കണ്ണൂര്‍- ആലപ്പുഴയില്‍ ഡോ. തോമസ് ഐസക്കിന് സീറ്റ് നല്‍കാതിരുന്നതിന് പിന്നില്‍ പിണറായി വിജയനാണെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. ജി. സുധാകരന്‍, തോമസ് ഐസക് എന്നിവരെ സ്ഥാനാര്‍ഥികളാക്കാതിരുന്നത് പാര്‍ട്ടിക്ക് വോട്ട് കുറയാന്‍ ഇടയാക്കും. എങ്കിലും ഇടതുമുന്നണി ജയിക്കുമെന്നും 80 സീറ്റ് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗീയത നിലനില്‍ക്കുന്നുവെന്നും ഇടക്കിടെ അത് തലപൊക്കുന്നുവെന്നും സൂചിപ്പിക്കുന്നതാണ് സ്ഥാനാര്‍ഥി പട്ടികയെന്ന് ബര്‍ലിന്‍ പറഞ്ഞു.
പിണറായി വിജയനെ കാണണം എന്നാഗ്രഹിച്ചെങ്കിലും അദ്ദേഹം വന്നില്ല. അതില്‍ തനിക്ക് നിരാശയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ താന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ഇനി വോട്ടെടുപ്പ് കഴിയും വരെ കാത്തിരിക്കാമെന്നും ബര്‍ലിന്‍ പറഞ്ഞു.