തൃശൂർ-കോൺഗ്രസ് തിരിച്ചുവരണമെന്ന് താൻ അഭിപ്രായപ്പെട്ടു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് നടനും മുൻ എം.പിയുമായ ഇന്നസെന്റ്. മുമ്പ് അഭിനയിച്ച പല പരസ്യങ്ങളും തെറ്റായിപ്പോയെന്നും കോൺഗ്രസ് തിരിച്ചുവരേണ്ടത് നാടിന്റെ ആവശ്യമാണെന്നും ഇന്നസെന്റ് പറഞ്ഞുവെന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരണം നടന്നത്. ഇതിനെതിരെയാണ് ഇന്നസെന്റ് ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്.
ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം. എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റെയും വികസനത്തിന്റെയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.