Sorry, you need to enable JavaScript to visit this website.

ആർ.കെ നഗർ ആർക്കൊപ്പം?

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലാണ് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധയത്രയും. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് എങ്ങനെ എന്നതിനെ കുറിച്ച് ഇതിലൂടെ സൂചന ലഭിക്കുമെന്നാണ് കാരണമായി പറയുന്നത്. ദക്ഷിണേന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ് തമിഴുനാട്ടിലെ ആർ.കെ നഗറിൽ മൂന്നാഴ്ച കഴിഞ്ഞ് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ്. 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയലളിത മത്സരിച്ച മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുണ്ടായിരുന്നത്.  ജയലളിതയടക്കം 45 സ്ഥാനാർഥികളാണ് ചെന്നൈ ആർ.കെ നഗറിലുണ്ടായിരുന്നത്. ഡി.എം.കെയിലെ സിംല മുത്തുച്ചോഴൻ, വി.സി.കെയിലെ വാസന്തിദേവി എന്നിവരായിരുന്നു ജയലളിതയുടെ മുഖ്യ എതിരാളികൾ. പ്രധാന പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിച്ച ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയയുടെ വിജയം. അമ്മ വിട വാങ്ങിയ ശേഷം നിരവധി രാഷ്ട്രീയ നാടകങ്ങൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ ഇതെല്ലാം എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാവും. ജയലളിതയ്ക്ക് ശേഷം അണ്ണാ ഡി.എം.കെയിൽ കരുത്താർജിച്ച ശശികലയുടെ ജയിൽ വാസം, പാർട്ടിയിലെ ചേരിതിരിവ്, മെർസൽ സിനിമയ്ക്ക് നേരെയുണ്ടായ എതിർപ്പും വിജയിയുടെ നിലപാടും കമൽ ഹാസന്റെ പ്രതികരണങ്ങൾ, ഇപ്പോഴും തുടരുന്ന ആദായ നികുതി റെയ്ഡുകൾ എന്നിങ്ങനെ തമിഴകത്തെ രാഷ്ട്രീയം കലങ്ങി മറിയുകയാണ്  കുറച്ചു നാളുകളായി. ആർ.കെ നഗറിൽ ഡിസംബർ 21 ന് തെരഞ്ഞെടുപ്പ് നടത്താനാണ് തമിഴ്‌നാട് ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചത്. 24 നാണ് വോട്ടെണ്ണൽ. ജയലളിതയുടെ മരണത്തോടെ രണ്ടു വഴിയിലായ പാർട്ടിയുടെ രണ്ടില ചിഹ്നത്തിനു വേണ്ടി ശശികല പക്ഷവും പളനിസ്വാമി പക്ഷവും നിയമ പോരാട്ടത്തിലായിരുന്നു. പളനി സാമി പക്ഷത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചത്. 
കഴിഞ്ഞ വർഷം ഡിസംബറിൽ ജയലളിതയുടെ  മരണത്തോടെ  ഒഴിവു വന്ന ആർ.കെ നഗർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് പണം നൽകുന്നത് അടക്കമുള്ള വിവരങ്ങൾ പുറത്തു വന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കുകയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എഐഡിഎംകെയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യം തന്നെയാണ്.  അതേ സമയം എഐഡിഎംകെയുടെ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് ടിടിവി ദിനകരന്റെ തീരുമാനം. ഡിഎംകെ-കോൺഗ്രസ് മുന്നണി ശക്തരായ സ്ഥാനാർഥിയെ   മത്സരിപ്പിക്കാനാണ് സാധ്യത. പുതുശ്ശേരിയടക്കം 39 ലോക്‌സഭാ സീറ്റുകളുള്ള തമിഴുനാട്ടിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും നോട്ടമിട്ടിട്ടുണ്ട്. താരങ്ങളായ രജനീകാന്തും കമൽ ഹാസനും പുതിയ പാർട്ടികൾ പ്രഖ്യാപിച്ചാൽ ഉപതെരഞ്ഞെടുപ്പിൽ അതിന്റേതായ പ്രതികരണവുമുണ്ടാവും. 
2001 ൽ  താൻസി ഭൂമി ഇടപാടു കേസിൽ ശിക്ഷിക്കപ്പെട്ട ജയ രാജിവെച്ചപ്പോഴാണ് പനീർശെൽവം ആദ്യമായി മുഖ്യമന്ത്രി സ്ഥാനമേറ്റത്.  ജയ ഇരുന്ന കസേരയിൽ ഇരിക്കാതെയാണ്  അഞ്ചു മാസം തമിഴ്‌നാട് ഭരിച്ചത്. പനീർശെൽവം അമ്മയുടെ കാൽക്കൽ വീണ് വിധേയത്വം പ്രകടിപ്പിക്കുന്ന ചിത്രം പ്രസിദ്ധമാണ്.  
ജയലളിതയുടെ മരണത്തിന് ശേഷം ശശികലയും പളനിസ്വാമിയും ഒരു വിഭാഗമായും പനീർശെൽവത്തെ പിന്തുണയ്ക്കുന്നവർ മറുചേരിയായും തിരിഞ്ഞിരുന്നു. ശശികല പക്ഷത്തെ എംഎൽഎമാരുടെ പിന്തുണയോടെയാണ് പളനിസ്വാമി മുഖ്യമന്ത്രിയായത്. പിന്നീട് ഒ.പി.എസ് ഇ.പി.എസ് വിഭാഗങ്ങൾ ഒരുമിക്കുകയും ശശികലയ്ക്ക് മേൽക്കൈ നഷ്ടപ്പെടുകയും ചെയ്തു. ഇരു വിഭാഗങ്ങൾ യോജിച്ച് അധികനാൾ കഴിയുന്നതിന് മുമ്പാണ് വീണ്ടും ഭിന്നത ഉടലെടുത്തത്.
ഭരണകക്ഷിയായ എഐഎഡിഎംകെയിൽ പോര് മുറുകിയിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും തമ്മിലുള്ള ഭിന്നത നാട്ടിലെങ്ങും പാട്ടായി. പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും വീണ്ടെടുത്തത് ആഘോഷിക്കുന്നതിന് ഇ.പി.എസ് പക്ഷത്തെ മന്ത്രി ആർ.ബി ഉദയകുമാർ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ഒ.പി.എസിനെ ഒഴിവാക്കി. പാർട്ടി സ്ഥാപകൻ എം.ജി.ആറിന്റേയും അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടേയും ജന്മദിനവും ചേർന്നായിരുന്നു ആഘോഷം.  മധുരയ്ക്കടുത്താണ്  പരിപാടി സംഘടിപ്പിച്ചത്. തൊട്ടടുത്ത് മറ്റൊരു ചടങ്ങിൽ ഒ.പി.എസ് 
ഉണ്ടായിട്ടും അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഒ.പി.എസിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം അസൗകര്യം അറിയിച്ചിരുന്നുവെന്നുമാണ് ഉദയകുമാർ പറയുന്നത്. ഒ.പി.എസിനേയും അദ്ദേഹത്തിനൊപ്പം നിൽക്കുന്നവരേയും ബോധപൂർവം ഒഴിവാക്കിയെന്നാണ് മറുപക്ഷം കരുതുന്നത്. വേദിക്കടുത്തുള്ള ബാനറുകളിലും ഒ.പി.എസിന്റെ പേര് ഒഴിവാക്കിയിരുന്നു. 
പതാക ഉപയോഗിക്കുന്നതിൽ നിന്ന് ഇലക്ഷൻ കമ്മീഷൻ വിലക്കിയിട്ടില്ലന്നാണ്  ടിടിവി ദിനകരന്റെ വാദം. പാർട്ടിയുടെ രണ്ടില ചിഹ്നവും പേരും ഉപയോഗിക്കുന്നതിൽ നിന്ന് മാത്രമാണ് ഇലക്ഷൻ കമ്മീഷൻ വിലക്കിയതെന്നും ദിനകരൻ പറഞ്ഞു. ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ 87 പേജുള്ള ഉത്തരവിൽ എവിടെയും പാർട്ടി പതാകയെക്കുറിച്ച് പരാമർശിക്കുന്നില്ല.
