തിരുവനന്തപുരം- കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുമുള്ള ഊര്‍ജിത ശ്രമം തുടരുകയാണെന്നും 80 പേരെ രക്ഷിച്ചുവെന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നേവിയുടെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അവര്‍ വാര്‍ത്താ ലേഖകരെ കണ്ടത്. മത്സ്യബന്ധനത്തിനു പോയ 185 പേര്‍ തിരികെ എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. പോലീസ് വഴിയാണ് ഈ കണക്ക് ശേഖരിച്ചതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കാറ്റിന്റെ വേഗത കുറഞ്ഞതിനാല്‍ ഇന്ന് രാവിലെ മുതലാണ് കപ്പലുകള്‍ക്കും ഹെലിക്കോപ്റ്ററുകള്‍ക്കും രക്ഷാ ദൗത്യും ഊര്‍ജിതമാക്കാന്‍ സാധിച്ചത്. ഇന്നലെ ചുഴലിക്കാറ്റ് ശക്തമായതിനാല്‍ കൊച്ചിയില്‍നിന്ന് പുറപ്പെട്ട നേവി കപ്പലുകള്‍ക്ക് തിരുവനന്തപുരം തീരത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല.
ചുഴലിക്കാറ്റിനെ കുറിച്ച് റെഡ് അലര്‍ട്ട് ലഭിച്ചയുടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും കലക്ടര്‍ അവകാശപ്പെട്ടു.