തിരുവനന്തപുരം- സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പേരു പറയാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് നിർബന്ധിച്ചുവെന്ന് കേസിലെ പ്രതി സന്ദീപ് നായർ. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ നിർബന്ധം ചെലുത്തിയെന്ന് സന്ദീപ് നായർ കത്തിൽ പറയുന്നു.
ഇവരുടെ പേര് പറഞ്ഞാൽ ജാമ്യം നേടാൻ സഹായിക്കാമെന്നായിരുന്നു. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിലാകുമെന്ന് ഭീഷണിപ്പെടുത്തി. സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചവരെ കുറിച്ച് അന്വേഷിച്ചില്ല. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല. ഇഡി ഉദ്യോഗസ്ഥരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും കത്തിൽ പറയുന്നു.
അതേസമയം, പ്രതിയുടെ കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇഡിയുടെ സംശയം. സന്ദീപ് കസ്റ്റഡിയിൽ ഉള്ളപ്പോൾ ഇത്തരം പരാതി കോടതിയിൽ പറഞ്ഞില്ല. പോലീസുകാരും പ്രതിയും ഇഡിയ്ക്കെതിരെ നൽകിയ മൊഴിയെക്കുറിച്ച് ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്.