ദിനകരൻ വിഭാഗത്തിലെ രാജ്യസഭാംഗങ്ങളായ എൻ നവനീത് കൃഷ്ണനും വിജില സത്യാനന്തും എൻ ഗോപാലകൃഷ്ണനും പളനി സാമി പക്ഷത്തേക്ക് പോകുന്നതിനെ സംബന്ധിച്ച തീരുമാനം അറിയിച്ചിട്ടുണ്ടെന്നും രണ്ടില ചിഹ്നം തിരിച്ചുകിട്ടിയാലുടൻ അവർ തിരിച്ചുവരുമെന്ന് വാക്കു നൽകിയിട്ടുണ്ടെന്നും ദിനകരൻ പറഞ്ഞതും ശ്രദ്ധേയമാണ്.  
രാഷ്ട്രീയ അന്തർനാടകങ്ങൾക്കൊപ്പം തമിഴുനാട്ടിൽ ആദായ നികുതി പരിശോധനയും  തുടരുകയാണ്.  വികെ ശശികലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന. 33 കേന്ദ്രങ്ങളിലാണ്  ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നത്. ഇതിൽ 21 എണ്ണം ചെന്നൈയിലും 12 എണ്ണം സംസ്ഥാനത്തെ വിവിധ നഗരങ്ങളിലുമാണ്. അനധികൃത സ്വത്ത് സമ്പാദനത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയുടേയും കുടുംബാംഗങ്ങളുടേയും കേന്ദ്രങ്ങളിൽ  നേരത്തെയും റെയ്ഡ് നടത്തിയിരുന്നു. 
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലും പരിശോധന നടത്തുകയുണ്ടായി. രാത്രി ആരംഭിച്ച്  പുലർച്ച വരെ നീണ്ട റെയ്ഡിൽ വേദനിലയത്തിൽ നിന്ന് പെൻഡ്രൈവും ലാപ് ടോപ്പും പിടിച്ചെടുത്തിരുന്നു. ആദായ നികുതി റെയ്ഡിനെതിരെ ശശികലയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചു കേന്ദ്ര സർക്കാർ തങ്ങളുടെ കുടുംബം തകർക്കാൻ ശ്രമിക്കുകയാണെന്ന് അണ്ണാ ഡിഎംകെ നേതാവ് ടിടിവി ദിനകരനും ആരോപിച്ചിരുന്നു. 
തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ഏതെങ്കിലും കക്ഷിയെ ജയിപ്പിക്കാൻ തീരുമാനിച്ചാൽ തൂത്തു വാരുന്ന വിജയമായിരിക്കും വോട്ടർമാർ സമ്മാനിക്കുക. രണ്ടിലൊരു ദ്രാവിഡ പാർട്ടിയാണ് 1967 മുതൽ തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഭരണ കക്ഷിയായിട്ടുള്ളത്. ലോക്‌സഭാ ഫലങ്ങളിലും സംസ്ഥാനം ഈ പ്രവണത കാത്തു സൂക്ഷിക്കാറുണ്ട്. കോൺഗ്രസ്, ബി.ജെ.പി, സി.പി.എം എന്നീ ദേശീയ കക്ഷികൾക്ക് കാര്യമായി സീറ്റുകൾ ലഭിക്കുന്നത്  ദ്രാവിഡ കക്ഷികളുടെ സഹായത്തോടെ മത്സരിക്കുമ്പോഴാണ്. 
