ജിദ്ദ- മൊബൈല്‍ ആപ്പിലൂടെ നേടുന്ന ഉംറ അനുമതി മറ്റൊരാള്‍ ഉപയോഗിക്കുന്നതിനെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇഅ്തമര്‍നാ ആപ്പ് വഴി ലഭിക്കുന്ന ഉംറ അനുമതി യഥാര്‍ഥ ഉപയോക്താവ് മറ്റൊരാള്‍ക്ക് കൈമാറുന്നതിനെതിരെയാണ് മുന്നറിയിപ്പ്.
ഇത് അനുവദനീയമല്ലെന്നും ഇഅ്തമര്‍നയുടേയും തവക്കല്‍നയുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
ഉംറ തീര്‍ത്ഥാടനത്തിന്റെ ബുക്കിംഗിനായി തവക്കല്‍ന ആപ്പ് ഉപയോഗിക്കരുതെന്നും മന്ത്രാലയം അറിയിച്ചു. ഇഅ്തമര്‍ന ആപ്പിലൂടെ മാത്രമേ ഉംറ പെര്‍മിറ്റ് നല്‍കൂ.
മാര്‍ച്ച് അവസാനം വരെ എല്ലാ ദിവസവും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉംറ റിസര്‍വേഷന്‍ ലഭ്യമാണ്. ഉംറ പെര്‍മിറ്റിനായി അപേക്ഷിക്കുന്നതിന് കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമില്ലെന്നും മന്ത്രാലയം അറിയിച്ചു.
അഞ്ചു മാസത്തിനിടെ 27 ലക്ഷത്തിലേറെ പേര്‍ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഒക്‌ടോബര്‍ നാലു മുതല്‍ മാര്‍ച്ച് ആറു വരെയുള്ള ദിവസങ്ങളില്‍ സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ തീര്‍ഥാടകരും അടക്കം ആകെ 27,54,000 പേരാണ് ഉംറ നിര്‍വഹിച്ചത്. ഇക്കാലയളവില്‍ ആകെ 80 ലക്ഷം പേര്‍ വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഇക്കാലയളവില്‍ ഉംറ നിര്‍വഹിക്കാനും നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും ആകെ ഒരു കോടിയിലേറെ പേരാണ് വിശുദ്ധ ഹറമിലെത്തിയതെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു.