Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചയാകില്ല-കാനം

കാനം രാജേന്ദ്രൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ.

കണ്ണൂർ-നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല  ചർച്ചാ വിഷയമാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പിൽ ശബരിമല ഒരു വിഷയമാവില്ല. ശബരിമലയിൽ ഒരു പ്രശ്‌നവുമില്ല. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഏത് സർക്കാരും ചെയ്യുന്നതേ ചെയ്തിട്ടുള്ളു. അന്തിമ വിധി വന്നാൽ ഇതേക്കുറിച്ച് ആലോചിച്ച് വേണ്ടതു ചെയ്യും. ശബരിമലയിൽ വരുമാനം കുറഞ്ഞു എന്ന ഒരു പ്രശ്‌നം മാത്രമേയുള്ളൂ. സങ്കൽപ്പത്തിൽ ചില പ്രശ്‌നങ്ങളുണ്ടാക്കി വിശ്വാസത്തിന്റെ പിൻബലത്തോടെ നേട്ടമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത് വിലപ്പോവില്ല. കാനം പറഞ്ഞു.
സർക്കാരിനെ ഇരുട്ടിൽ നിർത്തി അഴിമതിയുടെ പേരു പറഞ്ഞ് നേട്ടമുണ്ടാക്കാനാവുമോ എന്ന ശ്രമമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രയോഗിച്ച് പരാജയപ്പെട്ടതാണിത്. തുരുമ്പെടുത്ത ആയുധം വീണ്ടും എടുത്ത് ഉപയോഗിക്കാനാവുമോ എന്ന ശ്രമമാണ് നടത്തുന്നത്. ഇതിനെ അതിജീവിക്കാൻ മുന്നണിക്ക് കഴിയും. ചില കേസുകളുടെ അന്വേഷണത്തിന്റെ  പേര് പറഞ്ഞ് കേന്ദ്ര ഏജൻസികളെ ഇറക്കി പുകമറ സൃഷ്ടിക്കാൻ ബി.ജെ.പിയും ശ്രമം നടത്തി വരികയാണ്. കാനം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാവും നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിക്കുകയെന്നും, യു.ഡി.എഫിന്റെയും, ബി.ജെ.പിയുടെയും എല്ലാ കുപ്രചരണങ്ങളേയും അതിജീവിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വൻ വിജയം നേടിയത്. ഇതു തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ബി.ജെ.പിക്ക് കോൺഗ്രസാണ് എതിര് എന്ന നിലയിൽ ജനങ്ങൾ തെറ്റിദ്ധരിച്ച് വോട്ടു ചെയ്തിട്ടുണ്ട്. ഈ തെറ്റിദ്ധാരണ മാറ്റി ജനങ്ങൾ ഇടതുപക്ഷത്തിന് വോട്ടു ചെയ്യും. കാനം പറഞ്ഞു.
മുന്നണിയിൽ മാണി കോൺഗ്രസിന് കൂടുതൽ പരിഗണന നൽകുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇടതുമുന്നണിയിൽ വലുപ്പചെറുപ്പങ്ങളില്ലെന്നും, എല്ലാ വലിയ കക്ഷിക്കും ചെറിയ കക്ഷി ക്കും ഒരേ അവകാശവും അധികാരവുമാണെന്ന് കാനം മറുപടി നൽകി. ജോസ് കെ.മാണിയോട് എതിർപ്പില്ല. അവർ രാഷ്ടീയ നിലപാട് വ്യക്തമാക്കിയതിന് ശേഷമാണ് ചർച്ച ചെയ്തു മുന്നണിയിലെടുത്തത്. മറ്റൊരു മുന്നണിയിൽ നിന്ന് അഭിപ്രായം പറയുന്നതിനെയാണ് എതിർത്തത്.
ജോസ് കെ.മാണി വന്നതോടെ മുന്നണിയിൽ മാറ്റമുണ്ടായോ എന്ന ചോദ്യത്തിന്, യു.ഡി.എഫിൽ മാറ്റമുണ്ടായല്ലോ എന്നായിരുന്നു കാനത്തിന്റെ മറുപടി.
പൊന്നാനിയിലെ ഇടതു സ്ഥാനാർഥിയെ സംബന്ധിച്ച് വർഗീയ പരമായ പ്രചാരണം നടത്തുന്നതു സംബന്ധിച്ച്, മത രാഷ്ട വാദം പറയുന്ന കെ.സുരേന്ദ്രനും, മുസ്്‌ലിം മത വർഗീയത പറയുന്നവരും ഒരേ തോണിയിൽ സഞ്ചരിക്കുന്നവരാണെന്ന് കാനം പറഞ്ഞു. ന്യൂനപക്ഷ വർഗീയതയേയും, ഭൂരി പക്ഷ വർഗീയതയേയും ഒരു പോലെ എതിർക്കുകയെന്നതാണ് ഇടതു നിലപാട്. സി.പി.ഐ സ്ഥാനാർഥി പട്ടിക രണ്ട് ദിവസത്തിനകം പൂർണമാവുമെന്നും കാനം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.സന്തോഷും കാനത്തോടൊപ്പം ഉണ്ടായിരുന്നു.

Latest News