അഴിമതി ആരോപണങ്ങളിൽ പാർട്ടി തകർന്നിടത്തു നിന്നാണ് ജയലളിത പാർട്ടി പുനരുജ്ജീവിപ്പിച്ചെടുത്തത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കാനായത്. അത് കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവരേയും ഞെട്ടിച്ചാണ് ശക്തമായ തിരിച്ചു വരവ് നടത്തിയത്. സാധാരണക്കാരെ പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകി ഒരുമിച്ച് നിർത്താൻ ജയലളിതക്ക് സാധിച്ചു. അമ്മ പ്രാതൽ, അമ്മ വെള്ളം, അമ്മ സിമന്റ് പോലുള്ള ജനപ്രിയ പദ്ധതികൾ വോട്ടർമാരിൽ സ്വാധീനമുണ്ടാക്കി. കഴിഞ്ഞ തവണ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുകയാണ് ആദ്യ രണ്ട് വർഷത്തിനിടെ ജയലളിത സർക്കാർ ചെയ്തത്. ജയലളിത അഴിമതി നടത്തിയാലും അതത്ര കാര്യമാക്കാത്ത വലിയ വിഭാഗം ജനങ്ങളുണ്ടെന്ന സങ്കൽപത്തിൽ ജനപ്രിയ പദ്ധതികൾക്ക് ദൃശ്യ മാധ്യമങ്ങൾ വൻ പ്രചാരം നൽകി. ജയലളിതയുടെ സ്വത്ത് ഇരട്ടിച്ചാലൊന്നും ശരാശരി വോട്ടർക്ക് അതൊരു വിഷയമേ അല്ല. 
പ്രധാനമന്ത്രി മോഡിയും ബി.ജെ.പിയുടെ മുതിർന്ന നേതാക്കളും കേന്ദ്ര മന്ത്രിമാരും പല തവണ സംസ്ഥാനത്ത് പ്രചാരണത്തിനെത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാടെന്ന് മോഡിയും അമിത് ഷായും പ്രചാരണ യോഗങ്ങളിൽ ആവർത്തിച്ചു. ദ്രാവിഡ കക്ഷികളുടെ ഭരണം മാറി ബി.ജെ.പി വന്നാലേ ഇതിനൊരറുതി വരികയുള്ളൂവെന്നായിരുന്നു ഗുജറാത്തിൽ നിന്നുള്ള നേതാക്കൻമാരുടെ പ്രസംഗത്തിന്റെ പൊരുൾ. 
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കരുണാനിധിയും സ്റ്റാലിനും കനിമൊഴിയും ഡിഎംകെക്കായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഒരു സീറ്റു പോലും നേടാനായില്ല.  ബിജെപിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഏഴ്  കക്ഷികളുടെ മഴവിൽ സഖ്യത്തിന് രണ്ട് സീറ്റുകളാണ് തമിഴ്‌നാട്ടിൽ ലഭിച്ചത്. ഒറ്റക്ക് മത്സരിച്ച കോൺഗ്രസിന് തമിഴ്‌നാട്ടിൽ നിലം തൊടാനായില്ല. 
ഭരണത്തുടർച്ച ലക്ഷ്യമിട്ട് ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ, ഭരണം തിരിച്ചു പിടിക്കാൻ കരുണാധിയുടെ ഡി.എം.കെ, വിജയകാന്തിന്റെ ഡി.എം.ഡി.കെ, അൻപുമണി രാംദോസിന്റെ പി.എം.കെ എന്നീ പാർട്ടികളാണ് തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞാടിയത്. 
ഇരു മുന്നണികൾക്കും ഇടവിട്ട് അവസരം നൽകുക എന്ന തമിഴ്‌നാടിന്റെ തെരഞ്ഞെടുപ്പ് ശൈലിയിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു  ഡിഎംകെ. എന്നാൽ കേന്ദ്രത്തിലെ രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്തെ 2 ജി അഴിമതി ആരോപണങ്ങൾ  പ്രധാന പ്രതിപക്ഷമായ ഡി.എം.കെയെ കുറച്ചു കാലമായി ഏതാണ്ട് നിശ്ശബ്ദമാക്കിയിരുന്നു.  പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിൻ മാറി വരുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. റിസോർട്ട് നാടക വേളയിൽ കാണിയായി മാറി നിന്ന് ഡി.എം.കെ സാരഥിയുടെ ഭാവി നിർണയിക്കുന്ന ഉപതെരഞ്ഞെടുപ്പ് കൂടിയാണിത്. 
 

Latest News