ജിദ്ദ- ഇന്ത്യയില്‍നിന്ന് സൗദിയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുകയാണെങ്കിലും നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫാമിലി വിസിറ്റ് വിസ കരസ്ഥമാക്കി. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ അടുത്ത ദിവസം തന്നെ ഇപ്പോള്‍ വിസ ഇഷ്യു ചെയ്തു ലഭിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി തന്നെ ചേംബര്‍ അറ്റസ്‌റ്റേഷനും പൂര്‍ത്തിയാക്കാം.
ദല്‍ഹിയിലെ സൗദി റോയല്‍ എംബസിയില്‍നിന്ന് മാത്രമാണ് വിസ സ്റ്റാമ്പ് ചെയ്യുന്നത്. മുംബൈ കോണ്‍സുലേറ്റില്‍ സ്റ്റാമ്പിംഗ് തുടങ്ങിയിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഇങ്ങനെ പലർക്കും വിസ സ്റ്റാമ്പ് ചെയ്തു ലഭിച്ചിട്ടുണ്ട്. മലയാളികളടക്കം നിരവധി പേര്‍ക്ക് ഫാമലി വിസിറ്റ് വിസ ഇഷ്യൂ ചെയ്തിട്ടുമുണ്ട്.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിസ സ്റ്റാമ്പിംഗ് പുനരാരംഭിച്ചതായി ഈ മാസം ആദ്യം ദല്‍ഹി എംബസിയെ ഉദ്ധരിച്ച് വാര്‍ത്തകളുണ്ടായിരുന്നു. എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിംഗ് സൗദി റോയല്‍ എംബസിയില്‍ നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞയാഴ്ച മാത്രമാണ് ഫാമിലി വിസിറ്റ് വിസകള്‍ കൂടുതലായി ലഭിച്ചു തുടങ്ങിയത്.
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിംഗ് മാത്രമാണ് കഴിഞ്ഞ മാസം ആദ്യംവരെ നടന്നിരുന്നത്.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ വിസ സ്റ്റാമ്പ് ചെയ്തു കിട്ടുന്നവര്‍ ബഹ്‌റൈന്‍, ഒമാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴി വരേണ്ടിവരും.
വിസ ലഭിച്ചവര്‍ യു.എ.ഇയില്‍നിന്ന് സൗദിയിലേക്കുള്ള വിമാന സര്‍വീസെങ്കിലും ആരംഭിക്കുന്നതിനായി കാത്തിരിപ്പാണ്. അതിനിടെ, സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഏതു സമയത്തും പുനരാരംഭിക്കാനിടയുണ്ടെന്ന പ്രതീക്ഷയും ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്നുണ്ട്.
കോവിഡ് കേസുകള്‍ കൂടുതലായി തുടരുന്ന ഇന്ത്യ, യു.എ.ഇ തുടങ്ങിയ ഇരുപതോളം രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കാണ് സൗദിയില്‍ പ്രവേശന വിലക്ക് തുടരുന്നത്. ഇന്ത്യക്കാരാണെങ്കില്‍ ലിസ്റ്റില്‍ പെടാത്ത ഏതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം സൗദിയിലേക്ക് വരുന്നതിന് തടസ്സമില്ല. തൊഴിലാളികള്‍ മാത്രമല്ല, ആശ്രിതരും ധാരാളമായി ഇങ്ങനെ വരുന്നുണ്ട്. ബഹ്‌റൈനിലും ഒമാനിലും ധാരാളം പേര്‍ ഇപ്പോള്‍ കഴിയുന്നുണ്ട്.
വിസാ സ്റ്റാമ്പിംഗ് നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും ഏജന്‍സികള്‍ക്ക് നേരിട്ട് ദല്‍ഹി എംബസിയില്‍ സമര്‍പ്പിക്കാന്‍ കഴിയുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന അതേ ഫീസും സമയക്രമവും അനുസരിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതും. പക്ഷേ സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും അംഗീകൃത കേന്ദ്രത്തില്‍ നിന്ന് സ്‌റ്റെറിലൈസ് ചെയ്തതായിരിക്കണമെന്ന നിബന്ധനയുണ്ട്. അതിനുവേണ്ടിയുള്ള ഫീസ് അധികമായി നല്‍കേണ്ടി വരും. ഒരു പാസ്‌പോര്‍ട്ട് സ്‌റ്റെറിലൈസ് ചെയ്യാന്‍ 505 രൂപയാണ് ഫീസ്. മറ്റ് രേഖകളുടെ കാര്യത്തില്‍ പേജൊന്നിന് 107 രൂപ വീതവും നല്‍കണം.
രണ്ടാഴ്ചക്കുള്ളില്‍ സ്റ്റാമ്പ് ചെയ്തു കിട്ടുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ ഉപയോക്താക്കളെ അറിയിക്കുന്നത്. ഫാമിലി വിസറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് 13,000-15,000 രൂപവരെയാണ് ഏജന്‍സികള്‍ വാങ്ങുന്നത്.
കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് എംബസിയും മുംബൈയിലെ സൗദി കോണ്‍സുലേറ്റും വിസ സ്റ്റാമ്പിംഗ് നടപടികള്‍ നിര്‍ത്തിവെച്ചത്. പിന്നീട് സൗദി ആരോഗ്യ മേഖലയിലേക്കും മറ്റ് സര്‍ക്കാര്‍ തലങ്ങളിലേക്കും മാത്രമായ വിസകളുടെ സ്റ്റാമ്പിംഗ് ഇരു കേന്ദ്രങ്ങളിലും പുനരാരംഭിക്കുകയായിരുന്നു.