ഹായിൽ - അബ്ബാസി ഭരണ കാലഘട്ടത്തിലെ സ്വർണ നാണയം ഹായിലിൽ കണ്ടെത്തി. അബ്ബാസി ഭരണവംശത്തിൽ പെട്ട ഖലീഫ ഹാറൂൻ അൽറശീദിന്റെ കാലത്തെ ദീനാർ ഹായിൽ യൂനിവേഴ്‌സിറ്റി ടൂറിസം, പുരാവസ്തു വിഭാഗം ദൗത്യസംഘം നടത്തിയ പുരാവസ്തു ഖനനത്തിലാണ് കണ്ടെത്തിയത്. സ്വർണ നാണയത്തിന് നാലു ഗ്രാം തൂക്കമുണ്ട്. ഹിജ്‌റ 180 ലാണ് നിർമിച്ചതെന്ന് നാണയത്തിൽ മുദ്രണം ചെയ്തിട്ടുണ്ട്.
ഹായിലിന് കിഴക്ക് പുരാതന നഗരമായ ഫൈദിൽ അൽതനാനീർ ഏരിയയിൽ നടത്തിയ പുരാവസ്തു ഖനനത്തിലാണ് പുരാതന സ്വർണ നാണയം കണ്ടെത്തിയതെന്ന് ഹായിൽ യൂനിവേഴ്‌സിറ്റി ആർട്‌സ് കോളേജ് പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് അൽശഹ്‌രി പറഞ്ഞു. നാണയത്തിന്റെ ഒരു വശത്ത് മധ്യത്തിലായി സത്യസാക്ഷ്യവാക്യവും ഇതിനു ചുറ്റുമായി ഖുർആനിക സൂക്തവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. മുഹമ്മദ് അൽശഹ്‌രി പറഞ്ഞു.
നാണയത്തിന്റെ മറുവശത്ത് പ്രവാചകന്റെ പേരും ജഅ്ഫർ എന്നും മുദ്രണം ചെയ്തിരിക്കുന്നതായി ഹായിൽ യൂനിവേഴ്‌സിറ്റി ടൂറിസം, പാരാവസ്തു വിഭാഗം മേധാവി അബ്ദുല്ല അൽഇംറാൻ പറഞ്ഞു. ഖലീഫ ഹാറൂൻ അൽറശീദിന്റെ മന്ത്രിയായിരുന്ന ജഅ്ഫർ ബിൻ യഹ്‌യ അൽബർമകിയെ സൂചിപ്പിച്ചാകും നാണയത്തിൽ ജഅ്ഫർ എന്ന് മുദ്രണം ചെയ്തത് എന്നാണ് കരുതുന്നത്. ഇതിനു ചുറ്റുമായി വൃത്തത്തിൽ ബിസ്മിയും നാണയം മുദ്രണം ചെയ്ത വർഷവും രേഖപ്പെടുത്തിയിരിക്കുന്നതായി അബ്ദുല്ല അൽഇംറാൻ പറഞ്ഞു. പാത്രങ്ങൾ, മറ്റേതാനും നാണയങ്ങൾ എന്നിവ അടക്കം അബ്ബാസി കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വ്യത്യസ്തമായ പുരാവസ്തുക്കളും യൂനിവേഴ്‌സിറ്റി സംഘം നടത്തിയ ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.