Sorry, you need to enable JavaScript to visit this website.

ഉമ്മൻ ചാണ്ടിയുടെ വരവിൽ കോൺഗ്രസിലെ പോര് കടുക്കും

തിരുവനന്തപുരം- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതോടെ കോൺഗ്രസിൽ രണ്ട് അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഒരിടവേളക്ക് ശേഷം ശക്തിപ്പെടും. 
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആരാവും മുഖ്യമന്ത്രിയെന്ന ചർച്ച കോൺഗ്രസ് കേന്ദ്രങ്ങളെ തെരഞ്ഞെടുപ്പ് കാലത്തു തന്നെ ചൂടുപിടിപ്പിക്കുമെന്നുറപ്പ്. ഗ്രൂപ്പ് തിരിഞ്ഞുള്ള തെരഞ്ഞെടുപ്പിലെ പോരാട്ടം പലപ്പോഴും കോൺഗ്രസിന് ഗുണം ചെയ്തിട്ടുണ്ട്. മറ്റു ചിലപ്പോൾ ദോഷവുമായിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പരസ്പരം കാലുവാരുകയെന്നത് ഇന്നത്തെ സാഹചര്യത്തിൽ ആത്മഹത്യാപരമായിരിക്കുമെന്ന് ഇരുകൂട്ടർക്കും ബോധ്യമുള്ള കാര്യമാണ്. ബി.ജെ.പിയാവും അതിന്റെ ഗുണഭോക്താക്കൾ. ഈ സാഹചര്യത്തിലാണ് യു.ഡി.എഫിന് ജയസാധ്യത കുറവുള്ള, നിലവിൽ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടി കോൺഗ്രസ് ഹൈക്കമാൻഡിനോട് സന്നദ്ധത അറിയിച്ചതായുള്ള അഭ്യൂഹം ദൽഹിയിൽനിന്ന് കേൾക്കുന്നത്. തീരുമാനം ഇന്നു മാത്രമേ പുറത്തു വരൂ. നേമത്ത് മത്സരിച്ചില്ലെങ്കിൽ സ്ഥിരം മണ്ഡലമായ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.


പരിചയ സമ്പന്നനായ ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസിനും യു.ഡി.എഫിനും തെരഞ്ഞെടുപ്പിൽ തന്ത്രങ്ങളൊരുക്കി മുന്നേറാൻ സഹായിക്കുമെന്നുറപ്പ്. അണികളെ ചലിപ്പിക്കാൻ ഉമ്മൻ ചാണ്ടിക്കുള്ളത്ര കഴിവ് ഇന്ന് കോൺഗ്രസിൽ മറ്റൊരു നേതാവിനുമില്ല. കോൺഗ്രസുമായി അടുത്ത കാലത്ത് അകന്നു നിൽക്കുന്ന ക്രിസ്ത്യൻ വിഭാഗങ്ങളെ യു.ഡി.എഫിലേക്ക് ആകർഷിക്കാൻ ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യും. മധ്യതിരുവിതാംകൂറിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം സഹായിക്കുമെന്നും പ്രതീക്ഷിക്കാം. 
കേരള കോൺഗ്രസിലെ പ്രബല വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് ചേക്കേറിയ സാഹചര്യത്തിൽ കോൺഗ്രസിനുള്ളിൽ ഉമ്മൻ ചാണ്ടിക്കുള്ള താരമൂല്യം ഉയർന്നിട്ടുണ്ട്. കോൺഗ്രസിന് വോട്ട് ചെയ്യുന്ന പരമ്പരാഗത ക്രിസ്ത്യൻ വോട്ടർമാരെ ഒപ്പം നിർത്താനും ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ബി.ജെ.പിയിലേക്ക് ഹിന്ദു സമുദായങ്ങളിൽനിന്നുള്ള ഒഴുക്ക് തടയാൻ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നതിലൂടെ കഴിയുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് നായർ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനിത് സഹായിക്കുമെന്നാണ് പ്രതീക്ഷ.


കോൺഗ്രസിലെ എ, ഐ വിഭാഗങ്ങൾ തങ്ങളുടെ അനുയായികളെ സ്ഥാനാർത്ഥിയാക്കാൻ വേണ്ടി ചരടുവലികൾ നടത്തുന്നത് ഇരുകൂട്ടരും മുഖ്യമന്ത്രി സ്ഥാനം മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ്. പഴയ എ പോരാളികളും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരും സീറ്റിനു വേണ്ടി  ആഞ്ഞുപിടിക്കുകയാണ്. ഉമ്മൻ ചാണ്ടി ഇവർക്കു വേണ്ടി പോരാടുന്നുവെന്നാണ് ദൽഹിയിൽനിന്നുള്ള വിവരം. ഈ പോരാട്ടമൊക്കെ ഒന്നും കാണാതെയല്ലെന്ന് വ്യക്തം. കെ. കരുണാകരന്റെയും ആന്റണിയുടെയും കാലത്തേക്ക് കോൺഗ്രസ് തിരിഞ്ഞു നടക്കുന്നതായാണ് സൂചന. മുൻമുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ സഭയിൽ ഇരുത്തി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹൈക്കമാൻഡിന്റെ പിന്തുണ ആർക്കാവുമെന്ന് പ്രവചിക്കാനാവില്ല. മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കുന്നതിലേക്കാവും കാര്യങ്ങൾ അവസാനം ചെന്നുനിൽക്കുക. ഇതിന് ഓരോരുത്തർക്കും തങ്ങളുടെ ഗ്രൂപ്പ് ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ പ്രക്രിയയാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉമ്മൻ ചാണ്ടി സഭയിലുണ്ടായിരുന്നുവെന്നത് അധികാരത്തിലേക്ക് എത്തുമ്പോൾ ആവർത്തിക്കാനിടയില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് സർക്കാരിനെ വെട്ടിലാക്കാൻ ചെന്നിത്തലക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ വിജയിക്കുമോയെന്ന് പ്രവചിക്കാനാവില്ല. തന്റെ ശിഷ്യനായ കെ.സി. വേണുഗോപാൽ കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണെന്നത് ചെന്നിത്തലക്ക് ഗുണം ചെയ്യുമോയെന്നും കണ്ടറിയണം. എ.കെ. ആന്റണിയുടെ മൗനവും വാചാലമാണ്. തക്കം പാർത്തിക്കുന്ന കൗശലക്കാരനെയാണ് ഈ മൗനം വെളിപ്പെടുത്തുന്നത്.


യു.ഡി.എഫ് ഘടക കക്ഷികൾ കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ ഇടപെടാറില്ലെന്ന് പറയുമ്പോഴും ഉമ്മൻ ചാണ്ടിയോടുള്ള അവരുടെ കൂറ് വ്യക്തമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം തേടിയാൽ ഉമ്മൻ ചാണ്ടിക്ക് മുൻതൂക്കമുണ്ടാകുമെന്നുറപ്പ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല നടത്തിയ പ്രവർത്തനങ്ങളെ തള്ളി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നീങ്ങിയാൽ അത് കോൺഗ്രസിനെ ശിഥിലമാക്കുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.
 

Latest News