Sorry, you need to enable JavaScript to visit this website.

പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയം: സി.പി.എമ്മില്‍ കൂട്ടരാജി

എടപ്പാള്‍- നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ സി.പി.എമ്മില്‍ വ്യാപക പ്രതിഷേധം. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചു.
പൊന്നാനി ലോക്കല്‍ കമ്മിറ്റിയിലെ മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടി.കെ. മഷ്ഹൂദ്, ലോക്കല്‍ കമ്മിറ്റിയംഗം എം. നവാസ്, എരമംഗലം ലോക്കല്‍ കമ്മിറ്റിയിലെ നാക്കോല ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവുമായ നവാസ് നാക്കോല, താഴത്തേല്‍പടി ബ്രാഞ്ച് സെക്രട്ടറി അനിരുദ്ധന്‍ കുവ്വക്കാട്ട്, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ പി. അശോകന്‍, ബിജു കോതമുക്ക്, വെളിയങ്കോട് ലോക്കല്‍ കമ്മിറ്റിയിലെ പത്തുമുറി ബ്രാഞ്ച് സെക്രട്ടറി എം.എം. ബാദുഷ, തണ്ണിത്തുറ ബ്രാഞ്ച് സെക്രട്ടറി വി.എം. റാഫി തുടങ്ങിയവര്‍ ഇതിനോടകം നേതൃത്വത്തിന് രാജികൈമാറി. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇതിനുപുറമെ പൊന്നാനി നഗരസഭയിലെ 22 പാര്‍ട്ടി അംഗങ്ങളും പെരുമ്പടപ്പ് ലോക്കല്‍ കമ്മിറ്റിയിലെ 11, മാറഞ്ചേരി ലോക്കല്‍ കമ്മിറ്റിയിലെ നാല് പാര്‍ട്ടി അംഗങ്ങളും രാജിസമര്‍പ്പിച്ചിട്ടുണ്ട്. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി മേഖലയില്‍നിന്നുള്ള പാര്‍ട്ടി ജനപ്രതിനിധികളും രാജിവെക്കുമെന്ന ഭീഷണിയും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച പൊന്നാനിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗം താഹിര്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തിരുന്നു. സി.ഐ.ടി.യു. നേതാവ് പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെയാണ് പൊന്നാനിയില്‍ സി.പി.എം. അണികള്‍ക്കിടയില്‍ വ്യാപകപ്രതിഷേധം. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് സി.പി.എം. അണികളുടെ പൊതുവികാരം.
 

Latest News