കൊച്ചി- രാജ്യത്ത് ചരക്കുസേവന നികുതി(ജി എസ് ടി) പിരിവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 7 ശതമാനം വര്‍ധന രേഖപ്പെടുത്തി. 1.13 ലക്ഷം കോടി രൂപയാണ് പോയ മാസത്തിലെ ജി എസ് ടി കളക്ഷന്‍. കഴിഞ്ഞ അഞ്ച് മാസങ്ങളായി ഇത് തുടര്‍ച്ചയായി ഒരു ലക്ഷം കോടിയായിരുന്നു.
ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ 32,172 കോടിയിലേക്ക് ഇടിഞ്ഞ ജി എസ് ടി കളക്ഷന്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കുകളെ മറികടന്ന് തിരിച്ചുവരവ് നടത്തിയത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നതിന് തെളിവാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
കുത്തനെ ഉയര്‍ന്നു കൊണ്ടിരുന്ന രാജ്യത്തെ കൊറോണ കര്‍വ് സെപ്തംബര്‍ മധ്യത്തോടെ നികന്നതും കോവിഡ് വാക്‌സിന്റെ വരവുമാണ് ഇന്ത്യയുടെ സാമ്പത്തിക നില തിരിച്ചുവരവ് കാണിച്ചു തുടങ്ങിയത്. കടകമ്പോളങ്ങള്‍ തുറക്കുകയും ഫാക്ടറികള്‍ തുറക്കുകയും ചെയ്തതോടെ ചരക്കുനീക്കം പുനരാരംഭിച്ചു. സെപ്തംബറിന് ശേഷം സാമ്പത്തിക രംഗം ഊര്‍ജസ്വലമായതും ഉല്‍പന്നങ്ങളുടെ വില വര്‍ധച്ചതും ജി എസ് ടി കളക്ഷന്‍ ക്രമാനുഗതമായി വര്‍ധിക്കാന്‍ ഇടയാക്കി. രാജ്യത്തെ ഊര്‍ജോപഭോഗം സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഗണ്യമായി ഉയര്‍ന്നു. ഇറക്കുമതിയിലും കഴിഞ്ഞ മൂന്നു മാസമായി വര്‍ധന രേഖപ്പെടുത്തി. കാറുകളുടെ വില്‍പന, നിര്‍മാണം, ഇന്ധന ഉപഭോഗം എന്നിവയിലും വര്‍ധനവുണ്ടായി.