Sorry, you need to enable JavaScript to visit this website.

'ദി പ്രീസ്റ്റ് ' ഇന്ന് സൗദിയടക്കം ഗൾഫിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

സംവിധായകരായ ജോഫിൻ ടി ചാക്കോ, സലിം അഹമ്മദ്, നടി നിഖില  വിമൽ എന്നിവർ ഓൺലൈൻ വാർത്താസമ്മേളനത്തിൽ.

ദമാം - ഏറെകാലമായി പ്രവാസ ലോകമടക്കം വിവിധ രാജ്യങ്ങളിലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി, മഞ്ജു വാര്യർ ചിത്രം 'ദി പ്രീസ്റ്റ്' ഇന്ന് വേൾഡ് വൈഡ് റിലീസിന്റെ ഭാഗമായി ഗൾഫിലെ 119 തിയേറ്ററുകളിലും പ്രദർശനത്തിനെത്തും.  
സിനിമയുടെ അണിയറ പ്രവർത്തകരായ ജോഫിൻ ടി ചാക്കോ, സലിം അഹമ്മദ്, നടി നിഖില വിമൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കോവിഡിനു മുമ്പ് ചിത്രീകരണം ആരംഭിച്ച ഈ സിനിമ നിരവധി ഘട്ടങ്ങളിലൂടെ കടന്നു പോവുകയും ഇതിന്റെ ക്ലൈമാക്‌സ് പുതുമയാർന്ന ചില പരസ്യ ട്രൈലറുകളും ട്രീസറുകളും കൊണ്ട് പ്രേക്ഷകരിൽ ജിജ്ഞാസ പരത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളും മറ്റും ഇക്കാര്യം ഏറെ ചർച്ച ചെയ്തിട്ടുണ്ടെന്നും മൂവരും ദമാം കണ്ണൂർ കൂട്ടായ്മയുടെ കസവ് ചാനൽ ഓൺലൈനിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. 


ഈ സിനിമയുടെ പശ്ചാത്തലവും കഥയും പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും കുടുംബങ്ങൾക്ക് ഒന്നിച്ചിരുന്നു ആസ്വദിക്കാവുന്നതാണെന്നും സംവിധായകൻ സലിം അഹമ്മദ് അഭിപ്രായപ്പെട്ടു. പത്തേമാരി എന്ന തന്റെ സിനിമയെ പ്രവാസ ലോകം ഏറ്റെടുത്ത പോലെ ഈ സിനിമയും പ്രവാസികളായ പ്രേക്ഷകരിൽ ചലനങ്ങൾ സൃഷ്ടിക്കും. ഈ സിനിമയുടെ ട്രീസറിൽ പരസ്യത്തിനായി ഉപയോഗിച്ച ചോദ്യം ഫാദർ ബെനഡികറ്റ് ആരാ ? ഇതിനുത്തരം തേടിയുള്ള കാത്തിരിപ്പിന് ഇന്ന് വിരാമമിടും. സൗദിയിൽ തന്നെ 22 സ്‌ക്രീനുകളിൽ സിനിമ പ്രദർശിപ്പിക്കുന്നുണ്ടെന്നും ഇവർ അറിയിച്ചു. കോവിഡ് കാലമായതിനാൽ ഇതിന്റെ ഷൂട്ടിംഗിനായി പലവിധത്തിലുള്ള പ്രയാസങ്ങൾ നേരിട്ടിരുന്നുവെങ്കിലും ഘട്ടം ഘട്ടമായി ഇതിനെയെല്ലാം മറികടക്കാൻ സാധിച്ചു. ബിഗ് ബജറ്റ് ചിത്രമെന്ന നിലക്ക് ഇതിന്റെ ലാഭനഷ്ടങ്ങൾ വകവെക്കാതെ നിർമാതാക്കൾ മുന്നോട്ട് കുതിച്ചതായും ഈ സിനിമ പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടുമെന്നും അണിയറ പ്രവർത്തകർ അവകാശപ്പെട്ടു.   


നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'ദി പ്രീസ്റ്റ്' 15 മാസത്തെ നീണ്ട ഇടവേളക്ക് ശേഷം റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിലും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരോടുത്തുള്ള ആദ്യ മെഗാസ്റ്റാർ ചിത്രമെന്ന നിലയിലും ശ്രദ്ധ നേടിയിരിക്കുകയാണ്. നേരത്തെ മാർച്ച് 04 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പല ഗൾഫ് രാജ്യങ്ങളിലെയും തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാലും കേരളത്തിലെ തിയേറ്ററുകളിൽ ദിവസേന നാല് ഷോകൾ നടത്താൻ കഴിയാത്തതിനാലുമാണ് റിലീസ് നീട്ടിയിരുന്നത്. കഴിഞ്ഞ ദിവസമാണ് കേരളത്തിൽ സെക്കന്റ് ഷോയ്ക്ക് അനുമതി ലഭിച്ചതെന്നും ഇവർ അറിയിച്ചു. വൈദികന്റെ വേഷത്തിൽ മമ്മൂട്ടി അഭിനയിക്കുന്ന ത്രില്ലർ ചിത്രമായ ദി പ്രീസ്റ്റിൽ മഞ്ജു വാര്യർക്കൊപ്പം 'കൈദി' ഫെയിം ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


ആന്റോ ജോസഫും, ബി. ഉണ്ണികൃഷ്ണനും വി.എൻ ബാബുവും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ സംവിധായകൻ ജോഫിൻ ടി.  ചാക്കോയുടേത് തന്നെയാണ്. ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രവാസി മലയാളികളുടെ സംരംഭമായ ട്രൂത്ത് ഫിലിംസിന്റെ ആദ്യ വിതരണ ചിത്രമായാണ് 'ദി പ്രീസ്റ്റ്' ഗൾഫിൽ പ്രദർശനത്തിനെത്തുന്നതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ കസവ് ചാനൽ ഒരുക്കിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

Latest News