കൊച്ചി - ദൃശ്യമാധ്യമ രംഗത്ത് സജീവസാന്നിധ്യമായി നിൽക്കുന്ന ന്യൂസ് 18 ചാനലിന്റെ റീജിയണൽ ഹെഡ് സി.എൻ. പ്രകാശ് ട്വന്റി 20 സ്ഥാനാർഥിയായി മൂവാറ്റുപുഴയിൽ മത്സരിക്കാൻ തീരുമാനിച്ചത് അവിശ്വസനീയതയോടെയാണ് സഹപ്രവർത്തകർ അറിഞ്ഞത്. ന്യൂസ് 18 നിൽ നിന്നും രാജി വെച്ചാണ് അദ്ദേഹം ട്വന്റി 20യുടെ സ്ഥാനാർഥിയായത്. പ്രമുഖ ചാനലുകളിലെല്ലാം ദീർഘകാലം പ്രവർത്തിച്ചു പരിചയമുള്ള സി.എൻ. പ്രകാശ് എന്തിന് ന്യൂസ് 18 നിൽനിന്ന് രാജിവെച്ച് ട്വന്റി 20യുടെ സ്ഥാനാർഥിയായി മത്സരിക്കുന്നു എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം ട്വന്റി 20 ആരംഭിക്കാൻ പോകുന്ന പുതിയ ടി.വി. ചാനൽ എന്നാണ്. കിറ്റെക്‌സ് ഗ്രൂപ്പ് ഉടമയായ ട്വന്റി 20 ചെയർമാൻ സാബു ജേക്കബ് പുതിയ ചാനൽ തുടങ്ങാനുള്ള പ്രവർത്തനങ്ങളിലാണ്. പാർട്ടിയുടെ ആശയപ്രചാരണത്തിന് ടി.വി ചാനൽ അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് പുതിയ ഉദ്യമത്തിന്റെ തുടക്കം. ട്വന്റി 20 എന്ന പേരിൽ തന്നെ പുതിയ ചാനൽ ആരംഭിക്കുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.