Sorry, you need to enable JavaScript to visit this website.

മൽബുകഥ / വീട്ടുകാരിയുടെ മോഷണം

കുക്കിന്റെ കഥ ഇനിയും പറഞ്ഞില്ലല്ലോ?
രാവിലെ തന്നെ മൽബി ഫോണിൽ ഓർമിപ്പിച്ചു. പുതിയ കുക്ക് എല്ലാവരെയും കരയിപ്പിച്ചുവെന്നു പറഞ്ഞു തുടങ്ങിയപ്പോഴാണ് ഹമീദ് ഇടപെട്ടതും മുടങ്ങിപ്പോയതും.
ബാച്ചിലർ റൂമിലെ തീൻമേശയിൽ മറ്റുള്ളവരുടെ പ്ലേറ്റുകളിൽനിന്ന് ഒരാൾ മീൻ കഷ്ണങ്ങൾ മോഷ്ടിക്കുകയാണെന്ന് തെറ്റിദ്ധരിച്ചതും ഒടുവിൽ അയാൾ മോഷ്ടിക്കുകയല്ല, തന്റെ പ്ലേറ്റിലെ ആവോലി കഷ്ണങ്ങൾ മറ്റുള്ളവർക്ക് നൽകിയതാണെന്നും മനസ്സിലായതുമൊക്കെ മൽബിയോട് വിശദീകരിച്ചു. 
കഥ കേട്ടു കഴിഞ്ഞപ്പോൾ മൽബി പൊട്ടിച്ചിരിച്ചു.
ഉച്ചത്തിൽ ചിരിക്കേണ്ട, ആളുകൾ അസുഖമാണെന്നു തെറ്റിദ്ധരിക്കും.
എങ്ങനെ ചിരിക്കാതിരിക്കും. ഇത് നമുക്ക് പറ്റിയ അക്കിടിയാണല്ലോ?
ഏത് അക്കിടി?
മറന്നുപോയോ.. നിങ്ങളുടെ പോക്കറ്റിൽനിന്ന് നോട്ടുകൾ കാണാതായ സംഭവം. 
അതൊരു സംഭവം തന്നെയായിരുന്നു. അവധിക്ക് നാട്ടിൽ പോയപ്പോൾ സംഭവിച്ചതാണ്. 


വെള്ള ഷർട്ടുകൾ എപ്പോഴും മൽബുവിന്റെ ദൗർബല്യമാണ്. ഖദറായാലും ലിനനായാലും തൂവെള്ള ഷർട്ടുകളേ വാങ്ങൂ. അതിന്റെ പോക്കറ്റിൽ നോട്ടുകൾ വെച്ചാൽ ഗാന്ധി പുറത്തേക്കു നോക്കി ചിരിക്കണം. അക്കാലത്ത് എ.ടി.എമ്മുകളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുമൊന്നും ഇത്രമാത്രം പ്രചാരത്തിലായിരുന്നില്ല. ബാങ്കിൽ പോയി ചെക്കോ സ്ലിപ്പോ എഴുതിത്തന്നെ കാശെടുക്കണം. 
ടൗണിലുള്ള ബാങ്കിൽ  ഇടക്കിടെ പോകുന്നത് ഒഴിവാക്കാൻ വലിയ തുക തന്നെ വീട്ടിൽ കൊണ്ടുവന്നു വെക്കാറാണ് പതിവ്. ബാങ്ക് കൗണ്ടറിൽനിന്ന് നല്ല പിടക്കുന്ന നോട്ടുകൾ തന്നെ ചോദിച്ചുവാങ്ങും. നൂറിന്റെ നോട്ടുകൾ. പെരുന്നാൾ ഉണ്ടെങ്കിൽ മാത്രമാണ് പത്തിന്റെയും അഞ്ചിന്റെയുമൊക്കെ നോട്ടുകെട്ടുകൾ വാങ്ങുക. അതു പിള്ളേർക്ക് വിതരണം ചെയ്യാനുള്ളതാണ്. പിടക്കുന്ന നോട്ടാണെങ്കിൽ പിള്ളേർക്ക് ഒരെണ്ണം കിട്ടിയാൽ തൃപ്തിയാകും. 
നൂറിന്റെ പത്ത് നോട്ടുകളെങ്കിലും പോക്കറ്റിലിട്ടേ പുറത്തിറങ്ങാറുള്ളൂ. പോക്കറ്റിൽ അതിങ്ങനെ കാണിച്ചോണ്ട് നടന്നാൽ മാത്രമേ ഗൾഫുകാരനാണെന്ന തോന്നലുണ്ടാകൂ. സ്വയം തോന്നൽ  ഉണ്ടായാൽ മാത്രമല്ലേ, മറ്റുള്ളവരിലും കാണുന്നവരിലും അതുണ്ടാവുകയുള്ളൂ. പിന്നെയുള്ള അടയാളം റാഡോ വാച്ചും  ജംഗ്ഷനിൽ പോയി നിന്നാൽ അവിടെയുള്ള മീൻകാരിയുടെ മത്തി ഗന്ധം ഇല്ലാതാക്കുന്ന ബ്രൂട്ട് സ്‌പ്രേയുടെ മണവുമാണ്. 


