Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ലീഗ് മതമൈത്രിയുടെയും അഭിമാനത്തിന്റെയും ആശാ കേന്ദ്രം -കെ.എം.സി.സി

മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി   സംഘടിപ്പിച്ച സംഗമം  അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ - മുസ്‌ലിം ലീഗ് മതമൈത്രിയുടെയും ആത്മാഭിമാനത്തിന്റെയും ആശാ കേന്ദ്രമെന്ന് ജിദ്ദ കെ.എം.സി.സി സെമിനാർ. ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ 73-ാമത് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ചതായിരുന്നു പരിപാടി. സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മതമൈത്രിയുടെയും സന്ദേശമുയർത്തി ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനും അഭിമാനകരമായ അസ്തിത്വത്തിനും വേണ്ടി ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് ചെയ്ത വിവിധങ്ങളായ സേവനങ്ങളെയും നേട്ടങ്ങളെയും അനുസ്മരിച്ചുകൊണ്ടും രാജ്യത്തെ വർഗീയ ഫാസിസ്റ്റ് ശക്തികളുടെ നേതൃത്വത്തിൽ നടക്കുന്ന കലുഷിതമായ വർത്തമാന കാലത്ത് മുസ്‌ലിം ലീഗിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തി കൊണ്ടും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റ 73-ാമത് സ്ഥാപക ദിനമാചരിച്ചു.  


സ്വാതന്ത്ര്യ സമരത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങളുടെയും   വിഭജനത്തിന്റെയും കലുഷിതമായ ഭൂമികയിൽ 1948 മാർച്ച് 10 ന് മദ്രാസിലെ രാജാജി ഹാളിൽ വെച്ച് ഖാഇദെ മില്ലത്ത് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് രൂപീകരണ വേളയിൽ, സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിം ലീഗ് പിരിച്ചുവിടണമെന്ന എതിർ ശബ്ദവുമായി വന്ന ഉത്തരേന്ത്യൻ നേതാക്കളുടെ ദീർഘ വീക്ഷണമില്ലായ്മയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്‌ലിം, ദളിത്, പിന്നോക്ക സമൂഹം ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണമെന്ന് കെ.എം.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു. ഒരു മതേതര ജനാതിപത്യ രാജ്യമായി ഇന്ത്യ നില നിൽക്കുന്നതിന് മുസ്‌ലിം ലീഗ് ആഗ്രഹിച്ചതനുസരിച്ച്, ഡോ.അംബേദ്കറെ മുസ്‌ലിം ലീഗിന് വേരുള്ള മണ്ഡലത്തിൽ നിന്ന് വിജയിപ്പിച്ചു ഭരണഘടനാ രൂപീകരണത്തിന് നേതൃത്വം കൊടുക്കാൻ മുസ്‌ലിം ലീഗ് സഹായിച്ചു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും ബി.പോക്കർ സാഹിബിന്റെയും നേതൃത്വത്തിലുള്ള  മുസ്‌ലിം ലീഗംഗങ്ങൾ ഇന്ത്യയിലെ പ്രമുഖരായ മതേതര ജനാതിപത്യ വിശ്വാസികളായ രാഷ്ട്ര ശിൽപികളോടൊപ്പം ഒരുമിച്ചിരുന്നു മതേതര ഭരണഘടന രൂപപ്പെടുത്തുന്നതിലും  ന്യൂനപക്ഷാവകാശങ്ങൾ ഭരണഘടനാപരമായി സംരക്ഷിക്കുന്നതിലും, മുസ്‌ലിം വ്യക്തി നിയമങ്ങൾ സംരക്ഷിക്കുന്നതിലും മത ന്യൂനപക്ഷങ്ങളെ പിന്നോക്ക വിഭാഗങ്ങളിൽ  ഉൾപ്പെടുത്തി ഭരണാഘടനാപരമായ സംരക്ഷണം ലഭ്യമാക്കുന്നതിലും നേതൃപരമായ പങ്കു വഹിച്ചു.


സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തുടക്കം മുതൽ മുസ്‌ലിം ലീഗ് പ്രതിനിധികൾ കേന്ദ്ര-സംസ്ഥാന നിയമ നിർമാണ സഭകളിൽ അംഗങ്ങളായി. പിൽക്കാലത്ത് അന്യായമായ ചില കോടതി വിധികളുടെ പശ്ചാത്തലത്തിൽ വിവാഹ മോചിതയായ ഭാര്യക്ക് ജീവനാംശം നൽകുന്നത് സംബന്ധിച്ചുള്ള വിധി, ആരാധനാലയങ്ങളുടെ സംരക്ഷണാവകാശ നിയമം തുടങ്ങി ന്യൂനപക്ഷ, മുസ്‌ലിം സമൂഹത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ സർക്കാരിനെക്കൊണ്ട് ശ്രദ്ധേയമായ നിയമ നിർമാണങ്ങൾ നടത്തുന്നതിലും മുസ്‌ലിം ലീഗിന് കഴിഞ്ഞു. ഇതര സമുദായങ്ങൾക്കെതിരെ വർഗീയ വിവേചനപരമായ പ്രവർത്തങ്ങളിലേർപ്പെടാതെ രാജ്യത്തെ മതേതര ജനാധിപത്യ നയങ്ങളിൽ അടിയുറച്ചു അധികാര പങ്കാളിത്തം വഹിച്ചു അവഗണിക്കപ്പെട്ട പിന്നോക്ക ന്യൂനപക്ഷ സമൂഹത്തിന്റെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക പുരോഗതിക്കായി പ്രവർത്തിക്കാൻ മുസ്‌ലിം ലീഗിന് സാധിച്ചു. ജനാധിപത്യ അധികാരവും വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും അതിവിദൂരമായ സ്വപ്‌നാമായി ഇന്നും മുസ്‌ലിം, ദളിത്, പിന്നോക്ക സമൂഹങ്ങളിൽ മറ്റുള്ള സംസ്ഥാനങ്ങളിൽ അവശേഷിക്കുമ്പോൾ കേരളത്തിൽ മുസ്‌ലിം ലീഗ് ശക്തമായത് കൊണ്ട് തന്നെ അവർക്ക് ഇതര സമുദായങ്ങളുമായി ചേർന്ന് കൊണ്ട് മതേതര ജനാധിപത്യ അധികാര സ്ഥാനങ്ങളിൽ വേണ്ട പ്രാതിനിധ്യം നേടിയെടുക്കാനും സാമൂഹിക വിദ്യാഭ്യാസ പുരോഗതി നേടാനുമായി.
ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് വി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. അബൂബക്കർ അരിമ്പ്ര, മജീദ് പുകയൂർ, സി.സി കരീം, എ.കെ. ബാവ, ഹബീബ് കല്ലൻ എന്നിവർ സംസാരിച്ചു.

 


 

Latest News