മുന്നറിയിപ്പ്  ഗൗരവത്തിലെടുക്കാതിരിക്കുന്നതിന് കാരണമായിട്ടുണ്ട്. അറബിക്കടലിൽ ഇത്രയും ശക്തമായ ചുഴലിക്കാറ്റ് പുതിയതാണെന്നാണ് ഈ രംഗത്തെ ശാസ്ത്രജ്ഞർ പറയുന്നത്.  കൊല്ലവർഷം 1116 ലാണ് കേരളത്തിൽ വലിയ ചുഴലിക്കാറ്റടിച്ചതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ദുരന്തനിവാരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി പറയുന്നത്.  അതു കഴിഞ്ഞിട്ടിപ്പോൾ  77 കൊല്ലമായി.  വർദ കാറ്റിൽ  നിന്ന് പാഠം ഉൾക്കൊണ്ട  തമിഴ്‌നാട് ദുരന്ത നിവാരണ വിഷയത്തിൽ ഏറെ ജാഗ്രതയിലായിരുന്നു.  ദുരന്തത്തിന്റെ ആഘാതം കുറെയൊക്കെ തടയാൻ അതു കാരണം അവർക്ക് സാധിച്ചു.  രണ്ട് സംസ്ഥാനങ്ങൾക്കും ഒരേ സമയമാണ് ദുരന്ത മുന്നറിയിപ്പ് ലഭിച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. കേരള തീരത്തു ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് 29 ന് തന്നെ ദുരന്ത നിവാരണ അതോറിറ്റിയെ കാലാവസ്ഥാവകുപ്പ് അറിയിച്ചിരുന്നതാണെന്ന് ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി  ഡോ. എം. രാജീവൻ വെളിപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവരെ ഫോണിൽ വിളിച്ചും പറഞ്ഞിരുന്നുവത്രെ. ഈ സന്ദേശങ്ങളിൽ  കഴിഞ്ഞ തവണ പാഠം പഠിച്ച തമിഴ് നാട് ഉണർന്നു. കേരളം ഉണരാൻ വൈകി. അതിന്റെ ഫലം  നാട് അനുഭവിക്കുന്നു.  
ആന്ധ്ര, തമിഴ് നാട് സംസ്ഥാനങ്ങളായിരുന്നു ഇത്രയും കാലം ചുഴലിക്കാറ്റിന്റെ മഹാദുരന്തങ്ങൾ ഏറ്റുവാങ്ങിയത്.  ആഞ്ഞടിച്ച ഓഖി കേരളത്തിന്റെ രക്ഷാബോധത്തെ ചുഴറ്റിയെറിഞ്ഞിരിക്കയാണ്.  ചുഴലിക്കാറ്റിന്റെ ആഘാതം കുറക്കാനുള്ള  ഫലപ്രദമായ നടപടികൾ വരും ദിവസങ്ങളിൽ സർക്കാരിൽ നിന്നുണ്ടാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്. ദുരന്ത നിവാരണ സംവിധാനത്തിൽ അടിമുടി മാറ്റം വരുത്തണമെന്ന നിർദ്ദേശമാണ് ആ രംഗത്തുള്ളവർ മുന്നോട്ട് വെക്കുന്നത്.  മുന്നറിയിപ്പ് സംവിധാനം ഫലപ്രദമാക്കിയും, ബോധവൽക്കരണം നടത്തിയും ഇത് സാധ്യമാക്കാനാവും. 
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പത്ര സമ്മേളനം നടത്തി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭ സ്ഥലങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കാതിരുന്നതിനെ ഉൾപ്പെടെ ഹസൻ കടന്നാക്രമിച്ചു. 
മുന്നറിയിപ്പ് നൽകുന്നതിൽ ഗുരുതര വീഴ്ച പറ്റിയതിനെയും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
 മുഖ്യമന്ത്രി പിണറായി വിജയന്റെയും, മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെയും വിശദീകരണം മറ്റൊന്നാണ്. ഇത്തരം ചുഴലിക്കാറ്റുകൾ സംസ്ഥാനത്തിന് പരിചിതമല്ലാത്തതാണെന്ന കാര്യം മുഖ്യമന്ത്രി  ഇന്നലെ പത്രസമ്മേളനത്തിൽ   എടുത്തു പറഞ്ഞു.  നിലവിൽ കാലാവസ്ഥാ അറിയിപ്പ് മൽസ്യത്തൊഴിലാളി മേഖലയിൽ എത്തിക്കുന്നതിൽ ചില അപാകതകൾ ഉണ്ട്. അത് പരിഹരിച്ച് ഓരോ തൊഴിലാളിക്കും വ്യക്തിപരമായി സന്ദേശങ്ങൾ ലഭിക്കുന്നവിധം സംവിധാനം മെച്ചപ്പെടുത്തുമെന്ന  പ്രഖ്യാപനവും അദ്ദേഹം നടത്തി. രോഷം കുറക്കുന്ന മറ്റൊരു നടപടിയും ഇന്നലെ ഭരണകൂടത്തിൽനിന്നുണ്ടായി -കാണാതായവരെ തെരയാൻ പോകുന്ന വാഹനങ്ങളിൽ മത്സ്യ തൊഴിലാളികളെയും കൂടെ കൂട്ടുക എന്ന നിർദ്ദേശം സർക്കാർ സ്വീകരിച്ചതാണത്. 
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആശങ്ക മുതലെടുത്ത് ചിലർ കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നാണ് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സംഭവത്തിൽ പ്രതികരിച്ചത്.  മുഖ്യമന്ത്രി  ആ നിലക്കുള്ള കടന്നാക്രമണങ്ങളിലേക്കൊന്നും കടക്കാതെ ശാന്തമായി  സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയാണുണ്ടായത്. 

Latest News