- ഉഭയകക്ഷി പരമ്പരകൾ കളിക്കാത്തതിന് നഷ്ടപരിഹാരം വേണം
- ക്രിക്കറ്റിനെ രാഷ്ട്രീയവൽക്കരിക്കുന്നതെന്തിനെന്ന് ബേദി
കറാച്ചി- പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരകളിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നതിനെതിരെ പാക് ക്രിക്കറ്റ് ബോർഡ് നിയമ നടപടിക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്ര പ്രകാരം കളിക്കേണ്ടിയിരുന്ന 2014ലെയും 2015ലെയും പരമ്പരകളിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിനാൽ ബി.സി.സി.ഐയിൽനിന്ന് ഏഴ് കോടി രൂപ നഷ്ടപരിഹാരം കിട്ടണമെന്നാണ് പി.സി.ബിയുടെ ആവശ്യം. പി.സി.ബിയുടെ നോട്ടീസ് ലഭിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. നോട്ടീസ് അടുത്തയാഴ്ച തന്നെ തർക്കപരിഹാര സമിതി അധ്യക്ഷൻ മൈക്കിൾ ബെലോഫിന് അയച്ചുകൊടുക്കുമെന്ന് ഐ.സി.സി വക്താവ് വ്യക്തമാക്കി. നോട്ടീസ് കിട്ടിക്കഴിഞ്ഞാൽ പ്രശ്‌നം പരിഹരിക്കാൻ നിഷ്പക്ഷ മധ്യസ്ഥരെ നിയിക്കുകയാണ് സമിതി ചെയർമാൻ ചെയ്യുക.
ഇതേ ആവശ്യമുന്നയിച്ച് നേരത്തെ ബി.സി.സി.ഐക്ക് പി.സി.ബി നോട്ടീസയച്ചിരുന്നെങ്കിലും അതിന് കടലാസിന്റെ വിലപോലുമില്ലെന്ന് പറഞ്ഞ് ഇന്ത്യൻ ബോർഡ് അധികൃതർ തള്ളിയിരുന്നു. തുടർന്നാണ് ഐ.സി.സിയെ സമീപിക്കാൻ പി.സി.ബി തീരുമാനിച്ചത്.
മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ സൂത്രധാരന്മാർക്ക് പാക്കിസ്ഥാൻ പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചാണ് 2008 മുതൽ ഇന്ത്യ ഉഭയകക്ഷി ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്നത്. 2012നുശേഷം ഐ.സി.സി ടൂർണമെന്റുകളിലല്ലാതെ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യ തയാറായിട്ടില്ല. പാക്കിസ്ഥാനിലെ തുടർച്ചയായ ഭീകരാക്രമണങ്ങളെ തുടർന്ന് ഇതര രാജ്യങ്ങളും അവിടെ കളിക്കാൻ പോകാതായി. ഇതോട നിഷ്പക്ഷ വേദിയായ യു.എ.ഇയിലെ സ്റ്റേഡിയങ്ങളിലാണ് പാക്കിസ്ഥാന്റെ ഹോം മത്സരങ്ങൾ. എന്നാൽ പാക്കിസ്ഥാനുമായുള്ള പരമ്പരകൾ നിഷ്പക്ഷ വേദികളിൽ കളിക്കാനും ഇന്ത്യ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം തേടി പി.സി.ബി നോട്ടീസ് നൽകിയിരിക്കുന്നത്.
അടുത്ത അഞ്ച് വർഷത്തേക്കുള്ള ബി.സി.സി.ഐയുടെ മത്സര ഷെഡ്യൂൾ അന്തിമ ഘട്ടത്തിലെത്തിയിരിക്കെ പാക്കിസ്ഥാനുമായി മത്സരങ്ങൾക്ക് ഇന്ത്യ തയാറാവാനുള്ള സാധ്യതയും വിരളമാണ്. ബി.സി.സി.ഐയുടെ ഷെഡ്യൂറിൽ പാക്കിസ്ഥാനുമായി പരമ്പരകൾക്ക് സമയം നീക്കിവെച്ചിട്ടുണ്ടെങ്കിലും കളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാർ തീരുമാനത്തിന് വിട്ടിരിക്കുകയാണ് ബോർഡ്.
അതിനിടെ പാക്കിസ്ഥാനുമായി കളിക്കാതിരിക്കുംവിധം ക്രിക്കറ്റിനെ രാഷ്ട്രീയവൽക്കരിക്കാൻ പാടില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി അഭിപ്രായപ്പെട്ടു. രാജ്യസ്‌നേഹത്തിന് ഇത്ര സങ്കുചിതമായ അർഥം നൽകരുതെന്നും അദ്ദേഹം പറഞ്ഞു.
എന്തിനാണ് ക്രിക്കറ്റിനെ രാഷ്ട്രീയവൽക്കരിക്കുന്നത്? ക്രിക്കറ്റ് കളിക്കാതിരുന്നതുകൊണ്ട് ഭീകരതയെ തുടച്ചുനീക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ക്രിക്കറ്റ് എന്നത് പരസ്പരം അടുക്കുന്നതിനുള്ള വേദിയാണ്. പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കണമെന്ന് പറഞ്ഞതിന്റെ പേരിൽ ഞാൻ ഇന്ത്യാ വിരുദ്ധനാവുന്നില്ല. ദേശീയതയെ അത്ര മാത്രം സങ്കുചിതമായി കാണരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.സി.സി.ഐയുടെ കടുത്ത വിമർശകനായ ബേദി, ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ എന്നതിലെ കൺട്രോൾ എന്ന വാക്ക് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അത് ഏകാധിപത്യ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നതാണ്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് എന്നോ, ക്രിക്കറ്റ് ഇന്ത്യ എന്നോ ഉള്ള പേരാണ് സ്വീകരിക്കേണ്ടത്. ഇന്ത്യൻ കളിക്കാരുടെ ജഴ്‌സികളിൽ ബി.സി.സി.ഐ ലോഗോക്ക് പകരം ദേശീയ ചിഹ്നമാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.