മീൻകാരിയുടെ അടുത്തേക്കു പോകമ്പോൾ മറ്റുള്ളവർ മാറിനിന്ന് വഴിയൊരുക്കും. ഏതു മീനായാലും പറയുന്ന വില കൊടുക്കുന്നയാളാണ് മൽബു. മീനിനു വില കയറ്റുന്നയാളാണെന്നാണ് പേരുദോഷം. ചിലരൊക്കെ പിറുപിറുക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും മീൻകാരിയെ സന്തോഷിപ്പിക്കുമ്പോൾ ലഭിക്കുന്ന സുഖം പാർട്ടിക്കാർക്ക് പിരിവു കൊടുക്കുമ്പോൾ ലഭിക്കാറില്ലെന്നത് ഒരു യാഥാർഥ്യമാണ്. 
അങ്ങനെയൊരു വെക്കേഷൻ കാലത്താണ് സംഭവം. പോക്കറ്റിലിടുന്ന നൂറിന്റെ നോട്ടുകളിൽ ചില ദിവസങ്ങളിൽ കുറവ് അനുഭവപ്പെടുന്നു. ആർക്ക്, എവിടെ കൊടുത്തുവെന്ന് എത്ര ആലോചിച്ചാലും പിടികിട്ടില്ല. പുറത്തുനിന്ന് കയറി വന്നാൽ ഇപ്പോ ചെയ്യുന്നതു പോലെ തന്നെയായിരുന്നു അപ്പോഴും. ഷർട്ട് ഊരി കൊളുത്തിയ ശേഷം കൈ ബനിയനിട്ടാണ് ശേഷമുള്ള നിൽപ്. 
സ്വന്തം വീട്ടിൽ ഊരി തൂക്കിയിടുന്ന ഷർട്ടിൽനിന്ന് പണം മോഷണം പോകുകയെന്നത് ആലോചിക്കാൻ പോലും പറ്റുന്ന കാര്യമല്ല. മിക്ക ദിവസങ്ങളിലും വീട്ടിൽ വന്നു പോകുന്ന ഒരു ബന്ധുവിനെ സംശയമായി. അയാൾ വന്ന് ഭക്ഷണമൊക്കെ കഴിച്ചു പോകുന്ന ദിവസങ്ങളിലാണ് നോട്ടുകൾ കാണാതാകുന്നതെന്ന് ഉറപ്പു വരുത്തി. 


മൽബിയുടെ ബന്ധുവായതുകൊണ്ട് പറയാൻ മനസ്സു വന്നില്ല. പരോപകാരിയായ അയാൾ അങ്ങനെ ചെയ്യുമെന്ന് മൽബി ഒരിക്കലും വിശ്വസിക്കാനും പോകുന്നില്ല. കൈയോടെ പിടികൂടിയാലേ രക്ഷയുള്ളൂ. സി.സി.ടി.വിയൊക്കെ ഇത്രയേറെ പ്രചാരത്തിലാകുന്നതിനു മുമ്പത്തെ കാലമല്ലേ. ഇപ്പോൾ മൽബുവിന്റെ വീടിന്റെ നാലു മൂലകളിലും ക്യാമറകളുണ്ട്. മൽബിയും മക്കളും വീടിനകത്ത് ഉറങ്ങിക്കിടക്കുമ്പോൾ പുറത്തു നടക്കുന്ന സംഭവങ്ങൾ മൽബുവിന് ഗൾഫിലിരുന്ന് മൊബൈൽ ഫോണിൽ കാണാം. കള്ളന്മാർ പോയിട്ട് കുറുക്കുന്മാരും നായകളും പോലും ഇപ്പോൾ വീടിന്റെ നാലയലത്തു വരുന്നില്ല. 


