Sorry, you need to enable JavaScript to visit this website.

സി.കെ. ജാനുവിനെ വയനാട്ടിൽ സ്ഥാനാർഥിയാക്കുന്നതിൽ ബി.ജെ.പി ജില്ലാ നേതൃത്വത്തിനു വിയോജിപ്പ്‌

കൽപറ്റ - എൻ.ഡി.എയിൽ തിരിച്ചെത്തിയ ആദിവാസി വനിതാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി അധ്യക്ഷയുമായ സി.കെ. ജാനു വയനാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ബി.ജെ.പി ജില്ലാ ഘടകത്തിനു വിയോജിപ്പ്. ജാനുവിനു മത്സരിക്കുന്നതിനു ജില്ലയിലെ പട്ടികവർഗ സംവരണ മണ്ഡലങ്ങളിലൊന്ന് അനുവദിക്കാനുള്ള എൻ.ഡി.എ നീക്കത്തിനെതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കറടക്കം രംഗത്തുവന്നു. സമീപകാലത്തു പലതവണ ബി.ജെ.പിയെ തള്ളിപ്പറയുകയും നിശിതമായി വിമർശിക്കുകയും ചെയ്ത ജാനു എൻ.ഡി.എ സ്ഥാനാർഥിയാകുന്നതു അനുചിതമാണെന്നു സജി ശങ്കർ അഭിപ്രായപ്പെട്ടു. 2016 ലെ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായ ജാനുവിനുവേണ്ടി വിയർപ്പൊഴുക്കിയതു ബി.ജെ.പിയാണ്. എന്നാൽ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയെ തള്ളിപ്പറഞ്ഞു എൻ.ഡി.എ വിട്ട ജാനു എൽ.ഡി.എഫുമായാണ് സഹകരിച്ചത്. ഇപ്പോൾ തെരഞ്ഞടുപ്പുകാലത്തു വീണ്ടും എൻ.ഡി.എയിലെത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവരുടെ നീക്കം ജില്ലയിലെ ബി.ജെപി. പ്രവർത്തകർക്കു ഉൾക്കൊള്ളനാകുന്നില്ല. പാർട്ടി ജില്ലാ നേതൃത്വം ജില്ലയിലെ പ്രവർത്തകരുടെ വികാരം മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ശങ്കർ പറഞ്ഞു.


അതിനിടെ, ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ എൻ.ഡി.എ പ്രവേശം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കേണ്ടതു മുന്നണി സംസ്ഥാന നേതൃത്വമാണെന്നു സി.കെ. ജാനു പറഞ്ഞു. മുന്നണി പ്രവേശം സംബന്ധിച്ചു എൻ.ഡി.എ സംസ്ഥാന നേതൃത്വവുമായാണ് ചർച്ച നടത്തിയത്. ജനാധിപത്യ രാഷ്ട്രീയ പാർട്ടി വീണ്ടും എൻ.ഡി.എയുടെ ഭാഗമാകുന്നതിനെ ബി.ജെ.പി ജില്ലാ നേതാക്കളിൽ ചിലർ എതിർക്കുന്നതിനു അവരുടേതായ ന്യായങ്ങങ്ങൾ ഉണ്ടാകാം. വിഷയത്തിൽ ബി.ജെ.പിയിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ അവർതന്നെ പരിഹരിക്കണമെന്നും ജാനു പറഞ്ഞു. വയനാട്ടിൽ പാർട്ടി രണ്ടു സീറ്റ് ആവശ്യപ്പെട്ടതായും ജാനു വ്യക്തമാക്കി.
സി.കെ. ജാനുവിന്റെ പാർട്ടിയെ എൻ.ഡി.എയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ചു ബി.ജെ.പി സംസ്ഥാന നേതൃത്വം ജില്ലാ ഘടകവുമായി  ചർച്ച നടത്തിയിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് വിജയ യാത്ര സമാപന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ജാനു വേദി പിങ്കിട്ടതിനു പിന്നാലെയാണ് ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻ.ഡി.എയുടെ ഭാഗമാകുന്ന വിവരം ബി.ജെ.പി ജില്ലാ നേതൃത്വം അറിഞ്ഞത്.


 

Latest News