Sorry, you need to enable JavaScript to visit this website.

മാവോയിസ്റ്റ് വേല്‍ മുരുകന്റെ ദേഹത്തു 44 മുറിവുകള്‍; മൃതദേഹത്തിലും പോലീസ് ക്രൂരത കാട്ടിയെന്ന് ആരോപണം

കല്‍പറ്റ-പടിഞ്ഞാറത്തറ പഞ്ചായത്തിലെ കാപ്പിക്കളത്തിനു സമീപം ബപ്പനം പാസ്‌കരന്‍മല വനത്തില്‍  ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നു രാവിലെ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റു മരിച്ച മാവോവാദി തമിഴ്‌നാട് തേനി പുതുക്കോട്ട പെരിയകുളം സ്വദേശി വേല്‍മുരുകന്റെ(33)ദേഹത്തു 44 ഓളം മുറിവുകള്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരം. വേല്‍മുരുകന്റെ കഴുത്തിനു താഴെയും അരയ്ക്കു മുകളിലുമായാണ് വെടിയേറ്റ്  ഇത്രയും മുറിവുകള്‍. ശരീരത്തിന്റെ മുന്‍ഭാഗത്തും പിന്നിലും വശങ്ങളിലും വെടിയുണ്ട തുളഞ്ഞ് കയറിയ മുറിവുകളുണ്ട്. ഇതു ഒറ്റയ്‌ക്കോ കൂട്ടായോ മരണകാരണമായെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വേല്‍മുരുകന്റെ രണ്ട് തുടയെല്ലുകളിലെയും പരിക്കുകള്‍ മരണശേഷമാണെന്നും വെടിയേറ്റല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍. ഉദരത്തില്‍ ദഹിക്കാത്ത ഭക്ഷണം ഉണ്ടായിരുന്നതായും  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വേല്‍മുരുകന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് ലഭ്യമാക്കിയിരുന്നില്ല. ഒടുവില്‍ കോടതിയില്‍ അപേക്ഷ നല്‍കിയാണ് പകര്‍പ്പ് സമ്പാദിച്ചത്.
വേല്‍മുരുകന്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളെന്നു ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സി.പി.റഷീദ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ.പി.ജി.ഹരി എന്നിവര്‍ പറഞ്ഞു. തുടയെല്ലുകളിലെ പരിക്കുകള്‍ മരണശേഷം സംഭവിച്ചതാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നതു മൃതദേഹത്തിലും പോലീസ് ക്രൂരത കാട്ടിയെന്നാണ് വ്യക്തമാക്കുന്നത്. വേലമുരുകന്‍ മരിച്ച സമയം പോസ്റ്റുമോര്‍ട്ടം ചെയ്തവര്‍ക്ക് പറയാന്‍ കഴിഞ്ഞിട്ടില്ല. എപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായതന്നതിലെ സംശയത്തെ ഇതു ബാലപ്പെടുത്തുന്നു. മാധ്യമ പ്രതിനിധികളെപോലും മൃതദേഹം കാണിക്കാന്‍ അധികാരികള്‍ തയാറായിരുന്നില്ല. സംഭവസ്ഥലത്തു മാധ്യമങ്ങള്‍ക്കു പ്രവേശനവും നിഷേധിച്ചു. വേല്‍മുരുകന്റെ ഉദരത്തില്‍ ദഹിക്കാത്ത ഭക്ഷണം കണ്ടെത്തിയതു ആഹാരം കഴിക്കുമ്പോഴോ കഴിച്ചയുടനയോ  ആണ് ആക്രമണം നടന്നതെന്നാണ് സൂചിപ്പിക്കുന്നത്.  
വേല്‍മുരുകന്റെ മരണവുമായി ബന്ധപ്പെട്ടു കോടതിയില്‍  സമര്‍പ്പിച്ച എന്‍ക്വയറി റിപ്പോര്‍ട്ടും നിയമപരമല്ല.
ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുഖേനയാണ്  എന്‍ക്വയറി നടത്തിയത്. ഇതു സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റാണ് ആണ് എന്‍ക്വയറി നടത്തേണ്ടത്.  എന്‍ക്വയറി റിപ്പോര്‍ട്ട് ബന്ധപ്പെട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കണം.അതില്‍ സംശയകരമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്  റിപ്പോര്‍ട്ട് സ്വകാര്യ അന്യായമായി പരിഗണിച്ച് കേസെടുക്കാം. ഈ നടപടി ക്രമമല്ല ഇവിടെ സ്വീകരിച്ചതെന്നും റഷീദും ഹരിയും പറഞ്ഞു.

Latest News