കായംകുളം- വാഹനാപകടത്തിൽ പരിക്കേറ്റ മാതാപിതാക്കളുടെ പെൺകുഞ്ഞിനെ തോളിലേറ്റിയ ഹോം ഗാർഡിന്റെ വീഡിയോ പങ്കുവെച്ച് കേരള പോലീസ്. വെള്ളിനിലാ നാട്ടിലെ പൗർണമി തൻ വീട്ടിലെ എന്ന് പാട്ടിന്റെ അകമ്പടിയോടെയാണ് പോലീസ് വീഡിയോ പങ്കുവെച്ചത്. കായംകുളം താലൂക്ക് ആശുപത്രിയിലെ ഹോംഗാർഡ് കെ.എസ് സുരേഷാണ് കുട്ടിയെ തോളിലേറ്റി നടക്കുന്നത്.
തിങ്കളാഴ്ച കായംകുളം രാമപുരത്ത് നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ അമ്മയെയും ബന്ധുക്കളെയും അടിയന്തര ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ബന്ധുക്കൾ എത്തുന്നത് വരെ ഏറ്റെടുത്ത് കുഞ്ഞിനെ പരിചരിക്കുകയായിരുന്നു സുരേഷ്. അപകടത്തിൽ തമിഴ്‌നാട് തിരുച്ചിറപ്പള്ളി ചിറക്കൽ വീട്ടിൽ ഡെന്നി വർഗീസിന്റെ മകൾ സൈറ മരിയ ഡെന്നി മരിച്ചിരുന്നു. നിസാര പരിക്കുകളോടെ രക്ഷപ്പെട്ട സൈറയുടെ സഹോദരി ഇസ മരിയ ഡെന്നിയെയാണ് സുരേഷ് പരിചരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ കുഞ്ഞു നിർത്താതെ കരഞ്ഞതോടെയാണ് സുരേഷ് കുട്ടിയെയുമായി പുറത്തെത്തിയത്. പുലർച്ചെ ഒന്നു മുതൽ ആറുവരെയാണ് കുഞ്ഞിനെ സുരേഷ് താലോലിച്ചത്.