ലൈവായിട്ട് കാണാൻ മൽബു പലപ്പോഴും ശ്രമിച്ചിട്ടണ്ട്. ഒരു ചുക്കും സംഭവിച്ചില്ല. ഉറക്കം കളഞ്ഞതു മിച്ചം. സി.സി.ടി.വി വലിയ മാറ്റം തന്നെയാണ് നാട്ടിലും മറുനാട്ടിലും വരുത്തിയിരിക്കുന്നതെന്ന കാര്യത്തിൽ മൽബുവിന് രണ്ടഭിപ്രായമില്ല. 
ഷർട്ടിന്റെ പോക്കറ്റിൽനിന്ന് ഇത്ര ധൈര്യത്തോടെ പണം മോഷ്ടിക്കുന്നയാളെ കണ്ടെത്താനുള്ള മൽബുവിന്റെ കാത്തിരിപ്പ് തുടർന്നു. ഗൾഫുകാരൻ പോക്കറ്റിലിടുന്ന പണത്തിന് കണക്കുണ്ടാവില്ലെന്ന് സാധാരണ ആളുകൾ പറയാറുണ്ട്. 


സംശയിക്കുന്നയാൾ വീട്ടിൽ വരുന്ന ദിവസം കണ്ണുവെട്ടിച്ച് ബെഡ് റൂമിൽ കയറുന്നുണ്ടോ എന്നു നോക്കാൻ മൽബു പല സ്ഥലങ്ങളിൽ ഒളിച്ചിരുന്നു. ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും  പോക്കറ്റിൽ നോട്ട് പിന്നെയും കുറയുന്നുണ്ടെന്ന് മൽബു ഉറപ്പു വരുത്തി. രണ്ടും മൂന്നും തവണ എണ്ണി നോക്കി.
പോകുന്നത് നൂറിന്റെ നോട്ടാണെങ്കിലും അതു വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒടുവിൽ ബന്ധുവിനെ കുറിച്ചൊന്നും സൂചിപ്പിക്കാതെ മൽബിയോട് കാര്യങ്ങൾ പറഞ്ഞു. 
അതു നമുക്ക് കണ്ടുപിടിക്കാമെന്നായിരുന്നു മൽബിയുടെ മറുപടി. 
ഒരു ദിവസം ലൈറ്റൊക്കെ അണച്ച് കിടപ്പറയിലെ കട്ടിലിൽ  ഉറങ്ങിയതു പോലെ കിടക്കാൻ ആവശ്യപ്പെട്ടു. ബെഡ് ഷീറ്റൊക്കെ മൂടി അവൾ പോയി. ബന്ധു അപ്പുറത്തുണ്ട്. അയാൾ എന്തായാലും വരും. മൽബു ഇരുട്ടിൽ അതു കണ്ടു. ഒരാൾ ബെഡ് റൂമിലേക്ക് കയറിവന്ന് പോക്കറ്റിൽനിന്ന് പണമെടുത്ത് ശരവേഗത്തിൽ പുറത്തേക്ക് പോയി. 
പക്ഷേ, അത് അയാൾ ആയിരുന്നില്ല.


അടുത്ത നിമിഷം അതാ മൽബി ഒരു കൈയിൽ നൂറിന്റെ നോട്ടും മറുകൈയിൽ ഒരു ഭണ്ഡാരവുമായി നിൽക്കുന്നു.  
ആ ചാരിറ്റി പെട്ടിയിലേക്ക് നൂറിന്റെ നോട്ട് സൂക്ഷിച്ച് അമർത്തിക്കൊണ്ട് പറഞ്ഞു: ഭണ്ഡാരം നിറഞ്ഞിട്ടുണ്ട്. യതീംഖാനക്കാർ വന്നു കൊണ്ടുപോകുന്നുമില്ലല്ലോ..
എന്റെ പോക്കറ്റിൽനിന്ന് പണം മോഷ്ടിച്ചിട്ടാണോ ഭണ്ഡാരം നിറക്കുന്നത്. പറഞ്ഞിട്ട് ചെയ്തൂടെ.. 
അതുവരെ അനുഭവിച്ച ടെൻഷനെല്ലാം കൂടി ഇരട്ടിപ്പിച്ച ദേഷ്യം അമർത്തി മൽബു ചോദിച്ചു.
ഇതെന്തു മോഷണം. യത്തീംഖാനയിൽ കാശ് കൊടുക്കുന്ന കാര്യം ഞാൻ പറയാറുണ്ടല്ലോ. 
പിന്നെ ഒരു കൈ ചെയ്യുന്നത് മറുകൈ അറിയാൻ പാടില്ല. മൽബി തീർത്തും കൂളായിരുന്നു. 


 

Latest News