തായിഫ്- സാഹിര്‍ നിരീക്ഷണ ക്യാമറകള്‍ക്കെതിരെ പരാതിയുമായി തായിഫിലെ ഒരു സംഘം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ രംഗത്ത്. അമിതവേഗതക്ക് തായിഫ് ആരോഗ്യവകുപ്പിന് കീഴിലുള്ള ആംബുലന്‍സുകള്‍ക്ക് ഇതിനോടകം 500 നിയമലംഘനങ്ങളാണ് സാഹിര്‍ ക്യാമറകള്‍ രേഖപ്പെടുത്തിയത്. ഇതിന്റെ പേരിലുള്ള പിഴ ഏതാണ്ട് നാല് ലക്ഷം റിയാല്‍ വരുമെന്നും ഇവര്‍ പറയുന്നു. അടിയന്തരഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങള്‍ക്ക് നിശ്ചിത വേഗത പാലിക്കുന്നതിന് പരിമിതിയുണ്ട്. തായിഫിലെ മിക്ക റോഡുകളിലും 80- -110 കിലോമീറ്റര്‍ വേഗതയാണ് നിര്‍ണയിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്രയും വേഗം ആശുപത്രികളിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന തങ്ങള്‍ക്കെതിരെ നിയമലംഘനം ചുമത്തുന്നത് ശരിയല്ല. ട്രാഫിക് ഡയരക്ടറേറ്റ് വിഷയം ഗൗരവത്തോടെ പഠിക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ നിശ്ചിത വേഗത മറികടക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.