റിയാദ്- മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കലും സാഹിര്‍ ക്യാമറകള്‍ വഴി കണ്ടെത്തി നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു.
ചില ക്യാമറകള്‍ വഴി ഇത്തരം നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലും കംപ്യൂട്ടറില്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയിട്ടില്ല.
വനിതകള്‍ ജൂണ്‍ 24 നുമുമ്പ് വാഹനമോടിച്ചാല്‍ 900 റിയാല്‍വരെ പിഴ
ക്യാമറകള്‍ വഴി ഈ രണ്ടു നിയമ ലംഘനങ്ങളും കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് നിയമ ലംഘകര്‍ക്ക് പിഴ ചുമത്തി തുടങ്ങുന്ന ഔദ്യോഗിക തീയതി പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ ഇപ്പോഴും ഏറെ കൂടുതലാണ്. വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്ന് ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗമാണ്.
സൗദിയില്‍ വാഹനാപകട മരണങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നഗരങ്ങള്‍ക്കകത്ത് ചില റോഡുകളില്‍ കൂടിയ വേഗപരിധി 80 കിലോമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ റോഡുകളിലെ കൂടിയ വേഗപരിധി നിര്‍ണയിക്കുന്നതിന് നഗരസഭകളുമായി ട്രാഫിക് ഡയറക്ടറേറ്റ് കൂടിയാലോചന നടത്തി വരികയാണ്. എക്‌സ്പ്രസ്‌വേകളില്‍ കൂടിയ വേഗപരിധി ഉയര്‍ത്തും.
ഹിജ്‌റ 1428 ല്‍ പ്രഖ്യാപിച്ച ട്രാഫിക് നിയമം ഭേദഗതി ചെയ്തുവരികയാണെന്ന് ആഭ്യന്തര സഹമന്ത്രി ജനറല്‍ സഈദ് അല്‍ഖഹ്ത്താനി പറഞ്ഞു. പരിഷ്‌കരിച്ച നിയമം വൈകാതെ ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കുന്നതിനു മുന്നോടിയായി സൗദിയില്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് നാലു യൂനിവേഴ്‌സിറ്റികളുമായി ട്രാഫിക് ഡയറ്ടറേറ്റ് ഇതിനകം കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്.