ദോഹ- വിദേശ ഫോണ്‍ റീചാര്‍ജ് കാര്‍ഡുകളിലെ ഡാറ്റ മോഷ്ടിച്ച് വില്‍പന നടത്തിയ ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു. പ്രതി തന്റെ രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ കമ്പനിയുടെ റീചാര്‍ജിംഗ് കാര്‍ഡുകളിലെ ഡാറ്റ മോഷ്ടിച്ച് വ്യാജ റീചാര്‍ജിംഗ് കാര്‍ഡുകളില്‍ പ്രിന്റ് ചെയ്ത ശേഷം ദോഹയിലെ ഏഷ്യന്‍ തൊഴിലാളികള്‍ക്ക് അനധികൃതമായി വില്‍പന നടത്തുകയായിരുന്നു.
വില്‍പനക്കായി വച്ചിരിക്കുന്ന 60 ലക്ഷം റിയാല്‍ മൂല്യമുള്ള റീചാര്‍ജിംഗ് കാര്‍ഡുകളും കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രാദേശിക ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ നല്‍കിയിരുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇയാള്‍ കാര്‍ഡുകള്‍ വിറ്റിരുന്നത്. ഡോളറിലും യൂറോയിലുമായിരുന്നു വില്‍പന. സ്വദേശത്തെ ഇന്റര്‍നെറ്റ് ഹാക്കറുടെ സഹായത്താലാണ് റീചാര്‍ജ് കാര്‍ഡുകളിലെ ഡാറ്റ എടുത്തിരുന്നത്.
ഈ ഡാറ്റ വ്യാജ കാര്‍ഡുകളില്‍ പ്രിന്റ് ചെയ്ത ശേഷം ഫെയ്സ്ബുക്ക്, ഐഎംഒ, വാട്‌സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പ്രമോഷന്‍ നടത്തിയാണ് പ്രതി വില്‍പന നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.